അങ്കമാലി: കറുകുറ്റിയിൽ നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികൾ മരിച്ചു. കൊരട്ടി മുരിങ്ങൂർ സ്വദേശി ജോണി (52), വെസ്റ്റ് ബംഗാൾ സ്വദേശി അലി ഹസൻ (30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബംഗാൾ സ്വദേശി കല്ലുവിനെ (30) കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.45ഓടെയായിരുന്നു അപകടം.
സെന്റ് സേവ്യേഴ്സ് ഫൊറോനപള്ളിക്ക് പിന്നിൽ നിർമ്മാണത്തിലിരുന്ന രണ്ടുനില വീടിന്റെ സ്ലാബാണ് നിർമ്മാണത്തിലെ അപാകത കാരണം അടർന്നുവീണത്. മുകളിലെ പാരപ്പറ്റിനടിയിലായി പ്രധാന കോൺക്രീറ്റിൽനിന്ന് ഷോവാൾ നിർമ്മാണത്തിനായി ഉണ്ടാക്കിയ 20 അടിയിലേറെ നീളമുള്ള സ്ലാബായിരുന്നു ഇത്. സ്ലാബിന് താഴെയായി സിമെന്റ് തേച്ചുപിടിപ്പിക്കുന്നതിനിടയിലാണ് തൊഴിലാളികളുടെ തലയ്ക്ക് മുകളിലേക്ക് പൊളിഞ്ഞു വീണത്.
അലി ഹസൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജോണിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോളിയാണ് ജോണിയുടെ ഭാര്യ. മക്കൾ: അലീന, അഞ്ജന.
ഇരുവരുടെയും മൃതദേഹങ്ങൾ കറുകുറ്റി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ മോർച്ചറിയിൽ. ജോണിയുടെ സംസ്കാരം ഇന്ന് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. അലി ഹസന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |