കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ബംഗളൂരുവിലെ ആക്ഷൻ ഒ ടി ടി പ്ലാറ്റ്‌ഫോം സി ഇ ഒ വിജേഷ് പിള്ളയ്ക്കുമെതിരെ സിപിഎം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കണ്ണൂർ എസ് പി ഹേമലത ഐ പി എസ് ആണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. കണ്ണൂർ സിറ്റി, റൂറൽ എ എസ് പിമാരും ഡി വൈ എസ് പിമാരും സംഘത്തിൽ ഉൾപ്പെടുന്നുണ്ട്.
സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരെ പരാതി നൽകിയ സി പി എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എതിരെ അപവാദ പ്രചാരണം നടത്തുന്നതിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും എം വി ഗോവിന്ദനെയും താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.
സ്വപ്നയുടെ ഫേസ്ബുക്ക് ലൈവിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. അത് സമർത്ഥിക്കുന്ന തെളിവുകളോ ശബ്ദസന്ദേശങ്ങളോ പുറത്തുവിട്ടിട്ടില്ല. എം വി ഗോവിന്ദനും സ്വപ്നയും വിജേഷും തമ്മിൽ ബന്ധപ്പെട്ടതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഫേസ്ബുക്ക് ലൈവിലൂടെ ലക്ഷ്യമിട്ടതെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |