ന്യൂഡൽഹി: ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടയിൽ ഇന്ത്യയ്‌ക്ക് സംഭവിച്ച ഒരു തിരിച്ചടിയായിരുന്നു മുൻനിര ബാറ്റർ ശ്രേയസ് അയ്യരുടെ പരിക്ക്. കടുത്ത നടുവേദനയെ തുടർന്ന് നാലാംദിനം ജഡേജയ്‌ക്ക് ശേഷം ബാറ്റ് ചെയ്യേണ്ട അയ്യർ കളിച്ചതേയില്ല. പരിക്ക് ഭേദമാകാൻ അൽപം സമയമെടുക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഉടൻ ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിൽ ശ്രേയസിന് പകരക്കാരനായി സഞ്ജു ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധക വൃന്ദം.
എന്നാൽ പിന്നാലെ തന്നെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ബിസിസിഐയുടെ തീരുമാനം വന്നു. ശ്രേയസിന് ഒരു മാസമെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് വിവരമെങ്കിലും ടീമിൽ മാറ്റമില്ലാതെ തന്നെ കങ്കാരുപ്പടയെ നേരിടാനാണ് ശിവ് സുന്ദർ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. എന്നാൽ ടീമിലേയ്ക്ക് പകരക്കാരനായി സഞ്ജുവിനെ മനഃപൂർവ്വം പരിഗണിക്കാത്തതല്ല എന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം.
സഞ്ജു പരിക്കിൽ നിന്നും പൂർണമായും മുക്തനാകാത്തതാണ് ടീമിൽ ഇടം പിടിക്കാതെ പോയതിന് പിന്നിലെന്നാണ് ബിസിസിഐയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ടീമിലെ പല പ്രമുഖ താരങ്ങളും സമീപകാലത്ത് പരിക്കിന്റെ പിടിയിലായത് ബിസിസിഐയ്ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ബുമ്രയ്ക്ക് പരിക്ക് ഭേദമാകാതെ വന്നതോടെ ശസ്ത്രക്രിയയ്ക്ക് വിധേയനായത് ബിസിസിഐയെ ആശങ്കപ്പെടുത്തുന്നു. പരിക്ക് മാറി കായിക ക്ഷമത വീണ്ടെടുക്കാനായി സഞ്ജു ഇപ്പോഴും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ്. സഞ്ജുവിന്റെ കാൽമുട്ടിനേറ്റ പരിക്ക് പൂർണമായി മാറിയ ശേഷം വീണ്ടും കളിപ്പിച്ചാൽ മതിയെന്നാണ് ബിസിസിഐയുടെ നിലപാട്. കൂടാതെ ഓസീസിനെതിരായ രണ്ടാം ഏകദിനത്തിന്റെ സമയത്ത് സഞ്ജുവിന്റെ പരിക്ക് പൂർണമായി മാറുവാനുള്ള സാദ്ധ്യത കുറവാണെന്ന വിവരവും ബിസിസിഐ വൃത്തങ്ങൾ പങ്കുവെച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |