ജലന്ധർ: ഖാലിസ്താൻ അനുകൂലിയും വാരീസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിംഗ് അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ശേഷമാണ് പഞ്ചാബ് പൊലീസ് ജലന്ധറിന് സമീപത്തെ നാകോദാറിൽ നിന്ന് അമൃത്പാലിനെ പിടികൂടിയത്. അമൃത്പാലിനെ പിടികൂടാൻ വൻ സന്നാഹങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്. എട്ട് ജില്ലകളിലെ പൊലീസ് സംഘമാണ് ''ഓപ്പറേഷൻ അമൃത്പാൽ സിംഗിൽ പങ്കെടുത്തത്.
സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനങ്ങൾ നാളെ ഉച്ച വരെ നിർത്തിവച്ചു. വ്യാജപ്രചരണം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ക്രമസമാധാനപാലനത്തിനായി പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് നടപടികളിൽ ഇടപെടരുതെന്നും ജനങ്ങളോട് നിർദ്ദേശിച്ചു.
ശനിയാഴ്ചയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾക്ക് പഞ്ചാബ് പൊലീസ് തുടക്കം കുറിച്ചത്. നേരത്തെ അമൃത്പാലിന്റെ ആറ് അനുയായികളെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെ തുടർന്ന് പഞ്ചാബിലെ മോഗ ജില്ലയിൽ സുരക്ഷ കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അമൃത്പാലിന്റെ ജുല്ലുപൂർ ഖേര ഗ്രാമത്തിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.
അമൃത്പാൽ സിംഗിന്റെ അനുയായി ലവ് പ്രീത് സിങ്ങിന്റെ അറസ്റ്റിനെ തുടർന്ന് പഞ്ചാബിൽ വൻ സംഘർഷമുണ്ടായിരുന്നു. അമൃത്പാലിന്റെ അനുയായികൾ അജ്‌നാല പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം പഞ്ചാബ് സർക്കാറിനേയും കേന്ദ്രസർക്കാറിനേയും വെല്ലുവിളിച്ച് നിരവധി തവണ അമൃത്പാൽ സിംഗ് രംഗത്തെത്തുകയും ചെയ‌്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |