SignIn
Kerala Kaumudi Online
Friday, 19 April 2024 4.28 AM IST

രാഹുൽ ഗാന്ധിക്കെതിരായ കോടതിവിധി കോൺഗ്രസ് ചോദിച്ചുവാങ്ങിയത്, ഗൂഡാലോചനയുടെ ഭാഗമാണോയെന്ന് സംശയമെന്ന് എ കെ ബാലൻ

a-k-balan

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കുകയും ലോക്സഭാ അംഗത്വം റദ്ദ് ചെയ്യുന്നതിലേയ്ക്ക് നയിക്കുകയും ചെയ്ത കോടതി വിധി കോൺഗ്രസ് ചോദിച്ചു വാങ്ങിയതാണെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം എ കെ. ബാലൻ. വേണ്ടത്ര ജാഗ്രതയും ഗൗരവവും സൂറത്തിലെ ഈ കേസിന്റെ ഒരു ഘട്ടത്തിലും കോൺഗ്രസ് നേതൃത്വം കാണിച്ചിട്ടില്ലെന്നും എ കെ ബാലൻ പ്രസ്താവനയിൽ പറഞ്ഞു.

'നിയമപരമായി നിലനിൽക്കാത്ത ഒരു എഫ് ഐ ആർ ആണ് ഈ കേസിന്റെ അടിസ്ഥാനം എന്ന് കോടതിയെ ധരിപ്പിക്കാൻ സാധിക്കുമായിരുന്നു. വേണ്ടി വന്നാൽ സുപ്രീം കോടതിവരെ പോകാമായിരുന്നു. അത് ചെയ്തില്ല. കേസിന് ആധാരമായ സംഭവം നടന്നത് കർണാടകയിലാണ്. എന്നാൽ ഗുജറാത്തിലാണ് കേസ് ഫയൽ ചെയ്തത്. ഫയൽ ചെയ്ത ആളെ അപമാനിച്ചിട്ടില്ല. മോദിയെ അപകീർത്തിപ്പെടുത്തിയിട്ടുണ്ടെങ്കിൽ മറ്റൊരാളല്ല പരാതി കൊടുക്കേണ്ടത്. ഇത് കോടതിയെ ധരിപ്പിക്കുന്നതിൽ ഉത്തരവാദിത്വപ്പെട്ട നിയമ കേന്ദ്രങ്ങളിൽ നിന്ന് സഹായം തേടിയില്ല.

വിധി വന്നാൽ തൊട്ടടുത്ത ദിവസം തൊട്ടടുത്ത അപ്പീൽ കോടതിയിൽ വിധിയും ശിക്ഷയും സ്റ്റേ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതായിരുന്നു, അതും ചെയ്തില്ല. പകരം ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ, എവിടെയാണ് പോകേണ്ടത് എന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് തന്നെ സംശയം. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നുപോലും സംശയിക്കേണ്ടതാണ്.

2008ൽ ഒറ്റപ്പാലം കോടതി രണ്ടര വർഷം എന്നെ ശിക്ഷിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പാലക്കാട് സെഷൻസ് കോടതിയിൽ ശിക്ഷയും വിധിയും സ്റ്റേ ചെയ്യിപ്പിച്ചു. അന്ന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വി ഡി സതീശൻ ജനപ്രാതിനിധ്യ നിയമവും ഭരണഘടനയും ഉദ്ധരിച്ച് നിയമസഭയിൽ പറഞ്ഞത്, വിധി വന്ന ദിവസം തന്നെ എ കെ.ബാലൻ രാജിവയ്ക്കേണ്ടതായിരുന്നു എന്നാണ്. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകി. ഒന്നരമണിക്കൂർ നീണ്ട ചർച്ചയാണ് നടന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഞാൻ രാജിവയ്ക്കണം എന്ന് ആദ്യമായി പറഞ്ഞത് വി ഡി സതീശനാണ്. ആ പറഞ്ഞതിൽ വി ഡി സതീശൻ ഇപ്പോൾ ഉറച്ചുനിൽക്കുന്നുണ്ടോ? ഇതിനെല്ലാം പെട്ടെന്ന് തന്നെ ഫലം കിട്ടുന്നു എന്നാണ് കാണുന്നത്.

കോൺഗ്രസിന്റെ ഒരു ഉന്നത നേതാവിനെ വിളിച്ച് വരാൻ പോകുന്ന അപകടത്തെപ്പറ്റി ഞാൻ സൂചിപ്പിച്ചിരുന്നു. അത് ഒറ്റപ്പാലം കോടതിവിധിയുടെയും തുടർന്നുള്ള സംഭവങ്ങളുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. ശിക്ഷയും വിധിയും സ്റ്റേ ചെയ്യിപ്പിച്ചില്ലായിരുന്നുവെങ്കിൽ മന്ത്രിസ്ഥാനവും നിയമസഭാ അംഗത്വവും നഷ്ടപ്പെടുമായിരുന്നു. അയോഗ്യതയും കൽപ്പിക്കപ്പെടുമായിരുന്നു. സൂറത്ത് കോടതി വിധി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത കാര്യം ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കറെ പോലും യഥാസമയം അറിയിച്ചില്ല. സ്പീക്കറെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞാൽ എന്താണ് ഫലമെന്ന് അറിയാത്തവരല്ലല്ലോ കോൺഗ്രസ് നേതാക്കൾ.

രാഷ്ട്രപതിയെ കാണാൻ പ്രതിപക്ഷ കക്ഷി നേതാക്കൾ പോകാൻ തീരുമാനിച്ച സന്ദർഭത്തിൽ സോണിയാ ഗാന്ധി കോൺഗ്രസ് എം പിമാരോട് ചോദിച്ചത്, പൊലീസ് തടഞ്ഞാൽ നിങ്ങൾ തിരിഞ്ഞോടുമോ എന്നാണ്. ഇതെല്ലാം മനസ്സിലാക്കി കൊണ്ടാണ് സോണിയ ഗാന്ധി ഇത് ചോദിച്ചത്. എന്നിട്ടും കോൺഗ്രസ് എം പിമാർ മുങ്ങി. ഇടതുപക്ഷക്കാർ ഉറച്ചുനിന്ന് അറസ്റ്റ് വരിച്ചു. മണിക്കൂറുകളോളം സ്‌റ്റേഷനിൽ നിന്നു. ഇത്രയും നിർണായകമായ സമരത്തിൽ നിന്നു പോലും ഒളിച്ചോടുന്ന കോൺഗ്രസുകാരെ വിശ്വസിക്കാൻ സാധിക്കാത്തതുകൊണ്ടാണ് സോണിയ ഗാന്ധി അങ്ങനെ പ്രതികരിച്ചത്. ഇടതുപക്ഷം എടുത്ത തീരുമാനത്തിൽ ഉറച്ചുനിന്നു. എടുക്കുന്ന തീരുമാനത്തിന്റെ വിശ്വാസ്യതയാണിത്. ഗൗരവത്തിൽ ഈ കേസ് കാണാത്തതും വീഴ്ച സംഭവിച്ചതും സംബന്ധിച്ച് ഇനിയെങ്കിലും ഗൗരവമായി കോൺഗ്രസ് നേതൃത്വം പരിശോധിക്കുമോ എന്നും എ കെ. ബാലൻ പ്രസ്താവനയിൽ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK BALAN, RAHUL GANDHI, COURTORDER, JAIL SENTENCE, MODI, DEFAMATION CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.