SignIn
Kerala Kaumudi Online
Friday, 26 July 2024 12.14 AM IST

അമൃത്‌പാൽസിംഗിന് പിന്നിലെ ബുദ്ധി പാകിസ്ഥാൻ മാത്രമല്ല, 'അഭിനവ  ഭിന്ദ്രന്‍വാലയെ' ഒതുക്കാൻ കടുത്ത ശത്രുക്കളായ ബി ജെ പിയും ആം ആദ്മിയും ഒരുമിച്ച് നിൽക്കുന്നതിനും കാരണങ്ങളുണ്ട്

amritpal

ന്യൂഡൽഹി: അഭിനവ ഭിന്ദ്രന്‍വാലയായി രംഗത്തിറങ്ങിയ സിഖ് യുവാവ് ഒരു സംസ്ഥാനത്തിന്റെ പൊലീസിനെ മുഴുവൻ ഇളിഭ്യരാക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പിടികൂടാനെത്തുന്ന പൊലീസ് സംഘത്തിൽ നിന്ന് സമർത്ഥമായി രക്ഷപ്പെട്ട് അമൃത്പാൽ സിംഗ് എന്ന യുവാവ് പഞ്ചാബ് പൊലീസിനെയും രാജ്യത്തെ സുരക്ഷാ നിയമങ്ങളെയും കൊഞ്ഞനം കുത്തുകയാണ്. എന്തിനും മടിക്കാത്ത ആയുധ ധാരികൾക്ക് നടുവിലിരുന്ന് അയാൾ കേന്ദ്രമന്ത്രി അമിത്ഷായ്ക്കുനേരെപോലും വധ ഭീഷണി മുഴക്കുകയാണ്.ഖാലിസ്ഥാൻ വാദത്തെ അംഗീകരിക്കില്ലെന്ന് പറഞ്ഞ അമിത്ഷായോട് ഇന്ദിരാഗാന്ധിയുടെ ഗതിവരുമെന്നായിരുന്നു അമൃത്പാലിന്റെ ഭീഷണി. രാജ്യത്തിന് മൊത്തത്തിൽ ഭീഷണിയാണെന്നതിന് പുറമേ ബി ജെ പിയും ആം ആദ്മിയും ഉൾപ്പടെ പഞ്ചാബിൽ വേരോട്ടമുള്ള രാഷ്ട്രീയ പാർട്ടികൾക്കും അമൃത്പാൽ സിംഗ് വലിയ തലവേദനയായിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് മറ്റുപ്രശ്നങ്ങളുടെ പേരിൽ തമ്മിലടിക്കുമ്പോഴും അമൃത്പാലിനെ ഒതുക്കാൻ അവർ ഒരേമനസോടെ നീങ്ങുന്നത്. നിലവിൽ 'വാരിസ് പഞ്ചാബ് ദെ' എന്ന സംഘടനയുടെ തലവനാണ് അമൃത്പാൽ.

ഒഴികിയെത്തുന്ന അനുയായികൾ

വാരിസ് പഞ്ചാബ് ദെ എന്നാൽ പഞ്ചാബിന്റെ അവകാശികൾ എന്നാണ് അര്‍ത്ഥം. 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ഡൽഹിയില്‍ നടന്ന കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവാണ് വാരിസ് പഞ്ചാബ് ദെയുടെ സ്ഥാപകന്‍. 2022 ഫെബ്രുവരിയിൽ ഒരു വാഹനാപകടത്തിൽ സിദ്ദു മരിച്ചു. അതിന് ശേഷമാണ് സംഘടനയുടെ തലവനായി അമൃത് പാൽ സ്വയം അവരോധിക്കപ്പെട്ടത്. ഇതോടെ സംഘടനയിലേക്ക് അനുയായികളുടെ കുത്തൊഴുക്കായിരുന്നു. അമൃത് പാൽ പറയുന്നതെന്തും അവർ അപ്പടി നടപ്പാക്കിയിരിക്കും. തന്റെ വലംകൈയായ ലവ്‍പ്രീത് സിംഗ് തൂഫാനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി കഴിഞ്ഞ ഫെബ്രുവരി 23ന് നടന്ന അജ്‌നാല പൊലീസ് സ്‌റ്റേഷൻ ആക്രമണത്തോടെയാണ് ഇക്കാര്യം പൊലീസിന് മനസിലായത്. പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് കൈകളിലേന്തിയാണ് വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളുമായി ഇവർ പൊലീസിനെ നേരിട്ടത്. പുണ്യഗ്രന്ഥത്തിന്റെ പരിപാവനത കാത്തുസൂക്ഷിക്കുന്നതിനായി പൊലീസിന് അക്രമികളുടെ മുന്നിൽ ഏറെ സംയമനം പാലിക്കേണ്ടിവന്നു. ഒടുവിൽ തൂഫാനെ മോചിപ്പിക്കുംവരെ അക്രമങ്ങൾ അരങ്ങേറി.ഭിന്ദ്രൻവാലയുടെ കാലത്തെ സിഖ് ഭീകരർ പോലും ഇത്തരത്തിൽ ഒരു മാർഗം സ്വീകരിച്ചിട്ടില്ലത്രേ.

amritpal1

എന്തുകൊണ്ട് ഭയക്കുന്നു

രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ക്കൊപ്പം പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കാര്യമായ പ്രശ്നമാണ് അമൃത്പാൽ ഉണ്ടാക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഭിന്ദ്രൻവാലയുടെ ജന്മഗ്രാമമായ മോഗ ജില്ലയിൽ അമൃതപാൽ നടത്തിയ പരിപാടിയിൽ ആയിരക്കണക്കിന് ഖാലിസ്ഥാനി അനുകൂലികളാണ് എത്തിയത്. ഇതിൽ തൊണ്ണൂറുശതമാനവും യുവാക്കളായിരുന്നു. ഇതോടെയാണ് കേന്ദ്ര സുരക്ഷാ ഏജൻസികൾ അമൃത്പാലിനെ നോട്ടമിട്ടത്. അമൃതപാല്‍സിംഗിനെ പിന്തുണയ്ക്കുന്ന ഖാലിസ്ഥാനി അനുകൂല പാര്‍ട്ടിയായ ശിരോമണി അകാലിദള്‍(അമൃത്സര്‍) നേതാവ് സിമ്രന്‍ജിത് സിംഗ് മാൻ സാംഗ്രൂർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് രാഷ്ട്രീയ പാർട്ടികൾ അപകട സാദ്ധ്യത തിരിച്ചറിഞ്ഞത്. വാരിസ് പഞ്ചാബ് ദെയെയും അമൃത് പാലിനെയും ഇനിയും വളരാൻ സമ്മതിച്ചാൽ രാജ്യത്തിന്റെ നിലനിൽപ്പിനൊപ്പം തങ്ങളുടെ നിലനിൽപ്പും അവതാളത്തിലാകുമെന്ന് അവർ തിരിച്ചറിഞ്ഞു. ഇതോടെയാണ് അമൃത് പാലിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് നീങ്ങിത്തുട‌ങ്ങിയത്.

ഭിന്ദ്രൻവാല 2.0

1984 ജൂൺ 6 ന് ഇന്ത്യൻ സൈന്യം പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന സൈനിക നീക്കത്തിലാണ് ഭിന്ദ്രൻവാല കൊല്ലപ്പെട്ടത്. ഭിന്ദ്രൻവാലയെപ്പോലെ വസ്ത്രം ധരിക്കുന്ന 29 കാരനായ അമൃത്പാൽ സിംഗിനെ അനുയായികൾ വിളിക്കുന്നത് ഭിന്ദ്രൻവാല 2.0 എന്നാണ്. കഴിഞ്ഞവർഷമാണ് ദുബായിൽ നിന്ന് ഇയാൾ ഇന്ത്യയിലെത്തിയത്. തുടർന്ന് വാരിസ് പഞ്ചാബ് ദെയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോടുപാേലും ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്ന അമൃത്പാൽ അനുയായികളുടെ പ്രിയങ്കരനാണ്. ഖാലിസ്ഥാൻ വാദത്തെ അംഗീകരിക്കില്ലെന്ന് പറഞ്ഞ അമിത്ഷായോട് ഇന്ദിരാഗാന്ധിയുടെ ഗതിവരുമെന്നായിരുന്നു അമൃത്പാലിന്റെ ഭീഷണി.

12ാം ക്ലാസ് വരെ പഠിച്ച ശേഷം ദുബായിൽ അമ്മാവന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിൽ ജോലി ചെയ്യാനായി ഇന്ത്യ വിട്ടു. വളരെ മോഡേണായ യുവാവില്‍ നിന്ന് താടി നീട്ടി, തലയിൽ ടര്‍ബൻ ധരിച്ച തീവ്ര സിഖ് നേതാവിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. എങ്ങനെ ഇയാൾ ഇത്തരത്തിലായി എന്ന് ബന്ധുക്കൾക്കുപോലും വ്യക്തമായ അറിവില്ല. ആറുമാസങ്ങള്‍ക്ക് മുന്പ് മാത്രമാണ് അമൃത്പാല്‍സിംഗ് സുരക്ഷാ ഏജന്‍സികളുടേയും പൊലീസിന്റെയും ശ്രദ്ധയിൽ പെടുന്നത്.

പാകിസ്ഥാനും ലഹരി മാഫിയയും

അമൃത്പാലിന് എല്ലാ പിന്തുണയും നൽകുന്നത് പാകിസ്ഥാൻ ആണെന്നതാണ് പരസ്യമായ രഹസ്യം. ആയുധങ്ങൾ ഉൾപ്പടെ നൽകുന്നത് പാകിസ്ഥാനാണെന്നാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ മയക്കുമരുന്ന് കച്ചവടക്കാരുമായി ഇയാൾക്ക് നല്ല ബന്ധമാണ്. ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നാണ് ഇയാൾ അനുയായികളെ സംഘടിപ്പിക്കുന്നതെന്നും പാകിസ്ഥാനിൽ നിന്നെത്തിക്കുന്ന ആയുധങ്ങൾ സൂക്ഷിക്കുന്നത് ലഹരിമോചന കേന്ദ്രങ്ങളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇയാൾ സഞ്ചരിക്കുന്ന വിലയേറിയ കാർ നൽകിയതും ലഹരി മാഫിയയാണത്രേ. സ്വദേശത്തും വിദേശത്തും ഇന്ത്യയെ അപമാനിക്കുന്ന നടപടികൾ സംഘടിപ്പിക്കുന്നതിലൂടെയാണ് അമൃത് പാലും അനുയായികളും ശ്രദ്ധപിടിച്ചുപറ്റാൻ ശ്രമിക്കുന്നത്.

തുടക്കത്തിലേ തിരിച്ചറിഞ്ഞില്ല

ദുബായിൽ ജോലിചെയ്തിരുന്ന അമൃത്പാൽ ഒരു സുപ്രഭാതത്തിലല്ല കേന്ദ്ര, സംസ്ഥാന ഭരണസംവിധാനങ്ങളെപ്പാേലും വെല്ലുവിളിക്കാൻ ശക്തിനേടിയത്. ഇയാളുടെ വളർച്ചയ്ക്ക് എല്ലാ സഹായവും ചെയ്തത് രാജ്യദ്രോഹികൾ തന്നെയാണെന്ന് നിസംശയം പറയാം. എന്നാൽ ഇത് തിരിച്ചറിയാൽ നാം വൈകി. തിരിച്ചറിഞ്ഞെങ്കിലും രാഷ്ട്രീയവും പ്രാദേശി​കവുമായ പല കാരണങ്ങളാൽ ഒതുക്കൽ നടന്നുമില്ല. വാളുകളുമേന്തി​ ഇയാളുടെ രണ്ടായി​രത്തോളം അനുയായികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതി​യെ മോചി​പ്പി​ച്ചത് ഇന്ത്യയൊട്ടാകെ ചർച്ചചെയ്യപ്പെട്ട സംഭവമായി​രുന്നു. ഇതിന്റെയൊക്കെ തുടർച്ചയായാണ് പഞ്ചാബ് പൊലീസ് അമൃത്പാലിനെ പി​ടി​കി​ട്ടാപ്പുള്ളി​യായി​ പ്രഖ്യാപി​ച്ചത്.

amritpal2

പഞ്ചാബ് പൊലീസിനെകൊണ്ടാവുമോ?

അമൃത്പാലിന് വി​ദേശശക്തി​കളുടെ സഹായം ലഭി​ക്കുന്നുണ്ടെന്നത് വ്യക്തമായ സ്ഥി​തി​ക്ക് അന്വേഷണം എൻ.ഐ.എ പോലുള്ള ഏജൻസി​കൾ നടത്തുന്നതാണ് ഉചി​തം. ഇവരെ നേരി​ടാൻ കേന്ദ്രത്തി​ന്റെ കീഴി​ലുള്ള അർദ്ധസൈനി​ക വി​ഭാഗങ്ങളെയും നി​യോഗി​ക്കണം. പഞ്ചാബ് പൊലീസി​ന് മാത്രമായി​ വി​ട്ടുകൊടുക്കേണ്ട പ്രശ്നമല്ലി​ത്. ഇത്തരം തീവ്രവാദം മുളയി​ലേ നുള്ളി​യി​ല്ലെങ്കി​ൽ മുള്ളുകൊണ്ട് എടുക്കേണ്ടതി​നെ പി​ന്നീട് തൂമ്പകൊണ്ട് എടുക്കേണ്ട സ്ഥി​തി​വരുമെന്ന് മുൻകാല അനുഭവങ്ങൾ നമ്മെ പഠി​പ്പി​ക്കുന്നു. ബ്രി​ട്ടനി​ലെ ഇന്ത്യൻ ഹൈക്കമ്മി​ഷനി​​ൽ കഴി​ഞ്ഞ ദി​വസം ഖാലി​സ്ഥാൻ തീവ്രവാദി​കൾ അക്രമം നടത്തുകയും ഇന്ത്യൻ ദേശീയപതാക വലി​ച്ച് താഴെയി​ടുകയും ഈ ദൃശ്യം സോഷ്യൽമീഡി​യയി​ൽ പ്രചരി​പ്പി​ക്കുകയും ചെയ്തു. ഓസ്ട്രേലി​യയി​ലെ മെൽബണി​ലും ഒരുസംഘം ഖാലി​സ്ഥാൻ വാദി​കൾ ഇന്ത്യക്കാരെ തി​രഞ്ഞുപി​ടി​ച്ച് ആക്രമിച്ചി​രുന്നു. അപകടകാരി​യായ അമൃത്‌പാൽസിംഗ് കസ്റ്റഡി​യി​ലായെന്നും ഇല്ലെന്നും അഭ്യൂഹങ്ങളുണ്ട്. ആയുധങ്ങളേന്തി​ ജനാധി​പത്യ സർക്കാരുകളെ വെല്ലുവി​ളി​ക്കുന്നവരെ ഒരു കാരണവശാലും ഇന്ത്യൻ മണ്ണി​ൽ വളരാൻ അനുവദി​ക്കരുത്. ഉരുക്കുമുഷ്ടി​യോടെ തന്നെ അടി​ച്ചമർത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AMRITPAL, PUNJAB, PAKISTAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.