SignIn
Kerala Kaumudi Online
Saturday, 20 April 2024 4.30 AM IST

എല്ലാത്തിലും അടിയന്തരപ്രമേയ നോട്ടീസ് പറ്റില്ലെന്ന് മുഖ്യമന്ത്രി, എങ്കിൽ സഭ നടക്കില്ലെന്ന് പ്രതിപക്ഷനേതാവ് ,​ കക്ഷിനേതാക്കളുടെ യോഗത്തിൽ 40 മിനിറ്റ് ചൂടേറിയ തർക്കം

kk

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷാന്തരീക്ഷം ശമിപ്പിച്ച് സുഗമമാക്കാൻ ഇന്ന് രാവിലെ സ്പീക്കർ എ.എൻ. ഷംസീർ ചേംബറിൽ വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ യോഗത്തിൽ നടന്നത് 40 മിനിട്ട് നീണ്ട വാക്പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ നേർക്കുനേർ തർക്കിച്ചു.

പ്രതിപക്ഷ ആവശ്യങ്ങളോട് സർക്കാർ മുഖം തിരിച്ചതോടെ ചർച്ച ഫലപ്രാപ്തിയിലെത്താതെ അവസാനിച്ചു. ഇന്ന് പ്രതിപക്ഷം നോട്ടീസ് നൽകിയ അടിയന്തരപ്രമേയ നോട്ടീസും അടിയന്തരപ്രാധാന്യമില്ലാത്തതാണെന്ന് സ്പീക്കർ അവസാനം പറഞ്ഞു. നേരത്തേ ഇക്കാര്യമറിയിച്ചത് നന്നായി, നമുക്ക് നമ്മുടെ വഴി നോക്കാമല്ലോ എന്ന് പ്രതിപക്ഷനേതാവ് മറുപടിയും നൽകി. ഇതോടെ ചർച്ചയവസാനിപ്പിച്ച് പ്രതിപക്ഷ കക്ഷിനേതാക്കൾ ചേംബർ വിട്ടിറങ്ങി.

അടിയന്തരപ്രമേയത്തിനുള്ള ചട്ടം 50 പ്രകാരമുള്ള നോട്ടീസ് അനുവദിക്കുക, കഴിഞ്ഞ ദിവസം പ്രതിപക്ഷ എം.എൽ.എമാരെ കൈയേറ്റം ചെയ്തതിന് വാച്ച് ആൻഡ് വാർഡിനും രണ്ട് ഭരണകക്ഷിയംഗങ്ങൾക്കുമെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ പ്രതിപക്ഷമുന്നയിച്ചു. വിഷയം പരിശോധിച്ച് റൂളിംഗ് നൽകാമെന്ന് സ്പീക്കറും ഇതിനകത്ത് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രിയും യോഗത്തിലറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.

യോഗത്തിൽ നടന്നത്:

-സ്പീക്കർ: കഴിഞ്ഞ ദിവസം നടന്നത് പോലുള്ള നിർഭാഗ്യകരമായ സംഭവങ്ങളൊഴിവാക്കി, സഭ സുഗമമായി നടക്കാൻ എല്ലാവരും സഹകരിക്കണം.

-പ്രതിപക്ഷനേതാവ്: പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ചട്ടം 50 പ്രകാരമുള്ള അടിയന്തരപ്രമേയ നോട്ടീസ്, സമൂഹത്തിലെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാനുള്ളതാണ്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ ഈ അവകാശം നിഷേധിക്കപ്പെടരുത്. കഴിഞ്ഞ ദിവസം സമാധാനപരമായി സ്പീക്കറുടെ ഓഫീസിന് മുന്നിൽ സമരം നടത്താനെത്തിയ എം.എൽ.എമാരെയാണ് വാച്ച് ആൻഡ് വാർഡും രണ്ട് ഭരണകക്ഷിയംഗങ്ങളും ആക്രമിച്ചത്. ഇവർക്കെതിരെ നടപടി വേണം.

-മുഖ്യമന്ത്രി: അങ്ങനെ ഏത് വിഷയത്തിലും ചട്ടം 50 പ്രകാരമുള്ള അടിയന്തരപ്രമേയ നോട്ടീസ് പറ്റില്ല. അടിയന്തരപ്രാധാന്യമുണ്ടെന്ന് ബോദ്ധ്യപ്പെടുന്ന വിഷയമേ പറ്റൂ.

-പ്രതിപക്ഷനേതാവ്: പ്രതിപക്ഷം അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിലാണ് നോട്ടീസ് നൽകുന്നത്. അതിന്റെ പ്രാധാന്യം നിങ്ങളുടെ താല്പര്യത്തിനനുസരിച്ചാണോ നിശ്ചയിക്കേണ്ടത്. നിങ്ങൾ പ്രതിപക്ഷത്തായിരുന്ന പത്ത് വർഷക്കാലം താനീ സഭയിലംഗമായിരുന്നിട്ടുണ്ട്. അപ്പോഴെല്ലാം ഉന്നയിച്ച മിക്കവാറും നോട്ടീസുകളെല്ലാം അനുവദിച്ചിട്ടുമുണ്ട്. അടിയന്തരപ്രമേയ നോട്ടീസ് പ്രതിപക്ഷത്തിന്റെ അവകാശമാണ്. അതനുവദിച്ചുകിട്ടാതെ സഭ നടക്കുന്നതിലെന്തർത്ഥം. എങ്കിൽ സഭ നടക്കില്ല.

-സ്പീക്കർ: പഴയ കാര്യങ്ങൾ പറയേണ്ട. പാസ്റ്റ് ഇസ് പാസ്റ്റ്.

-മുഖ്യമന്ത്രി (പ്രതിപക്ഷനേതാവിനോട്): നിങ്ങളെന്തിനാണ് ഇങ്ങനെ വൈകാരികമായും ഹീറ്റഡ് ആയും സംസാരിക്കുന്നത്? (രോഷം)

-പ്രതിപക്ഷനേതാവ്: ഞാനല്ലല്ലോ, മുഖ്യമന്ത്രിയല്ലേ ബാലൻസ് തെറ്റി സംസാരിക്കുന്നത്. മാത്യു കുഴൽനാടൻ സംസാരിക്കുമ്പോൾ മൂന്ന് വട്ടമല്ലേ മുഖ്യമന്ത്രി എഴുന്നേറ്റത്. ഒരു ജൂനിയർ അംഗത്തോട് ഇങ്ങനെ രോഷം പൂണ്ട് മുഖ്യമന്ത്രിയെപ്പോലൊരാൾ സംസാരിക്കേണ്ടിയിരുന്നോ?

-മുഖ്യമന്ത്രി: നിങ്ങൾക്ക് എല്ലാ കാര്യങ്ങളും ഓർമ്മയില്ല അല്ലേ. എന്നോടുള്ള ചോദ്യങ്ങൾക്കാണ് മറുപടി പറഞ്ഞത്.

-പ്രതിപക്ഷനേതാവ്: എനിക്കല്പം ഓർമ്മക്കുറവുണ്ട്. പ്രായമായി വരികയല്ലേ.

എം.എൽ.എമാർ ചോദ്യങ്ങൾ ചോദിക്കും. അതിനെല്ലാം അപ്പപ്പോൾ എഴുന്നേറ്റ് മുഖ്യമന്ത്രിയെപ്പോലൊരാൾ മറുപടി പറയില്ല.

അടിയന്തരപ്രമേയ നോട്ടീസിന് രണ്ട് വട്ടം മറുപടി പറയാൻ മന്ത്രിമാർക്ക് അവസരമില്ലേ.

-മുഖ്യമന്ത്രി: നിങ്ങൾ ഓരോന്ന് പറഞ്ഞ് പറയിപ്പിക്കുന്നതല്ലേ. അതുകൊണ്ടാണല്ലോ ഇങ്ങനെ ഇല്ലാക്കഥകളുണ്ടാക്കി ചോദ്യങ്ങൾ ചോദിക്കുന്നത്.

-പ്രതിപക്ഷനേതാവ്: ഞാൻ പറഞ്ഞിട്ട് തന്നെയാണ് പ്രതിപക്ഷാംഗങ്ങൾ പറയുന്നത്. അല്ലാതെയൊന്നും എം.എൽ.എമാർ പറയില്ല.

-മന്ത്രി കെ. രാധാകൃഷ്ണൻ: കഴിഞ്ഞ ദിവസം നടന്നത് ദൗർഭാഗ്യകരമായിപ്പോയി. ഏഴ് വനിതാ വാച്ച് ആൻഡ് വാർഡുമാർക്ക് പരിക്കേറ്റു.

-പ്രതിപക്ഷനേതാവും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും: വാച്ച് ആൻഡ് വാർഡിന്റെ പരിക്കിനെപ്പറ്റിയൊന്നും പറയേണ്ട.

-മന്ത്രി രാധാകൃഷ്ണൻ: സഭയിൽ നടക്കാൻ പാടില്ലാത്തതാണ് സമാന്തര സഭാസമ്മേളനം ചേർന്ന നടപടി.

-സ്പീക്കർ: അത് തീർത്തും ദൗർഭാഗ്യകരമായിപ്പോയി.

-പ്രതിപക്ഷനേതാവ്: സാധാരണ പ്രതിപക്ഷം പ്രതിഷേധിക്കുമ്പോൾ സഭാനടപടികൾ നിറുത്തിവയ്ക്കും സ്പീക്കർമാർ. ഇവിടെയെന്താണ്, പ്രതിപക്ഷത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്തുകൊണ്ടല്ലേ, പ്രതിഷേധം ഗൗനിക്കാതെ മറ്റ് നടപടികളിലേക്ക് കടന്നത്. അപ്പോൾ പ്രതിപക്ഷം നോക്കിനിൽക്കണോ.

-കുഞ്ഞാലിക്കുട്ടി: അടിയന്തരപ്രമേയ നോട്ടീസ് പ്രതിപക്ഷത്തിന്റെ ചട്ടപ്രകാരമുള്ള അവകാശമാണ്. സബ്‌ജുഡിസ് ആയ വിഷയങ്ങളിലേ നോട്ടീസ് അനുവദിക്കാതിരിക്കാനാവൂ. അതൊക്കെ പ്രതിപക്ഷം അംഗീകരിക്കാറുമുണ്ട്.

-മുഖ്യമന്ത്രി: നിങ്ങൾ രണ്ടു പേരും ഒരുപോലെയല്ലല്ലോ ഇക്കാര്യത്തിൽ സംസാരിക്കുന്നത്.

-കുഞ്ഞാലിക്കുട്ടി: ഒരേ കാര്യം തന്നെയാണ് പറഞ്ഞത്.

-പ്രതിപക്ഷനേതാവ്: ഞങ്ങൾ നിലപാടിലുറച്ചുനിൽക്കുന്നു.

-സ്പീക്കർ: ഇന്നത്തെ അടിയന്തരപ്രമേയ നോട്ടീസിനും പരിഗണിക്കാനാവാത്ത പ്രശ്നമുണ്ട്.

-പ്രതിപക്ഷനേതാവ്: നേരത്തേ പറഞ്ഞത് നന്നായി. നമ്മൾക്ക് നമ്മുടെ വഴി നോക്കാമല്ലോ...

(യോഗം മുറിയുന്നു, പ്രതിപക്ഷം പുറത്തേക്ക്)

(ഇ. ചന്ദ്രശേഖരൻ, മന്ത്രി റോഷി അഗസ്റ്റിൻ, ഗണേശ് കുമാർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ തുടങ്ങിയവരും സംസാരിച്ചു.)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASEEMBLY, NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.