SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.01 AM IST

ഓസ്കാർ ആനത്താവളം, മുതുമല തെപ്പക്കാട് ആനത്താവളം ലോക ശ്രദ്ധയിൽ

bomman

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ആനത്താവളമായ തമിഴ്നാട്ടിലെ മുതുമല തെപ്പക്കാട് ആനത്താവളം അങ്ങനെ ലോക പ്രസിദ്ധമായിരിക്കുന്നു..ഈ ആനത്താവളം തേടി ഇപ്പോൾ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്.എന്താണ് കാരണമെന്നല്ലെ? ഓസ്ക്കാറിന്റെ കീർത്തി തന്നെ.തമിഴ്നാട് ഊട്ടി സ്വദേശിനി കാർത്തികി ഗോൺസാൽവസ് സംവിധാനം നിർവഹിച്ച് ഗുനിത് മോംഗ നിർമ്മിച്ച 'ദ എലിഫന്റ് വിസ്പറേഴ്സ്' എന്ന ഹ്രസ്വ ചിത്രം ഓസ്ക്കാർ കരസ്ഥമാക്കിയതോടെ തെപ്പക്കാട് സഞ്ചാരികളുടെ വിശ്വഭൂപടത്തിലിടം നേടിയിരിക്കുകയാണ്. ആനത്താവളത്തിലെ ബൊമ്മനും ഭാര്യ ബെല്ലിയും പിന്നെ അവർ മക്കളായി കരുതുന്ന ആനക്കുട്ടികളായ രഘവും ബൊമ്മി എന്ന അമ്മുവും ഇവിടെയുണ്ട്.തെപ്പക്കാട് ആനത്താവളം കാണാൻ നേരത്തെ തന്നെ രാജ്യത്തും പുറത്ത് നിന്നുമായി ആയിരങ്ങൾ എത്താറുണ്ട്.എന്നാൽ കഴിഞ്ഞ പതിനാലാം തീയതി ഓസ്കാർ പ്രഖ്യാപനത്തിന് ശേഷം ഇവിടേക്കുളള സന്ദർശകരുടെ പ്രവാഹം ഒന്നുകൂടി വർദ്ധിച്ചു. എന്തോ വലിയ അംഗീകാരമാണ് ഓസ്കാർ എന്ന് മാത്രമെ കാട്ടുനായ്ക്കരായ ബൊമ്മനും ബെല്ലിക്കും അറിവുളളു.അനാഥരായ രണ്ട് ആനകൾക്ക് അച്ഛനും അമ്മയും ആയതിന്റെ ഗുണമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ഇതൊന്നും അറിയാതെ ആനത്താവളത്തിൽ മറ്റ് മുതിർന്ന ആനകൾക്കൊപ്പം കളിച്ച് രസിക്കുകയാണ് രഘുവും അമ്മുവും.ഇപ്പോൾ ഇവിടെ ഏവർക്കും കാണേണ്ടത് ഈ ആനക്കുട്ടികളെയും അവർക്ക് ജീവിതം നൽകിയ ആദിവാസി ദമ്പതികളെയുമാണ്.തള്ളയാനയിൽ നിന്ന് ഒറ്റപ്പെട്ടുപോയ മൂന്നര മാസം പ്രായമുള്ള ആനക്കുട്ടിയാണ് ഇപ്പോൾ അവസാനമായി ക്യാമ്പിലെത്തിയത്.തമിഴ്നാട്ടിലെ ധർമ്മപുര ജില്ലയിലെ പൊന്നാക്കര വട്ടവടപ്പ് വനമേഖലയിൽ നിന്നാണ് ഇവന്റെ വരവ്. ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട് പോയവനാണിവൻ. ഇവിടെ ഇതോടെ കുട്ടിയാനകൾ മൂന്നായി.

മുതുമല എന്ന പേരിന്റെ അർത്ഥം 'പുരാതന മലനിരകൾ' എന്നാണ്.1940 ലാണ് മായാർ പുഴയുടെ തീരത്തായി തെപ്പക്കാട് ആന പരിശീലനകേന്ദ്രം തുടങ്ങിയത്. പരിശീലനം സിദ്ധിച്ച അനവധി ആനകൾ പേരെടുത്ത കുങ്കിയാനകളായി മാറി. എൺപ്പത്തിമൂന്ന് വർഷം പിന്നിട്ട ആനത്താവളം 1977 മുതലാണ് വികസിപ്പിച്ചത്. 120 ചതുരശ്ര കിലോമീറ്ററിലായിട്ടാണ് ക്യാമ്പ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ആനകളെ വിവിധ അഭ്യാസമുറകൾ പരിശീലിപ്പിക്കുന്നത്. അതിനിടെ ആനകളെ ഉപയോഗിച്ച് മറ്റ് ആനകളെ നിയന്ത്രിക്കാനും കാട്ടാനകളെ മെരുക്കാനും തുടങ്ങി. ഇതിനായി വിദഗ്ധ പരിശീലനം സിദ്ധിച്ച ആനപരിശീലകരായ പാപ്പന്മാരെ നിയോഗിച്ചു. തായ്ലാന്റിൽ നിന്ന് ഇവർക്ക് വേണ്ട പ്രത്യേക പരിശീലനം നൽകുകയും ചെയ്തു.
തള്ളയാനയോടൊപ്പമുള്ള കുട്ടിയാനകളെ നന്നേ ചെറുപ്പത്തിൽ തന്നെ തള്ളയിൽ നിന്നകറ്റിയാണ് പരിശീലനം നൽകുന്നത്. ക്യാമ്പ് സജീവമായ 1977 മുതൽ ഇതുവരെയായി നൂറിൽപ്പരം ആനകൾക്കാണ് വിദഗ്ധ പരിശീലനം നൽകിയത്. ഇവയിൽ പലതും ഇന്ന് അന്യസംസ്ഥാനങ്ങളിൽ കുങ്കിയാനകളായി സേവനമനുഷ്ഠിക്കുന്നു. വയനാട് മുത്തങ്ങ ആനക്യാമ്പിലെ സുരേന്ദ്രനുൾപ്പെടെയുള്ള കുങ്കിയാനകൾക്ക് വിദഗ്ധ പരിശീലനം നൽകിയതും മുതുമല തൊപ്പക്കാട് ആനക്യാമ്പിൽ നിന്നാണ്.ഇവിടെ 63 ആനകൾ വരെയുണ്ടായിരുന്നു. ഇപ്പോൾ 24 ആനകളും 37 പാപ്പാന്മാരുമാണുള്ളത്. ആനയെ സ്വന്തം കുട്ടികളെപോലെയാണ് ക്യാമ്പിലുള്ളവർ കാണുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ഹ്രസ്വ ചിത്രത്തിനുള്ള ഓസ്‌ക്കാർ നേടിയ ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററി.

'ദ എലിഫന്റ് വിസ്പറേഴ്സ്' എന്ന ഹ്രസ്വ ചിത്രത്തിലെ ബൊമ്മനും ബെല്ലിക്കുമുണ്ട് കഥ പറയാൻ.ഇവരുടെ ജീവിതം വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.അനാഥരായ രണ്ട് ആനക്കുട്ടികളുടെ പരിചരണത്തിനിടെ എന്നോ ഒരു ദിവസം ബൊമ്മനും ബെല്ലിയും ജീവിതത്തിൽ ശരിക്കും ദമ്പതികളായി.അതിന് നിമിത്തമായത് ഈ ആനക്കുട്ടികളും . ആനക്കുട്ടികൾക്കൊപ്പമുളള ഇവരുടെ രസകരമായ ജീവിതമാണ് ഇതുവഴി ഒരു ദിവസം യാത്ര ചെയ്ത ഊട്ടി സ്വദേശിനിയും അറിയപ്പെടുന്ന വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫറുമായ കാർത്തികി ഗോൺസാൽവസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.പിന്നെ അന്വേഷണമായി.കാർത്തികി മൃഗങ്ങൾക്കൊപ്പമുളള ഈ ദമ്പതികളുടെ മുഴുവൻ കാര്യങ്ങളും മനസിലാക്കി.അതിനായി ഒട്ടേറെ ബുദ്ധിമുട്ടി.വനം വകുപ്പിന്റെ അനുമതിയോടെ ഇവരെ വച്ച് ചിത്രീകരണവും ആരംഭിച്ചു.സത്യത്തിൽ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു.മനുഷ്യനും മൃഗങ്ങളും തമ്മിൽ നിത്യവും സംഘർഷം നടക്കുമ്പോഴാണ് ഇവിടെ രണ്ട് ആനക്കുട്ടികൾക്കൊപ്പം വൃദ്ധ ദമ്പതികൾ മിണ്ടിയും പറഞ്ഞും ജീവിതം ആനന്ദകരമാക്കിയത്.കണ്ട് പഠിക്കേണ്ടതാണ് ഇവരുടെ ജീവിതം.മരണത്തിന്റെ വക്കിലെത്തിയ രണ്ട് ആനക്കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയവർ.അഞ്ച് വർഷം ഇവർ മക്കളെപ്പോലെ ഈ കുട്ടികളെ വളർത്തി.2017 മെയ് 26നാണ് രഘു ആനത്താവളത്തിൽ എത്തുന്നത്.കൃഷ്ണഗിരിയിൽ പ്ളാമര തോട്ടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ പിടിയാനയുടെ ഈ കുട്ടിക്ക് തെരുവ് നായകളുടെ കടിയേറ്റ് ശരീരം മുഴുവൻ പരിക്കായിരുന്നു.മുറിവിൽ നിന്ന് പുഴുക്കൾ അരിക്കുന്നുണ്ടായിരുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരു പരീക്ഷണം എന്ന നിലയിലായിരുന്നു ഇവയെ സംരക്ഷിക്കാൻ ബൊമ്മനെ ഏൽപ്പിക്കുന്നത്.ബൊമ്മന് ആനകളെ പരിചരിച്ച് നല്ല പരിചയമുണ്ട്. അച്ഛനും മുത്തച്ഛനും എല്ലാം ആന പാപ്പാന്മാർ.ആനകളുടെ ഓരോ ചലനവും നന്നായി അറിയാം.രഘുവിന് തൊട്ട് പിന്നാലെ 2019 സെപ്തംബറിൽ ആനത്താവളത്തിൽ ബൊമ്മിയും എത്തി.കാട്ട് കളളൻ വീരപ്പൻ വിരാജിച്ച സത്യമംഗലം വനത്തിൽ തളളയാന ഉപേക്ഷിച്ച നിലയിലായിരുന്നു ബൊമ്മി എന്ന അമ്മു.രണ്ട് പേരെയും പരിപാലിക്കാൻ ബൊമ്മന് അൽപ്പം ബുദ്ധിമുട്ട് നേരിട്ടു.അങ്ങനെയാണ് ആനത്താവളത്തിലെ ബെല്ലിയെ സഹായത്തിനായി ബൊമ്മൻ വിളിക്കുന്നത്. വനം വകുപ്പ് ഉദോഗസ്ഥർക്കും അതിൽ പരിഭവം ഉണ്ടായിരുന്നില്ല.ബെല്ലി വന്നതോടെ രണ്ട് ആനക്കുട്ടികൾക്കും സന്തോഷമായി.തൊട്ടും തലോടിയും ഇവരെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് എന്ത് കൊണ്ട് തങ്ങൾക്ക് ഒന്നിച്ച് കൂട എന്ന ചിന്ത ബൊമ്മനും ബെല്ലിക്കും ഉണ്ടായത്.ബെല്ലിയുടെ ഭർത്താവിനെ പുലി കൊന്നിരുന്നു.ബെല്ലിക്ക് വന്യമൃഗങ്ങൾ എന്നാൽ അതോടെ വല്ലാത്ത ഭയമാണ്. എന്നാൽ രഘുവിനെ കിട്ടിയതോടെ ആ ഭയം മാറി.രഘുവിനെ പരിപാലിക്കുന്നതിനിടെയാണ് ബൊമ്മനും ബെല്ലിയും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത്.ആനക്കുട്ടികൾ വളർന്ന് വലുതായി.രഘുവിനെയും ബൊമ്മിയേയും ഇവരിൽ നിന്ന് രണ്ട് മാസം മുമ്പ് മാറ്റി.അന്ന് മുതൽ ഇവർ ഉറങ്ങിയിട്ടില്ല.എങ്ങനെ ഉറങ്ങും?.ഇവരുടെ കുടിൽ മരണ വീട് പോലെയായി.കുട്ടികളെകാണാതെ ഇവർ ആകെ വിഷമിച്ചു.ക്യാമ്പിന് അടുത്ത്കൂടെ പോയാൽ മതി.രഘുവും ബൊമ്മിയും ഇവർക്കടുത്തേക്ക് ഓടിയെത്തും.സ്നേഹം പ്രകടിപ്പിക്കും.ഈ രംഗം കാണാൻ തന്നെ സന്ദർശകർ ഏറെയെത്തും.ഇവർ പോറ്റി വളർത്തിയ ആനകുട്ടികളുടെ അടുത്തേക്ക് പോകാൻ വനം വകുപ്പ് ഇവരെ അനുവദിച്ചിരുന്നില്ല.ആനകൾ വലുതായില്ലെ,ദമ്പതിമാർക്ക് പ്രായവും.പിന്നെങ്ങനെ ആനകളെ ഇവർ പരിപാലിക്കും?.മുതുമല ആനവളർത്തൽ കേന്ദ്രത്തിലെ വനം വകുപ്പു ഉദ്യോഗസ്ഥരുടെ മറുപടി ഇങ്ങനെയായിരുന്നു.ബെല്ലിക്ക് അതൊന്നും അറിയില്ല.മക്കളെ കാണണമെന്ന ഒറ്റ വാശി.കാണാൻ അനുവദിക്കാത്തതിൽ അവർക്ക് സങ്കടമുണ്ട്.രഘുവും ബൊമ്മിയെന്ന അമ്മുക്കുട്ടിയും ഇപ്പോൾ ചെറിയ കുട്ടികളല്ല.വളർന്നിരിക്കുന്നു. ഈ സംഭവങ്ങൾക്കിടെയാണ് ഇവരെ കഥാപാത്രങ്ങളായി വച്ച് കൊണ്ട് തയ്യാറാക്കിയ ചിത്രത്തിന് ഓസ്കാർ ലഭിക്കുന്നത്.അപ്പോൾ ബെല്ലിയുടെ ഭർത്താവ് അങ്ങ് ദൂരെ ധർമ്മപുര ജില്ലയിലെ ഉൾവനത്തിലെ കാട്ടിലായിരുന്നു. കൂട്ടത്തിൽ നിന്ന് അകന്ന ആനകുട്ടികളെ രക്ഷിക്കാൻ ബൊമ്മനെ വനം വകുപ്പുകാരാണ് വിളിച്ച് കൊണ്ട് പോയത്. ഓസ്കാർ ലഭിച്ച വിവരം വനം വകുപ്പാണ് ബൊമ്മനെയും ബെല്ലിയെയും അറിയിക്കുന്നത്. തൊട്ടടുത്ത ദിവസംതന്നെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇരുവരെയും ചെന്നൈയിലേക്ക് വിളിപ്പിച്ചു.രണ്ട് ലക്ഷം രൂപയും പാരിതോഷികവും നൽകി.മുഴുവൻ ആനപ്പാപ്പാന്മാർക്കും സമ്മാനങ്ങൾ.ആനക്യാമ്പുകൾ നവീകരിക്കാൻ നടപടിയുമെടുത്തു.കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ ആനക്കുട്ടികളെ നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോഴാണ് ധർമ്മ പുരയിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരു കൊച്ച് ആനക്കുട്ടിയെ വളർത്തി വലുതാക്കാനായി വനം വകുപ്പ് ഇവരെ ഏൽപ്പിക്കുന്നത്.അഭിനയിച്ച ചിത്രത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചതിന് തൊട്ട് പിന്നാലെ വീട്ടിലേക്ക് അതിഥിയായി മറ്റൊരു ആനകുട്ടിയെക്കൂടി ഇവർക്ക് ലഭിച്ചിരിക്കുന്നു.ജീവിതം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് ഇവരിപ്പോൾ.മുതുമല ആന വളർത്ത് കേന്ദ്രത്തിൽ രഘുവിനെ കാളൻ എന്ന പാപ്പാനും ബൊമ്മിയെന്ന അമ്മുക്കുട്ടിയെ രവിയെന്ന പാപ്പാനുമാണ് ഇപ്പോൾ പരിപാലിക്കുന്നത്.

മുതുമല ആനത്താവളത്തിൽ ആനകൾക്ക് ഭക്ഷണം നൽകുന്ന സമയം രാവിലെയും വൈകുന്നേരവും സന്ദർശകർക്കായി തുറന്നിരിക്കുന്നു. രാവിലെ 8:45 മുതൽ 9:15 വരെ, വൈകുന്നേരം 5:45 മുതൽ 6:15 വരെ എന്നിങ്ങനെയാണ് ഭക്ഷണം നൽകുന്ന സമയം.

തെപ്പക്കാട് ആനത്താവളം

കോ​ഴി​ക്കോ​ട് ​നി​ന്ന് ​നി​ല​മ്പൂ​ർ​ ​ഗൂ​ഡ​ല്ലൂ​ർ​ ​വ​ഴി​ ​തെ​പ്പ​ക്കാ​ടേ​ക്ക് 125​ ​കി​ലോ​ ​മീ​റ്റ​റാ​ണ് ​ദൂ​രം.​
വ​യ​നാ​ട്ടി​ലെ​ ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ൽ​ ​നി​ന്ന് 58​ ​കി​ലോ​ ​മീ​റ്റ​റും.ആ​ന​ക​ൾ​ ​പ​ക​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വ​ന​ത്തി​ലാ​യി​രി​ക്കും.​ ​വൈ​കി​ട്ട് ​അ​ഞ്ച് ​മ​ണി​ ​മു​ത​ൽ​ ​ആ​റ് ​
മ​ണി​വ​രെ​യാ​ണ് ​ആ​ന​ത്താ​വ​ള​ത്തി​ൽ​ ​വ​ച്ച് ​മു​ഴു​വ​ൻ​ ​ആ​ന​ക​ളെ​യും​ ​കാ​ണാ​നു​ള​ള​ ​സൗ​ക​ര്യം.​ മു​പ്പ​ത് ​രൂ​പ​യാ​ണ്
പ്രവേശന ഫീ​സ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.