ഇടുക്കി: ജനവാസ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് തടഞ്ഞു കൊണ്ടുള്ള കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എം എം മണി. 11 പേരെ കൊന്ന വല്യ പിടിപാടുള്ള കക്ഷിയാണെന്ന് അരിക്കൊമ്പന്റെ ചിത്രത്തോടൊപ്പം എം എം മണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സ്വന്തമായി വക്കീലുള്ള ആളാണെന്നും. കക്ഷിയോടുള്ള ബഹുമാനം കൊണ്ടാവണം കേസ് ജയിച്ചിട്ടും വക്കീൽ ഫീസ് ചോദിക്കാൻ വരാറില്ലെന്നും മുൻ മന്ത്രി പരിഹാസ രൂപേണെ തുടർന്നു. ക്ടാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്ന ഓപ്പറേഷൻ അരിക്കൊമ്പൻ മാർച്ച് 29 വരെ കോടതി സ്റ്റേ ചെയ്തതിനെ പരോക്ഷമായി വിമർശിക്കുന്നതായിരുന്നു എം എം മണിയുടെ പോസ്റ്റ്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ വീഡിയോ കോൺഫറൻസിംഗ് മുഖേന അടിയന്തര സിറ്റിംഗ് നടത്തിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടി വച്ചു പിടികൂടി കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള വനം വകുപ്പിന്റെ നീക്കത്തെ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജി 29 നു വീണ്ടും പരിഗണിക്കുന്നത് വരെ ചിന്നക്കനാൽ കോളനിയിലെ ജനങ്ങൾക്ക് സംരക്ഷണം നൽകാനും ആനയെ പിടികൂടുന്നത് മാത്രമല്ലാതെ ബദൽ മാർഗങ്ങൾ ആലോചിക്കാനും കോടതി നിർദേശിച്ചു. .
അതേസമയം ജനജീവിതത്തിന് ഭീഷണിയാകുന്ന അരിക്കൊമ്പൻ മിഷൻ ഹെെക്കോടതി സ്റ്റേ ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ പഞ്ചായത്തുകളുടെ തീരുമാനം. അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപ്പറേഷൻ 25-ാം തീയതിയിൽ നിന്നും 26ലേക്ക് നേരത്തെ മാറ്റി വെച്ചിരുന്നു. . ദൗത്യം 25ന് പുലർച്ചെ തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. പ്ലസ്ടു പരീക്ഷയും കുങ്കിയാനകളെ സമയത്ത് എത്തിക്കാനാകാത്തതും കണക്കിലെടുത്താണ് അടുത്ത ദിവസത്തേക്ക് മാറ്റിയത്. മോക്ഡ്രിൽ നാളെ നടത്താനിരിക്കേയാണ് കോടതി വിധി വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |