ന്യൂഡൽഹി: ലിവിംഗ് ടുഗദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി നിയമങ്ങൾ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജിയെ 'ഹേർബ്രെയിന്‌ഡ് ഐഡിയ' (വിഡ്ഢിത്തം) എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹർജി തള്ളിയത്.
രാജ്യത്തെ എല്ലാ ലിവിംഗ് ടുഗദർ ബന്ധങ്ങളും നിർബന്ധിതമായും രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഇത്തരത്തിൽ ഒരുമിച്ച് കഴിയുന്ന ദമ്പതികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ലിവിംഗ് ടുഗദർ പങ്കാളികൾ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായാണ് രജിസ്ട്രേഷൻ ആവശ്യപ്പെട്ടതെന്ന് ഹർജിക്കാരൻ പറയുന്നു. ലിവിംഗ് ടുഗദർ ബന്ധങ്ങൾ കേന്ദ്രം രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്.
എന്താണിത്? ഇവിടെ എന്തിനും ഏതിനും ആളുകൾ എത്തുകയാണ്. ഇത്തരം കേസുകളിൽ ഇനി ചെലവ് ചുമത്തുന്നതായിരിക്കും. ആരുമായിട്ടാണ് രജിസ്റ്റർ ചെയ്യേണ്ടത്? കേന്ദ്ര സർക്കാരുമായോ? ലിവിംഗ് ടുഗദറിലായിരിക്കുന്ന ആളുകളുമായി കേന്ദ്ര സർക്കാരിന് എന്താണ് ബന്ധം? ഇത്തരം ആളുകളുടെ സുരക്ഷയാണോ ഉറപ്പാക്കുന്നത് അതോ ലിവിംഗ് ടുഗദർ അനുവദിക്കാതിരിക്കുകയാണോ? ദയവായി ഇത്തരം ഹർജികൾക്ക് ചെലവ് ചുമത്തണം. ഇത് തികച്ചും ഹേർബ്രെയിന്‌ഡ് ആണ്. ആവശ്യം തള്ളിയിരിക്കുന്നു- ചീഫ് ജസ്റ്റിസ് വിമർശിച്ചു.
രാജ്യത്ത് ലിവിംഗ് ടുഗദർ പങ്കാളികൾ കൊല്ലപ്പെടുന്നതായുള്ള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. പങ്കാളിയായ ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ പലയിടത്തായി ഉപേക്ഷിച്ച കേസിൽ അഫ്‌താബ് പൂനാവാല കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ അറസ്റ്റിലായിരുന്നു. ലിവിംഗ് ടുഗദർ പങ്കാളിയെ കൊലപ്പെടുത്തി കട്ടിലിനിടയിൽ ഒളിപ്പിച്ച കാമുകൻ മുംബയിൽ അറസ്റ്റിലായി. മുപ്പത്തിയേഴുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹാർദിക് ഷായാണ് മുംബയിൽ അറസ്റ്റിലായത്. നഴ്‌സായ മേഘയാണ് കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിലായിരുന്നു ലിവിംഗ് ടുഗദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |