കൊച്ചി: ആഗോളതലത്തിൽ മാദ്ധ്യമപ്രവർത്തനം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രാദേശിക ഭാഷാമാദ്ധ്യമങ്ങളെയും സംസ്‌കാരങ്ങളെയും ശക്തമാക്കി സാമ്രാജ്യത്വ വെല്ലുവിളികൾ നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്രാജ്യത്വ കേന്ദ്രീകൃത മാദ്ധ്യമപ്രവർത്തനം വികസ്വര രാഷ്ട്രങ്ങൾക്ക് വെല്ലുവിളിയാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മലയാള മാദ്ധ്യമപ്രവർത്തനത്തിന്റെ 175-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിലുള്ള ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ ടൗൺഹാളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തനത്തിന്റെ പാരമ്പര്യമുള്ള നാടാണ് കേരളം. വെല്ലുവിളികളെ നേരിടുന്നതിനൊപ്പം സ്വയം വിമർശനത്തിന് വിധേയമാകുകയും വേണം. പുതിയ രാജ്യാന്തര വാർത്താക്രമം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയവും സാമ്പത്തികവുമായ തിരിച്ചടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പി. രാജീവ് മുഖ്യാതിഥിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിശിഷ്ടാതിഥിയുമായിരുന്നു.
കേരള മീഡിയ അക്കാഡമി മീഡിയ മാഗസിന്റെ മീഡിയ പേഴ്‌സൺ ഒഫ് ദി ഇയർ അവാർഡ് സ്ലൊവാക്യൻ മാദ്ധ്യമപ്രവർത്തകൻ പാവ്‌ല ഹോൾസോ, അക്കാഡമിയുടെ ഗ്ലോബൽ ഫോട്ടോഗ്രാഫി അവാർഡ് രഘുറായി, അക്കാഡമിയുടെ ആഗോള മാദ്ധ്യമപുസ്തക പുരസ്‌കാരം ജോസി ജോസഫ് എന്നിവർക്ക് മന്ത്രി പി. രാജീവ് നൽകി. ഗബ്രിയേൽ ഗാർസ്യ മാർക്കേസ് ഫൗണ്ടേഷൻ സി.ഇ.ഒയും ടിവി ജേർണലിസ്റ്റുമായ ജെയ്‌മെ അബെല്ലോ ബാൻസി (കൊളംബിയ), അക്കാഡമി മുൻ ചെയർമാൻ തോമസ് ജേക്കബ്, അക്കാഡമി എക്‌സിക്യുട്ടീവ് അംഗം ബേബി മാത്യു സോമതീരം, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ആർ. കിരൺബാബു, കെ.ജെ. തോമസ്, അക്കാഡമി സെക്രട്ടറി കെ.ജി. സന്തോഷ്, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |