കൊച്ചി: കൊച്ചിയിൽ എം.ഡി.എം.എയുമായി എക്‌സൈസ് പിടിയിലായ മോഡൽ ചേർത്തല അർത്തുങ്കൽ നടുവിലപറമ്പിൽ വീട്ടിൽ റോസ് ഹെമ്മയ്ക്ക് (ഷെറിൻ ചാരു29) പിന്നിൽ വൻലഹരിമാഫിയയെന്ന് വിവരം. ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഈ നിഗമനത്തലേക്ക് എക്‌സൈസിനെ എത്തിച്ചത്. വിവാദമായ ഒരു കേസിലെ പ്രതിയുമായി നിൽക്കുന്ന ചിത്രങ്ങളും ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. പിടിയിലായതിന് പിന്നാലെ ഇവരെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായി സഹകരിച്ചിരുന്നില്ല.
വിശദമായ അന്വേഷണത്തിനായി ഹെമ്മയെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് എക്‌സൈസ്. കഴിഞ്ഞ ദിവസമാണ് ഹെമ്മയെ എറണാകുളം എൻഫോഴ്സ്‌മെന്റ് അസി. കമ്മിഷണർ ബി. ടെനമോന്റെ മേൽനോട്ടത്തിലുള്ള സ്‌പെഷ്യൽ ആക്ഷൻ ടീം പിടികൂടിയത്. 1.90 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
നാട്ടുകാർക്ക് കാര്യമായ അറിവില്ല
ഭർത്താവിൽ നിന്ന് അകന്നു കഴിയുന്ന ഹെമ്മ അടുത്തിടെയാണ് കൊച്ചിയിലെത്തിയത്. സാധാരണ കുടുംബത്തിലെ അംഗമായ ഇവരെക്കുറിച്ച് നാട്ടുകാർക്ക് കാര്യമായ അറിവില്ല. ലഹരിമാഫിയ നൽകുന്ന മയക്കുമരുന്ന് ഹെമ്മയാണ് കൊച്ചിയിൽ വിറ്റഴിച്ചിരുന്നത്. ഒരു ഇടപാടിൽ നിന്ന് ആയിരം രൂപവരെ ഇവർക്ക് കമ്മിഷനായി ലഭിച്ചിരുന്നതായാണ് എക്‌സൈസ് പറയുന്നത്.
കൊച്ചിയിലെ ലഹരി ഉപയോഗിക്കുന്നവരുമായി ആഴത്തിൽ ബന്ധമുള്ള ഹെമ്മ ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിറ്റയിച്ചിരുന്നത്.
ഓൺലൈനിലൂടെ ബുക്ക് ചെയ്ത കൊച്ചിയിലെ മുറിയിൽ (ഓയോ റൂം) നിന്ന് ഹെമ്മയുടെ പ്രധാന ഇടനിലക്കാരനെ എക്‌സൈസിന്റെ പിടിയിലായതാണ് ഹെമ്മയെ കുരുക്കിയത്. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീ യുവാക്കൾ ആഡംബര വാഹനങ്ങളിലെത്തുന്ന ഹെമ്മയെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും ഗുണ്ടാ സംഘങ്ങളുമായി ഇവർക്ക് ബന്ധമുള്ളതിനാൽ പേടിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു പറഞ്ഞിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |