SignIn
Kerala Kaumudi Online
Thursday, 25 April 2024 2.23 PM IST

കേരളത്തെ പേടിക്കുന്ന സ്ത്രീ

opinion

ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ പേരിനെ പരിഹാസത്തോടെ നോക്കുകയാണ് മറ്റ് സംസ്ഥാനങ്ങൾ. സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങളാണ് കേരളത്തിന്റെ സത്പേര് മായ്ച്ചുകളഞ്ഞത്. സംസ്ഥാനത്തിന്റെ എല്ലാ മികവുകൾക്കും മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങൾ. സ്ത്രീകൾക്കെതിരെ നടന്ന അക്രമ സംഭവങ്ങളില്ലാതെ ഒരു ദിവസവും കടന്ന് പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും ഒടുവിലായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ച സംഭവം കേരളത്തിന്റെ തലതാഴ്ത്തുകയാണ്. ശസ്ത്രക്രിയയ്ക്ക് ശേഷം കൈകാലുകൾ അനക്കാൻ പോലും കഴിയാതെ അനസ്‌തേഷ്യയുടെ ചെറുമയക്കത്തിലായിരുന്ന സ്ത്രീയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്. പരാതിയിൽ നിന്നും പിന്മാറാൻ പ്രതിയുടെ സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ട്.

പൊലീസ് ക്രൈം രജിസ്റ്റർ കണക്ക് പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തെ സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ 2020 ൽ സ്ത്രീകൾക്കെതിര 12,659 കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളതെന്ന് മനസിലാക്കാം. 2021 ഇത് 16,199 ആയി. 2022 ൽ വീണ്ടും ഉയർന്ന് 18,943 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വർഷം ജനുവരിയിലെ മാത്രം കണക്കുപ്രകാരം 1,784 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽത്തന്നെ ബലാത്സംഗക്കേസുകളുടെ കണക്കുകൾ പരിശോധിച്ചാൽ 2020 - 1,880, 2021 - 2,339 , 2022 - 2,503 , ഈ വർഷം ജനുവരിയിൽ 223 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ത്രീധനപീഡനത്തെ തുടർന്ന് മാത്രം 2020 ൽ ആറുപേരും 2021 ൽ ഒൻപത് പേരും 2022 ൽ എട്ട് പേരുമാണ് കേരളത്തിൽ മരിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന ഗാർഹികപീഡന പരാതികളിൽ കഴിഞ്ഞ മൂന്ന് വർഷത്തിൽ വലിയ വർദ്ധനവാണുണ്ടായത്. 2020 - 2,707, 2021 - 4997, 2022 - 5019 ഗാർഹിക പീഡന പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2023 ജനുവരിയിൽ മാത്രം 409 ഗാർഹിക പീഡന പരാതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് 2020 ൽ 3890 കേസുകളും 2021 ൽ 4059 കേസുകളും 2022 ൽ 5354 കേസുകളും ഈ വർഷം ജനുവരിയിൽ മാത്രം 529 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീകളെ ശല്യം ചെയ്തതിന് 2020 ൽ 442 കേസുകളും 2021 ൽ 504 കേസുകളും 2022 ൽ 584 കേസുകളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളെല്ലാം ചേർത്ത് 2020 ൽ 3,583 കേസുകളും 2021 ൽ 4,112 കേസുകളും 2022 ൽ 5,265 കേസുകളും 2023 ജനുവരിയിൽ 560 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ വർഷം ജനുവരിയിൽ 46 കേസുകളും രജിസ്റ്റർ ചെയ്തു. സാമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. പോക്‌സോ കേസുകളിൽ അടക്കം വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

സ്വതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടിട്ടും സ്ത്രീ സുരക്ഷയെ പിന്നോട്ട് വലിക്കുന്ന ഈ കണക്കുകൾ നിരാശാജനകമാണ്. ലോകത്ത് ഒരു മിനിറ്റിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ട്. യു.എൻ റിപ്പോർട്ട് പ്രകാരം 736 ദശലക്ഷം സ്ത്രീകൾ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നു. ലോകോരോഗ്യ സംഘടന പറയുന്നത് പ്രകാരം 15 വയസ്സ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകളിൽ 58 സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു. ലിംഗ-സമത്വ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 156 ൽ 140-ാം സ്ഥാനത്താണ്. സ്ത്രീകൾക്ക് ഏത് അർദ്ധരാത്രിയിലും വഴിനടക്കാൻ കഴിയുന്ന ഇന്ത്യയാണ് തന്റെ സ്വപ്‌നമെന്ന് മഹാത്മാഗാന്ധി പറഞ്ഞത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപായിരുന്നു. ആ വലിയ സ്വപ്‌നം ഇന്നും സ്വപ്‌നമായിത്തന്നെ തുടരുന്നു.
തിരുവനന്തപുരത്ത് രാത്രി സ്‌കൂട്ടറിൽ സഞ്ചരിച്ച വനിതയ്ക്ക് നേരെ ലൈംഗികാതിക്രമവും വധശ്രമവും നടന്നത് ഈയിടെയാണ്. ആ സ്ത്രീ അപകടത്തിലാണെന്ന് വിളിച്ചറിയിച്ചിട്ടും നേരിട്ടെത്തി പരാതി നൽകാതെ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് അറിയിച്ചത്. കമ്മിഷണർക്ക് പരാതി നൽകിയതോടെ മൂന്ന് ദിവവസത്തിന് ശേഷം കേസെടുത്ത പൊലീസ് അന്വേഷണത്തിൽ ജാഗ്രത പുലർത്തിയില്ലെന്ന ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ചില പൊലീസുകാരെ സസ്‌പെന്റ് ചെയ്തതടക്കമുള്ള നടപടികൾ ഉണ്ടായി. അച്ഛൻ കൂടെയുണ്ടായിട്ടും ആറ് പേരടങ്ങുന്ന യുവാക്കളുടെ സംഘം 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വാർത്ത നാം നേരത്തേ കണ്ടതാണ്. ട്രെയിനിൽവച്ചാണ് ഈ സംഭവം നടന്നത്.
വീടിനുള്ളിലും തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അതിക്രമത്തിനിരയാവുന്നത് നാം സ്ഥിരമായി വായിക്കുന്ന വാർത്തകളാണ്. പ്രായഭേദമന്യേയാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ വയോജനങ്ങൾ വരെ ആക്രമിക്കപ്പെടുന്നുണ്ട്. ഗാർഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗികപീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധന അനിവാര്യമാണ്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.
ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്. രാത്രിയിൽ പേടിച്ച് ജോലി ചെയ്യുന്ന, പേടിച്ച് യാത്ര ചെയ്യുന്ന, ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ പേടിയോടെ കയറുന്ന സ്ത്രീകൾ കേരളത്തിന്റെ സത്പേരിന് മേലുള്ള ക്രൂരമായ പോറലുകളാണ്.

സ്ത്രീകളുടെ പേടിയകറ്റി നല്ല വീഥിയൊരുക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ഒരുപാട് പേടികൾ കൂടിച്ചേർന്ന നമ്മുടെ സ്ത്രീലോകത്തെ മാറ്റിയെഴുതാൻ ശ്രമിക്കാം നമുക്ക് ഒറ്റക്കെട്ടായി...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMEN SAFETY IN KERALA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.