ചുറ്റുപാടും എത്ര ഹെക്ടർ ഭൂമിയുണ്ടെങ്കിലും മൂട്ടിലെ മണ്ണാണ് ഏതൊരു ചെടിക്കും മരത്തിനും മുഖ്യം. മനുഷ്യർക്കാണെങ്കിലും സ്വന്തം കാൽച്ചുവട്ടിലെ മണ്ണ്. കാൽക്കീഴെന്ന് പറഞ്ഞാൽ സ്വന്തം കുടുംബം, സ്വന്തം വീട്, സ്വന്തം നാട് ഇതെല്ലാം കൂടി ചേരുന്നതാണ് - വസുമതി ടീച്ചർ വർഷങ്ങൾക്കുശേഷം പ്രൊമോഷൻ കിട്ടിയ സന്തോഷത്തിൽ തന്നെ കാണാനെത്തിയ ശിഷ്യയായ സുനിതയോട് പറഞ്ഞു.
വളമായാലും വെള്ളമായാലും ചെളിയുടെ മൂട്ടിൽ വേണം. ഒരു വ്യക്തിയുടെ കഴിവുകളെ അംഗീകരിക്കണമെങ്കിൽ പറയേണ്ട സമയത്ത് നല്ല വാക്കുകൾ വിതറണം. മാമരത്തിന് വെള്ളമൊഴിക്കേണ്ട. അതുപോലെ മഴക്കാലത്ത് വെള്ളമൊഴിക്കുന്നതും അനാവശ്യം. സംസാരമദ്ധ്യേ പൊതുപ്രവർത്തകനായ തങ്കപ്പൻ ചേട്ടന്റെ കാര്യവും കടന്നുവന്നു. സ്വന്തം വീട്ടുകാർക്കുപോലും അദ്ദേഹത്തിന്റെ ഗുണങ്ങളറിയില്ല. കുടുംബക്കാർക്കാകട്ടെ വലിയ മതിപ്പുമില്ല. അധികമാരും ചെയ്യാത്ത കാര്യങ്ങളാണ് തങ്കപ്പൻ നിശബ്ദമായി ചെയ്യുന്നതെന്ന് അടുത്ത സുഹൃത്തുക്കൾക്കേ അറിയൂ.
വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി ഉൗരുകളാണ് സേവനരംഗം. നാട്ടുകാരെക്കാൾ കൂടുതൽ ആദിവാസികൾക്ക് ആ മനസറിയാം. റവന്യൂ ഉദ്യോഗസ്ഥരെക്കാൾ ആദിവാസികളുടെ ഭൂമി, അവാന്തര വിഭാഗങ്ങൾ എന്നിവ തങ്കപ്പനറിയാം. നാട്ടുമൂപ്പന്റെ ഉറ്റബന്ധുവെന്നാണ് പലരും കരുതിയിരിക്കുന്നത്. ക്ഷേമപദ്ധതികളിലെ തിരിമറിയോ തട്ടിപ്പോ സഹിക്കില്ല. പല ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ കൊട്ടും പാട്ടും നമസ്തേയുമായി ആദിവാസികൾ തങ്കപ്പനെ വളയും. അവർ നൽകുന്ന അപൂർവ ഭക്ഷണം രുചിയോടെ കഴിക്കും. അമ്പലപ്പുഴ പാൽപായസത്തെക്കാൾ മധുരമാണതിനെന്ന് പറയും. അതെന്താണെന്ന് ചോദിച്ചവർക്ക് അടുത്തതവണ നാട്ടിൽ പോയി വന്നപ്പോൾ അമ്പലപ്പുഴ പാൽപ്പായസം തന്നെ വിളമ്പി തങ്കപ്പൻ. ഒപ്പം കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ട് പിറന്ന കഥയും.
സുനിതയുടെ ജിജ്ഞാസ കണ്ട് വേറിട്ട വ്യക്തിത്വമായ തങ്കപ്പന്റെ നാട്ടിലെ ഒരു സേവനം കൂടി വസുമതി സൂചിപ്പിച്ചു. വെൽഡറായ തങ്കപ്പന്റെ റോൾ. വഴി വീതികൂട്ടുന്നതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം. ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരിൽ ഇരുവർക്കും പിന്നിൽ ആളുകൾ ചേരിയായി. ചത്താലും ഈ ജന്മം വീതികൂട്ടാൻ അനുവദിക്കില്ലെന്ന് ഒരു വീട്ടുകാർ. ഒരു ഓട്ടോറിക്ഷയെങ്കിലും അതുവഴി ഓടിച്ചിട്ടേ താൻ മരിക്കൂ എന്ന് ഒരു ഗൃഹനാഥൻ. അകന്നവരെ കൂട്ടിയിണക്കാൻ സ്നേഹത്തിന്റെ വെൽഡറായി തങ്കപ്പൻ. ഇരു വീട്ടുകാരുമായും സംസാരിച്ചു. എന്തൊക്കെ വ്യവസ്ഥകളെന്ന് അധികമാരോടും പറഞ്ഞതുമില്ല. എന്തായാലും രണ്ടാഴ്ചയ്ക്കുള്ളിൽ വഴിയുടെ വിസ്താരം കൂടി. എത്ര പണം ചെലവായി? എന്തൊക്കെയായിരുന്നു തന്ത്രങ്ങൾ? നാട്ടുകാർക്ക് ആകാംക്ഷയായി. സ്നേഹമുള്ള വാക്കുകൾ അതുമതി ഹൃദയങ്ങളെ ചേർക്കാൻ. അകാരണ ശത്രു തകൾ അലിയിച്ചുകളയാൻ. അന്നു നാട്ടിലെ ചായക്കടയിൽ നിന്ന് ഇലയപ്പവും ചായയും തങ്കപ്പന്റെ കണക്കായി നൽകി.
തങ്കപ്പൻ കഥയുടെ അവസാന സീനെത്തിയപ്പോൾ ഒരു കാര്യം കൂടി വസുമതി ടീച്ചർ ഓർമ്മിപ്പിച്ചു: ചത്താലും വീതികൂട്ടാൻ അനുവദിക്കില്ലെന്ന് വീമ്പിളക്കിയ വീട്ടുകാരനെ 108 ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയത് തൊട്ടടുത്ത ദിവസം അതേ വഴിയേ.
ഒരു വണ്ടിപോലും പോകാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പലരും പ്രാർത്ഥിച്ചുപോകും തങ്കപ്പൻ ചേട്ടന്മാർ അവിടെയും ഉണ്ടായെങ്കിലെന്ന്.
ഫോൺ: 9946108220
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |