SignIn
Kerala Kaumudi Online
Thursday, 25 April 2024 12.45 PM IST

ക്യാൻസർ വാർഡിലെ കവയിത്രി

nalinakshi-amma

തിരുവനന്തപുരം: 'മരുന്നും മന്ത്രവുമായി കഴിഞ്ഞ നാളുകളിൽ പ്രതീക്ഷയും മനോധൈര്യവും നൽകിയത് കവിതയെഴുത്താണ്.' പറയുന്നത് ബാലരാമപുരം സ്വദേശി എ.നളിനാക്ഷിയമ്മ(79). അൻപത്തിനാലം വയസിൽ ക്യാൻസർ ബാധിച്ച് മരണം മുഖാമുഖം കണ്ട നളിനാക്ഷിയമ്മ പൂർണമായി രോഗമുക്തയായപ്പോൾ എഴുതിത്തീർന്നത് എൺപതിലേറെ കവിതകൾ. ഭർത്താവ് മണികണ്ഠൻ നായരുടെ മരണത്താൽ ഒറ്റപ്പെട്ട് കഴിയുന്ന നാളുകളിലാണ് ഇടയ്ക്കിടയ്ക്ക് വയറുവേദനയും ബ്ലീഡിംഗും വന്നത്. ആദ്യമൊക്കെ അവഗണിച്ചു. മൂത്ത മകൾ സുഷമ്മയുടെ പ്രസവത്തിന് സ്വകാര്യ ആശുപത്രിയിൽ പോയപ്പോൾ വെറുതേ പരിശോധിച്ചു. പ്രശ്നം നിസാരമല്ലെന്ന് കണ്ട് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം ആർ.സി.സിയിലേയ്ക്ക് റെഫർ ചെയ്തു. യൂട്ടറസ് ക്യാൻസിന്റെ രണ്ടാം സ്റ്റേജാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മാനസികമായി തളർന്നു. ജീവിതം തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ആർ.സി.സിയിൽ പ്രവേശിപ്പിച്ച് റേഡിയഷൻ ചെയ്ത് തുടങ്ങി. ശരീരം നുറുങ്ങുന്ന വേദന. ഇനി ആശുപത്രിയലേയ്ക്ക് പോകില്ലെന്ന് ശഠിച്ചു. വെള്ളമിറക്കാൻ പോലും കഷ്ടപ്പെട്ട വേളയിൽ ദൈവത്തിനെ വിളിച്ച് കരഞ്ഞു. പെട്ടെന്ന് ആ കരച്ചിൽ ഒരു കവിതയാക്കാൻ തോന്നി.

' ആമയം കൊണ്ട് ഞാൻ നീറുന്ന നേരത്ത്

ആതിര ദീപമായി ഹൃത്തിൽ തെളിയണേ'

കുത്തിക്കുറിച്ച ആദ്യ കവിത പലവുരു മനസിൽ ഉരുവിട്ടപ്പോൾ വേദന മറക്കും പോലെ തോന്നി. പിന്നെ അതൊരു ശീലമായി. മനസിലെ വേദനകൾ ചെറിയ കടലാസുകളിൽ കുറിച്ചിടും. ഡോക്ടർമാരും പിന്തുണച്ചു. ക്യാൻസർ വാർഡിൽ കണ്ട മനുഷ്യർ, വീട്ടിലെത്തിയ മയിൽ തുടങ്ങിയവ കവിതയ്ക്ക് വിഷയമായി. സങ്കീർത്തനങ്ങൾ എഴുതാനാണ് ഏറ്റവും ഇഷ്ടം. ആകാശവാണിയിൽ അയച്ചുകൊടുത്ത മാതൃവിലാപം എന്ന കവിതയ്ക്ക് ലഭിച്ച 650 രൂപയുടെ പാരിതോഷികം ഇന്നും നിധി പോലെ സൂക്ഷിച്ച് വച്ചിട്ടുണ്ട്. മക്കൾ സുഷമ്മ, സ്മിത, രാജേഷ് .

ചെറുമകൻ നിതീഷ് പ്രേമിനൊപ്പമാണ് താമസം.

കുഞ്ഞുനാളിലെ ദുശീലം

ബാലരാമപുരം നെല്ലിമൂട് സ്കൂളിൽ പഠിക്കവെ കുഞ്ഞു നളിനി കവിതകൾ എഴുതുമായിരുന്നു. പക്ഷെ പൊട്ടക്കവിതയാണെന്ന് കരുതി

ആരോടും പറയാതെ ആരെയും കാണിക്കാതെ കീറിക്കളഞ്ഞു. വർഷങ്ങൾക്കിപ്പുറം ഓർക്കുമ്പോൾ അതൊരു ദുശീലമായാണ് നളിനാക്ഷിയമ്മയ്ക്ക് തോന്നുന്നത്. പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു. കവിതകൾ അന്ന് മാസികകളിലൊന്നും അച്ചടിച്ച് വരാത്തതിൽ ദുഃഖമുണ്ട്.

ആരോടും പറയാത്ത മോഹങ്ങൾ

ഈ ആഗസ്റ്റിൽ 80 തികയുമ്പോൾ രണ്ട് വലിയ മോഹങ്ങളാണ് നളിനാക്ഷിയമ്മയ്ക്ക് ഉള്ളത്. എഴുതിയ കവിതകൾ ചേർത്ത് പുസ്തകമെഴുതണം. ഏതെങ്കിലും കവിത സിനിമാ പാട്ടാവണം. ഇടയ്ക്ക് ആ പഴയ നളിനിയിലെ അപകർഷതാബോധം തല പൊക്കുമ്പോൾ ചിന്തിക്കും ' എന്റെ കവിതകൾ പൊട്ടയാണോ..' പക്ഷെ ക്യാൻസറിനെ വരെ തോൽപ്പിക്കാൻ സഹായിച്ച തന്റെ കവിതകളിൽ ഇന്ന് വലിയ ആത്മവിശ്വാസമാണ്.

കവിത ആർക്കെങ്കിലും വായിച്ച് കൊടുക്കാൻ ഇപ്പോഴും പേടിയാണ്. എങ്കിലും നല്ല അഭിപ്രായം കേൾക്കുമ്പോൾ സന്തോഷം തോന്നും.

നളിനാക്ഷിയമ്മ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CANCER WARD, POET, NALINAKSHI AMMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.