ഇരുപത്തിയേഴുവർഷം മുമ്പ് കേരളത്തിൽ ആദ്യമായി വരുമ്പോൾ ഹിരോമി മാരുഹാഷി എന്ന ജപ്പാൻ നർത്തകിക്ക് തണലായി , ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന രംഗകലയായ കൂടിയാട്ടത്തിലെ സൂപ്പർതാരമായി വിശേഷിപ്പിക്കപ്പെട്ട മാർഗി സതിയുണ്ടായിരുന്നു.സതിയുടെ പ്രിയ ശിഷ്യയായി നങ്ങ്യാർകൂത്ത് പരിശീലിച്ച ഹിരോമി പൂതനാമോക്ഷം അവതരിപ്പിച്ച് തിരുവനന്തപുരം ഋഷിമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി.ജപ്പാനിൽ നങ്ങ്യാർകൂത്ത് അവതരിപ്പിക്കുക എളുപ്പമല്ലാത്തതിനാൽ സതി തന്നെയാണ് മോഹിനിയാട്ടം അഭ്യസിക്കാൻ ഹിരോമിയെ ഉപദേശിച്ചത്.കലാമണ്ഡലം ലീലാമ്മയായിരുന്നു ഗുരു.തിരുവനന്തപുരത്ത് സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ വിഖ്യാതമായ വേദിയിലും കേരളത്തിൽ മറ്റു പലയിടങ്ങളിലും പെർഫോം ചെയ്തു.തിരുവനന്തപുരത്തെ സി.വി.എൻ കളരിയിൽ കളരിപ്പയറ്റും പഠിച്ചു.സൂര്യയുടെ വൈസ് പ്രസിഡന്റായിരുന്ന പ്രസന്നകുമാറും കുടുംബവും ഹിരോമിയെ മകളെപ്പോലെ കരുതി. ഇടവേളകളിൽ ജപ്പാനിൽ നിന്ന് കേരളത്തിലെത്തുന്ന ഹിരോമിക്ക് പ്രസന്നകുമാറിന്റെ വീട് സ്വന്തം വീടുപോലെയായി.മാർഗി സതി വിടപറഞ്ഞപ്പോൾ ജപ്പാനിൽ ഹിരോമി അനുസ്മരണം നടത്തി.ഇപ്പോൾ കൊവിഡിനുശേഷം മൂന്നു വർഷത്തെ ഇടവേള പിന്നിട്ട് ഹിരോമി വീണ്ടുെമെത്തിയപ്പോൾ കലാമണ്ഡലം ലീലാമ്മയും പ്രസന്നകുമാറും വിടപറഞ്ഞിരുന്നു.ആ ഓർമ്മകളാണ് ഹിരോമിയെ ഇവിടേക്ക് നയിച്ചത്.ടോക്കിയോയിൽ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്ത് സ്വരൂപിക്കുന്ന തുകയിൽ ഒരു പങ്ക് ബാക്കിവച്ചാണ് ഹിരോമി കേരളത്തിലേക്ക് വിമാനം കയറുന്നത്.വീണ്ടും വീണ്ടും എന്തിനാണ് ഇവിടേക്ക് വരുന്നതെന്നു ചോദിച്ചാൽ കേരളം തന്റെ രണ്ടാമത്തെ വീടാണെന്നും ,സ്വയം ചാർജ്ജുചെയ്യാൻ വേണ്ടിവന്നതാണെന്നും അവർ പറയും.പ്രസന്നൻ പോയെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബം ഹിരോമിയെ അതേ ഊഷ്മളതയോടെ സ്വീകരിച്ചു.ലീലാമ്മയുടെ മകളും നർത്തകിയുമായ കൃഷ്ണപ്രിയയെയും,സതിയുടെ മകൾ രേവതിയെയും കണ്ട് മാർച്ച് ഇരുപത്തിയൊന്നിനു ഹിരോമി ജപ്പാനിലേക്കു മടങ്ങും.ഇവിടെ കലാപരിപാടികൾ ലഭിച്ചാൽ വീണ്ടും വരുമെന്നാണ് ഹിരോമി പറയുന്നത്.
ജപ്പാൻ ടോക്കിയോ സ്വദേശിയായ ഹിരോമി മലയാളം സംസാരിക്കുന്നത് കേട്ടാൽ ആരുമൊന്ന് അതിശയിച്ച് നിന്നുപോകും. എണ്ണിപ്പെറുക്കി മലയാളം പറയുന്ന മലയാളികളുള്ള നമ്മുടെ കേരളത്തിൽ വന്ന് പച്ചമലയാളം സംസാരിക്കുന്ന പ്രശസ്ത ജപ്പാൻ നർത്തകി ഹിരോമി മാരുഹാഷി കേരളത്തെയും അതിലുപരി മലയാള ഭാഷയെയും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ട് വർഷങ്ങളേറെയായി.
'കേരളം എന്റെ മറ്റൊരു വീട് തന്നെയാണ്. എന്റെ മനസിനെ എനിക്ക് ശാന്തമാക്കാൻ ഇവിടെ വന്നേ പറ്റൂ. ജപ്പാനിൽ കഴിഞ്ഞ മൂന്നു വർഷമായി നൃത്തം പഠിപ്പിക്കുന്നു. കൊറോണക്കാലത്ത് ഒന്നരവർഷം ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നെ ഓൺലൈനായി ക്ലാസ് എടുത്തിരുന്നു."--ഹിരോമി സംസാരിക്കുകയായിരുന്നു.
എന്നും വേദികളിൽ പെർഫോം ചെയ്യുന്നതാണ് എനിക്കും താത്പര്യം. എന്നാൽ പെർഫോമൻസിന്റെ കാര്യത്തിൽ ഞാനിന്ന് ചെറിയ ശൂന്യതയിൽ നിൽക്കുകയാണ്. ആ ഒരു നിശ്ചലാവസ്ഥ മാറ്റുവാൻ വേണ്ടിയാണ് ഞാൻ സത്യത്തിൽ കേരളത്തിലേക്ക് വന്നത്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് വേണ്ട എനർജി ഇവിടെ നിന്നും കിട്ടുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കേരളത്തിലെ സംസ്കാരം, ജീവിതരീതി, ഇവിടുത്തെ ആളുകളെല്ലാം തന്നെയും എന്നെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
മാർഗി സതി,
കലാമണ്ഡലം ലീലാമ്മ,
പ്രസന്നൻ
എനിക്കു വളരെ പ്രിയപ്പെട്ട മൂന്ന് പേരായിരു
ന്നു ഇവർ.ഇവരുടെ വേർപാട് സഹിക്കാൻ കഴിയാത്ത ഒന്നാണ്. പ്രസന്നകുമാർ സാർ ഒരു അച്ഛനെ പോലെയായിരുന്നു. കേരളത്തിലെത്തിയാൽ എല്ലാ സഹായവും ചെയ്ത് തന്നിരുന്നു. അദ്ദേഹം ഇല്ലാത്തതിന്റെ വിടവ് ശരിക്കും ഞാൻ അറിയുന്നുണ്ട്. കൊവിഡ് സമയത്തായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. ആ സമയത്ത് ഇവിടേക്ക് വരാനിരിക്കുകയായിരുന്നു. പക്ഷെ ഇന്ത്യൻ എംബസി വിസ ക്യാൻസൽ ചെയ്യുകയായിരുന്നു കോവിഡ് മൂലം. അല്ലായിരുന്നേൽ ഇവിടെ ഉണ്ടാകുമായിരുന്നു. മാർഗി സതി ചേച്ചിയെ പോലെയായിരുന്നു . സതി ചേച്ചി എന്നാണ് വിളിച്ചിരുന്നത്. നങ്ങ്യാർക്കൂത്ത് പഠിപ്പിച്ചത് സതി ചേച്ചിയാണ്. കേരളവുമായി അടുത്ത് നിൽക്കുന്നതിന്റെ ഒരു വലിയ ഘടകമാണ് അത്. സതി ചേച്ചി വളരെ സ്നേഹമുള്ള ഒരു വ്യക്തിയായിരുന്നു. ചേച്ചിയെ പോലെ എന്നെ സ്നേഹിച്ച മറ്റൊരാളില്ല. ഒരുപക്ഷേ എന്റെ ചേച്ചിയേക്കാൾ കൂടുതൽ എന്നെ സതിച്ചേച്ചി സ്നേഹിച്ചിരുന്നു ഒരു മകളെപ്പോലെ. സതി ചേച്ചിയാണ് മോഹിനിയാട്ടം പഠിക്കാൻ പറഞ്ഞതും, കലാമണ്ഡലം ലീലാമ്മ ടീച്ചറിൽ നിന്നും മോഹിനിയാട്ടം പഠിച്ചതും. ആ സമയത്ത് ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ജപ്പാനിൽ മിഴാവില്ല. അതിനാൽ നങ്ങ്യാർക്കൂത്ത് അവിടെ ചെയ്യാൻ കഴിയില്ല.
മോഹിനിയാട്ടം പഠിക്കാൻ
ജപ്പാൻകാരും
ജപ്പാനിൽ മോഹിനിയാട്ടം പഠിക്കാൻ ജപ്പാൻകാരുമുണ്ട്. എന്നാൽ അർപ്പണബോധത്തോടെ പഠിക്കുന്നവർ വളരെക്കുറവാണ്. മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനായി കേരളത്തിലെ ഭാഷയും, സംസ്കാരവും അറിയേണ്ടതുണ്ട്. അല്ലാത്തപക്ഷം നല്ല ബുദ്ധിമുട്ടായിരിക്കും. ചില കുട്ടികൾ വളരെ താത്പര്യത്തോടെ പഠിക്കണമെന്ന് പറഞ്ഞ് വരാറുണ്ട്. പക്ഷെ ഭാഷ അറിയാത്തതിനാൽ കുറച്ച് ബുദ്ധിമുട്ടാണ്, അവർക്ക് പഠിക്കാനും എനിക്ക് പഠിപ്പിക്കാനും. ജപ്പാനിൽ മലയാളി അസോസിയേഷനുകളും ധാരാളം നൃത്താദ്ധ്യാപകരുമുണ്ട്. അതിനാൽ കുട്ടികൾക്ക് ഇഷ്ടംപോലെ നൃത്തം പഠിക്കാം. മലയാളി സംഘടനകളുടെ പരിപാടികളിൽ ഞാൻ പങ്കെടുക്കാറുണ്ട്. കേരളീയം അവാർഡ് എനിക്കവർ നൽകിയിരുന്നു. വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്.
വ്യത്യസ്ത ആശയങ്ങളിലൂടെ
നൃത്താവതരണം
ജപ്പാനിലെ ഐതിഹ്യങ്ങൾ മോഹിനിയാട്ടത്തിൽ ഉൾപ്പെടുത്തി ഈയിടെ പെർഫോം ചെയ്തിരുന്നു. ബുദ്ധന്റെ കഥ മോഹിനിയാട്ടമാക്കിയിരുന്നു. അതിനെല്ലാം പ്രേക്ഷകരും ഉണ്ടായിരുന്നതിനാൽ വളരെ സന്തോഷം തോന്നി. മോഹിനിയാട്ടത്തിൽ പുതിയ ആശയങ്ങൾ ഉൾപ്പെടുത്തി പരിപാടികൾ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. സിത്താര ബാലകൃഷ്ണന്റെ നൃത്തം വളരെ ഇഷ്ടമാണ്. വ്യത്യസ്തത തോന്നിയിട്ടുണ്ട്. ഭാവിയിൽ അവരോടൊപ്പം പരിപാടി അവതരിപ്പിക്കണമെന്നുണ്ട്.
പുതിയ തലമുറയെ
വാർത്തെടുക്കണം
നല്ല പരിപാടികൾ ചെയ്യണം. പുതിയ തലമുറകളെ വാർത്തെടുക്കണം. ഈ മേഖലയിലേക്ക് മറ്റൊരു തലമുറ വരേണ്ടതുണ്ട്. അവർക്ക് പരിശീലനം നൽകേണ്ടതുണ്ട്. ഇപ്പോഴത്തെ തലമുറകൾ ഒന്നിനും വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്നില്ല. എല്ലാവരും വിചാരിക്കുന്നത് ഞാൻ ഇവിടെ വന്ന് പഠിച്ച് പെർഫോം ചെയ്ത് കുറേ പൈസ സമ്പാദിക്കുന്നുണ്ടെന്നാണ്. മലയാളികളും വിചാരിക്കും. പക്ഷെ ഞാൻ പൈസ ചെലവാക്കിയാണ് ഇവിടെ വരുന്നതും താമസിക്കുന്നതുമെല്ലാം. അതാരും അറിയുന്നില്ല. എന്റെ സന്തോഷമാണത്. പുതിയ തലമുറ കൂടുതൽ പൈസ എവിടെ കിട്ടുന്നുണ്ടോ എന്ന് മാത്രമാണ് നോക്കുന്നത്. അവർ ആ തൊഴിൽ അന്വേഷിച്ച് പോകുന്നു. അതിനാൽ തന്നെ പുതിയ തലമുറ ഈ ഒരു മേഖലയിലേക്ക് കടന്നു വരുമോ എന്ന സംശയമുണ്ട്. കേരളത്തിൽ പക്ഷേ ആഗ്രഹത്തോടെ നൃത്തം പഠിക്കുന്നവരുമുണ്ട്. ലീലാമ്മ ടീച്ചറുടെ മകൾ കലാമണ്ഡലം കൃഷ്ണപ്രിയ ഇപ്പോൾ നന്നായി നൃത്തം ചെയ്യുന്നുണ്ട്. മാർഗി സതിയുടെ മകളും ഇപ്പോൾ നന്നായി ചെയ്യുന്നുണ്ട്.
കേരളത്തിലെ
ഭക്ഷണം
കേരളത്തിൽ കപ്പയും മീൻകറിയുമാണ് ഇഷ്ടമുള്ള ഭക്ഷണം. ഇവിടെ വന്നാൽ എപ്പോഴും കഴിക്കും. പിന്നെ ഇടിയപ്പവും വളരെ ഇഷ്ടമാണ്. ഇവിടുത്തെ ഭക്ഷണം ഞാൻ ജപ്പാനിൽ പാചകം ചെയ്യാറുണ്ട്. ഇവിടെ വന്നാൽ ഓരോ ഭക്ഷണക്കൂട്ടുകൾ കൊണ്ടാണ് ഞാൻ പോകുന്നത്. അവിടെ പോയി പരീക്ഷിക്കാൻ. ജപ്പാനിൽ ചോറും കറികളും പാകം ചെയ്യാറുണ്ട്. പ്രോഗ്രാം സമയത്ത് അവിടെയുള്ള എല്ലാവർക്കും ഞാൻ തന്നെ ഉച്ചഭക്ഷണം ഉണ്ടാക്കി നൽകാറുണ്ട്. അതൊരു സന്തോഷമാണ്.
കുടുംബം
വീട്ടിലെല്ലാവരും സുഖമായിരിക്കുന്നു. ഭർത്താവ് പൂർണ പിന്തുണയോടെ കൂടെയുണ്ട്. പിന്നെയുള്ള വിഷമം അച്ഛൻ മാരുഹാഷി കാൻസർ രോഗി ആണ്. 89 വയസുണ്ട്. അച്ഛന്റെ ഓപ്പറേഷൻ സംബന്ധിച്ച് ചെറിയ വിഷമഘട്ടത്തിലാണിപ്പോൾ. ചേച്ചിയും കുടുംബവും ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |