SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.19 PM IST

ബാലുവും നീലുവും ജീവിതത്തിലെ നിർണായകഘട്ടത്തിലും ഒന്നിക്കുന്നു, ലെയ്‌ക്കയുടെ റിലീസ് 31ന്

laika

മിനിസ്‌ക്രീനിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളായ ഫ്ളവേഴ്സിലെ ഉപ്പുംമുകളും സീരിയലിലെ ബാലുവും നീലുവും ജീവിതത്തിലെ നിർണായഘട്ടത്തലും ഒന്നിച്ചു തന്നെ. മിനി സ്‌ക്രീൻ വിട്ട് ബിഗ് സ്‌ക്രീനിലെത്തുകയെന്ന ഏതു താരത്തിന്റെയും ജീവിതത്തിലെ സ്വപ്നം ബിജു സോപാനത്തിനും നിഷാസാരംഗിനും ഒരുമിച്ച് പൂവണിയുകയാണ്. ഡോ.ആഷാദ് ശിവരാമൻ സംവിധാനം ചെയ്‌ത ലെയ്‌ക എന്ന ചിത്രത്തിലൂടെയാണ് ബിജുസോപാനവും നിഷാ സാരംഗും നായകനും നായികയുമാകുന്നത്. ഈ മാസം 31ന് ചിത്രം തീയേറ്ററുകളിലെത്തും.

റഷ്യയിൽ നിന്നു ബഹിരാകാശത്തേക്ക് പോയ ആദ്യ ജീവിയായ ലെയ്‌ക്കയുടെ പിൻഗാമി എന്ന് അവകാശപ്പെടുന്ന നായയുടെ കഥ പറയുന്ന സിനിമയണ് ലെയ്‌ക്ക. ചിത്രത്തിൽ രാജുവായി വേഷമിടുന്ന ബിജു സോപാനത്തിന്റെ വീട്ടിലെ വളർത്തു നായയാണ് ലെയ്‌ക്ക. താൻ വലിയ നിലയിൽ ജീവിക്കേണ്ട ആളാണെന്നും, നിവൃത്തികേട് കൊണ്ടു രാജുവിന്റെ കൂടെ അയാളെ സഹിച്ചു ജീവിക്കുകയാണ് എന്ന് അവകാശപെടുന്ന ലെയ്‌ക്കയ്‌ക്ക് അലൻസിയറാണ് ശബ്‌ദം നല്കിയിയിരിക്കുന്ന്ത്. തെന്നിന്ത്യയിലെ അതുല്യ നടൻ നാസറാണ് സിനിമയിൽ പ്രധാനപ്പെട്ട മറ്റൊരു വേഷം ചെയ്യുന്നത്.


മറ്റൊരു മേഖലയായ വൈദ്യ ശാസ്ത്രത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന പുതുമുഖ സംവിധായകന്റ സിനിമയിൽ അഭിനയിക്കാൻ നാസർ സംശയം പ്രകടിപ്പിച്ചെങ്കിലും ആഷാദ് ശിവരാമന്റെ ആദ്യ സംവിധാന സംരംഭമായ ദേഹാന്തരം കണ്ടതിനു ശേഷമാണ് അദ്ദേഹം പ്രോജക്ടിൽ സഹകരിക്കാൻ തീരുമാനിച്ചത്. മിനിസ്‌ക്രീനിലൂടെ മലയാളി കുടുംബങ്ങളുടെ ഹൃദയം കവർന്ന മാതൃകാദമ്പതികളായ ബിജു സോപാനവും നിഷാ സാരംഗും ഇണക്കവും പിണക്കവും സന്തോഷവും സങ്കടങ്ങളും പങ്കുവച്ചുകൊണ്ട് ആദ്യമായി ഒരുമിച്ച് ദമ്പതികളായി സിനിമയിലെത്തുന്നുവെന്നത് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.


ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ സയന്റിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്ന , എന്നാൽ അവിടത്തെ ലയ്ത്തിലെ പിയൂണായി ജോലി ചെയ്യുന്ന രാജു എന്ന പൊങ്ങച്ചക്കാരനായി ബിജു സോപാനം വേഷമിടുന്നു. ഇദ്ദേഹത്തെ സ്‌നേഹിച്ചും എന്നാൽ നിർദോഷങ്ങളായ അയാളുടെ പൊങ്ങച്ചം കാരണം കഷ്ട്ടപെടെണ്ടി വരുന്ന വീട്ടമ്മയായി നിഷാ സാരംഗും വേഷമിടുന്നു.


മഹേഷിന്റെ പ്രതികാരത്തിൽ കരാട്ടെ പഠിക്കുന്ന യുവാവായും വരത്തനിൽ വില്ലനായും തിളങ്ങിയ വിജിലേഷ് മണ്ടനായ രാജുവിനെ ഗുരുവായി കണ്ട് അഭിപ്രായങ്ങൾ അനുസരിച്ച് ജീവിക്കുന്ന പപ്പുവായി വേഷമിടുന്നു. തന്നെ പോലെ ശാസ്ത്രജ്ഞനാക്കാൻ കഴിഞ്ഞില്ലെങ്കിലും പപ്പുവിനെയും ബഹിരാകാശ കേന്ദ്രത്തിൽ ജോലിക്കാരനായി നിയമിക്കാൻ സഹായിക്കാം എന്നു രാജു വാഗ്ദാനം നൽകിയിട്ടുണ്ട്.


ഇവർക്കൊപ്പം മലയാളത്തിലെ പ്രധാന താരങ്ങളായ സുധീഷ്, ബൈജു സന്തോഷ്, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, നോബി മാർക്കോസ്, നന്ദനവർമ്മ തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളത്തിലെ ഒട്ടനവധി ഹിറ്റുകളുടെ ക്യാമറമാൻ പി. സുകുമാറാണ് ലൈയ്‌ക്കയുടെ ക്യാമറാമാൻ.


സംവിധായകൻ ആർ. സുകുമാരനിൽ നിന്ന് സിനിമയുടെ ബാലപാഠങ്ങൾ പഠിച്ച ആഷാദ് ശിവരാമൻ, ജിത്തു ജോസഫ് തിരക്കഥ രചിച്ച്, ബിജു മേനോൻ, ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിച്ച ലക്ഷ്യം സിനിമയിൽ ഛായാഗ്രാഹകൻ സിനു സിദ്ധാർത്ഥിനൊപ്പം ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.


2018ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങളിൽ മികച്ച സംവിധായകൻ ഉൾപ്പടെ ആറ് സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ദേഹാന്തരം എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകനായ ആഷാദ്, അറുപതിനായിരത്തിൽപരം ആൾക്കാർക്ക് കണ്ണ് ശസ്ത്രക്രിയ ചെയ്ത നേത്ര ശസ്ത്രക്രിയ വിദഗ്‌ദ്ധനും കൂടിയാണ്. തമിഴ്നാട് കർണാടക അതിർത്തിയിലെ മാറാണ്ടഹള്ളി ഗ്രാമത്തിൽ ഒരേദിനം നൂറിൽ പരം ആൾക്കാർക്ക് ഓപ്പറേഷൻ നടത്തിയ ചരിത്രമുള്ള,


കേരളത്തിലെ എണ്ണംപറഞ്ഞ റെറ്റിനൽ സർജന്മാരിൽ ഒരാളായ ഇദ്ദേഹം മുൻ മുഖ്യമന്ത്രി വി.എസ്. അച്ച്യുതാനന്ദനും സുഗതകുമാരി ടീച്ചറും ഉൾപ്പടെ പ്രശസ്തരും അപ്രശസ്തരുമായ ആയിരക്കണക്കിനാളുകളുടെ നേത്രരോഗ വിദഗ്ധനും കൂടിയാണ്.


പത്രപ്രവർത്തകരായ പി.മുരളീധരനും ശ്യാം കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിട്ടുള്ളത്. സതീഷ് രാമചന്ദ്രനും ജെമിനി ഉണ്ണിക്കൃഷ്ണനും ഗാനങ്ങൾ ഒരുക്കിയപ്പോൾ റോണീ റാഫേൽ പശ്ചാത്തല സംഗീതം നിർവഹിച്ചു. ബി.ടി. അനിൽകുമാർ, ശാന്തൻ, പി.മുരളീധരൻ എന്നിവരാണ് ഗാനങ്ങളെഴുതിയത്. വിപിൻ മണ്ണൂരാണ് എഡിറ്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAIKA MOVIE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.