ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് നേരിട്ടതുപോലെ ക്രിമിനൽ കേസിൽ രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ട് അയോഗ്യരായവരിൽ ആർ.ജെ.ഡി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് അടക്കം നിരവധി നേതാക്കളുണ്ട്.
ലാലു: കാലിത്തീറ്റ കുംഭകോണക്കേസിൽ 2013 സെപ്തംബറിൽ ശിക്ഷിക്കപ്പെട്ടപ്പോഴാണ് ബീഹാർ സരൺ എം.പിയായിരുന്ന ലാലു ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടത്.
ജെ. ജയലളിത: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട അണ്ണാ ഡി.എം.കെ അദ്ധ്യക്ഷയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ അന്തരിച്ച ജെ. ജയലളിതയെ 2014 സെപ്തംബറിൽ തമിഴ്നാട് നിയമസഭയിൽ നിന്ന് അയോഗ്യയാക്കി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അവർക്ക് രാജിവയ്ക്കേണ്ടിവന്നു.
മുഹമ്മദ് ഫൈസൽ: വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരിയിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടപ്പോൾ എൻ.സി.പി നേതാവ് പി.പി മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എം.പിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. പിന്നീട് കേരള ഹൈക്കോടതി കുറ്റവും ശിക്ഷയും റദ്ദാക്കിയെങ്കിലും അയോഗ്യത സംബന്ധിച്ച ഉത്തരവ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതുവരെ പിൻവലിച്ചിട്ടില്ല.
അസം ഖാൻ: 2019 ലെ വിദ്വേഷ പ്രസംഗ കേസിൽ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതോടെ 2022 ഒക്ടോബറിൽ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് അയോഗ്യനാക്കി. തുടർന്ന് രാംപൂർ സദറിൽ ഉപതിരഞ്ഞെടുത് നടന്നു.
അനിൽ കുമാർ സാഹ്നി: എയർ ഇന്ത്യയുടെ വ്യാജ ഇ-ടിക്കറ്റുകൾ ഉപയോഗിച്ച് യാത്രാ അലവൻസ് നേടാൻ ശ്രമിച്ച കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആർ.ജെ.ഡി നേതാവ് അനിൽ കുമാർ സാഹ്നി ഒക്‌ടോബറിൽ ബീഹാർ നിയമസഭയിൽ നിന്ന് അയോഗ്യനായി.
വിക്രം സിംഗ് സൈനി: 2013ലെ മുസാഫർനഗർ കലാപക്കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി എം.എൽ.എ.
2022 ഒക്ടോബറിൽ ഖത്തൗലി എം.എൽ.എ സ്ഥാനം നഷ്‌ടമായി.
പ്രദീപ് ചൗധരി: ആക്രമണ കേസിൽ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടപ്പോൾ 2021 ജനുവരിയിൽ അയോഗ്യനായ ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ
കുൽദീപ് സിംഗ് സെൻഗാർ: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2020 ഫെബ്രുവരിയിൽ അയോഗ്യനായ ബി.ജെ.പി നേതാവ്. ഉന്നാവോയിലെ ബംഗർമൗ മണ്ഡലത്തിലെ എ.എൽ.എയായിരുന്നു.
അബ്ദുള്ള അസം ഖാൻ: 15 വർഷം പഴക്കമുള്ള കേസിൽ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് അയോഗ്യനായ സമാജ്‌വാദി പാർട്ടി നേതാവ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തർപ്രദേശ് നിയമസഭ അയോഗ്യനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |