മുംബയ്: വിവാഹമോചന വാർത്തയിൽ മനസുതുറന്ന് ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഒരു വർഷത്തിലേറെയായി ഭാര്യ ഐഷ മുഖർജിയുമായി വേർപിരിഞ്ഞ് കഴിയുകയാണ് താരം. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിച്ചത്.
'ഞാൻ വിവാഹത്തിൽ പരാജയപ്പെട്ടു. എന്നാൽ മറ്റുള്ളവരിലേയ്ക്ക് ഞാൻ വിരൽ ചൂണ്ടില്ല. കാരണം അന്തിമ തീരുമാനം ഓരോ വ്യക്തിയുടേതുമാണ്. വിവാഹജീവിതത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ടാണ് പരാജയപ്പെട്ടത്. ഞാനിന്ന് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്ന കാര്യങ്ങൾ എനിക്ക് 20 വർഷം മുൻപാണെങ്കിൽ പറയാൻ സാധിക്കില്ല. അനുഭവത്തിലൂടെയാണ് ഇത് കൈവരുന്നത്. ഇപ്പോൾ എന്റെ വിവാഹമോചന കേസ് തുടരുകയാണ്. നാളെ ഞാൻ മറ്റൊരു വിവാഹത്തിലേയ്ക്ക് പോയാലും എനിക്ക് വിവാഹജീവിതത്തിലേയ്ക്ക് കൂടുതൽ അറിവുണ്ടായിരിക്കും. എനിക്ക് എങ്ങനെയുള്ള പെൺകുട്ടിയെയാണ് ആവശ്യം, ആരുടെയൊപ്പമാണ് ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതെന്നും അറിയാനാകും.
എന്റെ 26- 27 വയസിൽ ഞാൻ തുടരെ ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഞാനപ്പോൾ ഒരു ബന്ധത്തിലും ആയിരുന്നില്ല. അതിനാൽ തന്നെ പ്രണയത്തിലായപ്പോൾ അപകടസൂചനകൾ എനിക്ക് കാണാൻ സാധിച്ചില്ല. പക്ഷേ ഇന്ന് പ്രണയത്തിലായാൽ അത്തരം സൂചനകൾ എനിക്ക് മനസിലാക്കാൻ സാധിക്കും. അത്തരം അപായങ്ങൾ കണ്ടാൽ ബന്ധത്തിൽ നിന്ന് പുറത്തുകടക്കാൻ സാധിക്കും.
ചെറുപ്പക്കാർ ഏതെങ്കിലും ബന്ധത്തിലേയ്ക്ക് കടക്കുകയാണെങ്കിൽ അത് അനുഭവിച്ചുതന്നെ മനസിലാക്കേണ്ടത് പ്രധാനമാണ്. തിടുക്കത്തിൽ വൈകാരികമായ തീരുമാനമെടുത്ത് വിവാഹം കഴിക്കരുത്. വിവാഹം കഴിക്കാനാഗ്രഹിക്കുന്ന വ്യക്തിയുമായി കുറച്ച് വർഷങ്ങൾ ചെലവഴിക്കുക, നിങ്ങളുടെ സംസ്കാരങ്ങൾ പൊരുത്തപ്പെടുന്നുണ്ടോ എന്നും നിങ്ങൾ പരസ്പരം സഹവാസം ആസ്വദിക്കുന്നുണ്ടോ എന്നും മനസിലാക്കേണ്ടതുണ്ട്.
ഇതും ഒരു മത്സരം പോലെയാണ്. ചിലർക്ക് കാര്യങ്ങൾ മനസിലാക്കാൻ നാലോ അഞ്ചോ ബന്ധങ്ങൾ ആവശ്യമായി വന്നേക്കാം. ചിലർക്ക് എട്ടോ ഒൻപതോ ആവാം. അതിൽ മോശമായി ഒന്നുമില്ല. പിന്നീട് നിങ്ങൾ വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ നിങ്ങളുടെ അനുഭവങ്ങൾ സഹായിക്കും' ശിഖർ ധവാൻ പറയുന്നു.
2012ലായിരുന്നു ശിഖർ ധവാന്റെയും ഐഷ മുഖർജിയുടെയും വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്. ഐഷയുടെ ആദ്യ വിവാഹത്തിലെ രണ്ട് പെൺകുട്ടികളെയും ശിഖർ ധവാൻ ഏറ്റെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |