പുസ്തകമെടുത്ത് വെറുതേ വായിച്ചു തീർക്കുകയല്ല വേണ്ടത്.അതിലെ മനസിൽ തട്ടുന്ന ഭാഗങ്ങൾ ,നല്ല പദപ്രയോഗങ്ങൾ എന്നിവ ഇരുന്നൂറ് പേജിന്റെ ഒരു നോട്ട് ബുക്ക് വാങ്ങി പകർത്തിയെഴുതിവയ്ക്കണം.ആ പുസ്തകം നമ്മളെ എങ്ങനെ സ്വാധീനിച്ചു എന്നൊരു ലഘു കുറിപ്പും കൂടി എഴുതാൻ കഴിഞ്ഞാൽ വളരെ നല്ലത്.'-സ്കൂളിൽ പഠിക്കുമ്പോൾ ലഭിച്ച നല്ല ഉപദേശങ്ങളിലൊന്നായിരുന്നു അത് .ആ നിർദ്ദേശം തന്നയാൾ ഒരു സാധാരണ മനുഷ്യനായിരുന്നു.കൊല്ലത്തെ പ്രമുഖ സാംസ് കാരിക സ്ഥാപനമായ കടപ്പാക്കട സ്പോർട്സ് ക്ളബ്ബ് ആൻഡ് റീഡിംഗ് റൂമിന്റെ ഭാരവാഹികളിലൊരാൾ.പേര് വി.ഹരിദാസൻ.വില്ലേജ് ഓഫീസിലെ ജീവനക്കാരനും സി.പി.ഐ പ്രവർത്തകനുമായിരുന്നെങ്കിലും സായാഹ്നങ്ങളിലും അവധി ദിവസങ്ങളിലും ഹരിദാസൻ ക്ളബ്ബിലുണ്ടാകും.ആ സ്ഥാപനം അദ്ദേഹത്തിന്റെ വീടാണോ എന്ന് ചെറുപ്രായത്തിൽ എനിക്കു തോന്നിയിട്ടുണ്ട്. വളരെ മിതവാദിയായിരുന്നു.എന്നാൽ അത്യാവശ്യഘട്ടത്തിൽ പോരാളിയുടെ ഭാവം പ്രകടിപ്പിക്കാൻ മടിച്ചിരുന്നുമില്ല.സുകുമാർ അഴീക്കോടിനെ പ്രസംഗവേദിയിൽ തടയുമെന്ന് ഒരു സംഘടന പ്രഖ്യാപിച്ച ഘട്ടത്തിൽ കടപ്പാക്കട സ്പോർട്സ് ക്ളബ്ബിൽ ആദ്യം വേദിയൊരുക്കാൻ മുന്നിട്ടിറങ്ങിയവരുടെ മുൻനിരയിലായിരുന്നു ഹരിദാസന്റെ സ്ഥാനം.
ഒരു സാംസ്കാരിക സ്ഥാപനം ഏതൊക്കെ രീതിയിൽ പ്രവർത്തിക്കണം എന്ന് നല്ല ബോദ്ധ്യമുള്ളയാളായിരുന്നു ഹരിദാസൻ.പാർട്ടി പ്രവർത്തനവും ഓഫീസ് ജോലിയുമൊക്കെ ചെയ്യുമ്പോഴും അദ്ദേഹത്തിന്റെ മനസ് വ്യാപരിച്ചിരുന്നത് കടപ്പാക്കട സ്പോർട്സ് ക്ളബ്ബിന്റെ സജീവതയിലായിരുന്നു.ക്ളബ്ബിന്റെ സെക്രട്ടറിയായിരുന്നു.എപ്പോഴും ഏതെങ്കിലും ഒരു പുസ്തകം കൈയിൽക്കാണും.നേരിൽക്കാണുമ്പോൾ അതേക്കുറിച്ചായിരിക്കും സംസാരം.നമ്മൾ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ ചൂണ്ടിക്കാട്ടുകയും ലൈബ്രേറിയനെക്കൊണ്ട് അത് പ്രത്യേകം എടുത്തു തരികയും ചെയ്തിരുന്നു. എട്ടു പതിറ്റാണ്ടു പിന്നിടുന്ന കടപ്പാക്കട സ്പോർട്സ് ക്ളബ്ബിന്റെ വളർച്ചയിൽ സ്വന്തം ജീവിതം സമർപ്പിച്ച വ്യക്തികളിലൊരാളായിരുന്നു ഹരിദാസൻ .ഞാൻ പത്രപ്രവർത്തകനായശേഷം വല്ലപ്പോഴുംകാണുമ്പോൾ ഒക്കെ അദ്ദേഹം പറയും ,വായന നിറുത്തരുതെന്ന്.അദ്ദേഹം സെക്രട്ടറിയായിരിക്കുമ്പോൾ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കാനുള്ള അവസരം വന്നുചേർന്നു.വാസ്തവത്തിൽ അന്ന് പരസ്പരം ചർച്ച ചെയ്ത പുസ്തകങ്ങൾ ഇന്നും മറന്നിട്ടില്ല.വിപുലമായ സൗഹൃദവലയം ഉള്ളയാളായിരുന്നു. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുമ്പോഴും ജീവിതം ഒരുപരിധിവരെ നിസംഗതയോടെ നോക്കിക്കാണാവുന്ന ഒന്നാണെന്ന് ഹരിദാസന്റെ പ്രവൃത്തികൾ ഓർമ്മിപ്പിച്ചിരുന്നു.ആരോടും കലഹിക്കുകയോ, ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്യുന്നത് കണ്ടിട്ടില്ല.
ജീവിതത്തിൽ നമ്മൾ അറിയാതെ തന്നെ ചിലർ നമ്മളെ സ്വാധീനിക്കും.അവർ ഉപദേശിക്കുകയൊന്നുമില്ല.ഈ വഴി പോകൂയെന്ന് ചൂണ്ടിക്കാട്ടുകയാവും ചിലപ്പോൾ ചെയ്യുക.പക്ഷേ അത് വലിയ ചലനങ്ങളാകും നമ്മളിൽ സൃഷ്ടിക്കുക.കൊല്ലം നഗരത്തിൽ ഒരു ദീപസ്തംഭം പോലെ നിൽക്കുന്ന സ്ഥാപനമാണ് കടപ്പാക്കട സ്പോർട്സ് ക്ളബ്ബ് ആൻഡ് റീഡിംഗ് റൂം.അത് പടുത്തുയർത്തിയ മഹാരഥന്മാരുടെ പട്ടികയിൽ ഇനി ഈ പേരുകൂടി നിസംശയം ചേർക്കാം.എഴുപത്തിയൊമ്പതാം വയസിൽ വാർദ്ധക്യസഹജമായ അസുഖത്താലാണ് ഹരിദാസൻ കഴിഞ്ഞ ദിവസം വിടപറഞ്ഞത്.നിശബ്ദമായി സേവനം നടത്താൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയായിരുന്നു എന്നും പുസ്തകങ്ങളെ പ്രണയിച്ച ഹരിദാസൻ .പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |