SignIn
Kerala Kaumudi Online
Thursday, 25 April 2024 12.02 PM IST

മലയാളത്തിന്റെ നിറചിരി മാഞ്ഞു,​ ചലച്ചിത്രതാരം ഇന്നസെന്റ് അന്തരിച്ചു

ff

കൊച്ചി: നടനും മുൻ എം പിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ രാത്രി 10.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രൽ ദേവാലയത്തിൽ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്റിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ദ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയാക്കിയ ശേഷമായിരുന്നു മന്ത്രി മരണവാർത്ത അറിയിച്ചത്.

നേരത്തെ മന്ത്രി സജി ചെറിയാനും ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിച്ചിരുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും ഗുരുതരമായ പല രോഗാവസ്ഥകൾ പ്രകടമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നാളെ രാവിലെ 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് 1 മണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വയ്ക്കും,​ ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും .

നടൻ, സാമാജികൻ എന്നതിനുപുറമേ നിർമാതാവും എഴുത്തുകാരനും കൂടിയായിരുന്നു ഇന്നസെന്റ്. സിനിമാ നിർമാതാവ് എന്നനിലയിൽ സിനിമയിലെത്തി പിൽക്കാലത്ത് ഹാസ്യ നടനായും സ്വഭാവ നടനായും ശ്രദ്ധനേടിയ താരമാണ് ഇന്നസെന്റ്. 1972ൽ ഇരിങ്ങാലക്കുടക്കാരനായ കെ മോഹൻ സംവിധാനം ചെയ്ത 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തിയത്.

ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനിയും ഇന്നസെന്റ് ആരംഭിച്ചിരുന്നു. ഈ ബാനറിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് ഇളക്കങ്ങൾ, വിട പറയും മുൻപേ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ.

കെ മോഹന്റെ തന്നെ 'ഇളക്കങ്ങൾ' എന്ന സിനിമയിലെ കറവക്കാരനായ ദേവസിക്കുട്ടിയുടെ കഥാപാത്രമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ആ സിനിമയിലൂടെ മദ്രാസ് ഫിലിം ഫാൻസിന്റെ ഏറ്റവും നല്ല ഹാസ്യ നടനുള്ള പുരസ്‌കാരം ഇന്നസെന്റ് സ്വന്തമാക്കിയിരുന്നു. പിന്നീടങ്ങോട്ട് ഹാസ്യനടനും സ്വഭാവനടനുമായി മലയാളികൾക്ക് പ്രിയങ്കരനായി. 'റാംജിറാവു സ്പീക്കിംഗ്', 'ഡോക്ടർ പശുപതി', 'കേളി', 'മാന്നാർ മത്തായി സ്പീക്കിംഗ്', 'ദേവാസുരം', 'ഗോഡ്ഫാദർ', 'മണിച്ചിത്രത്താഴ്', 'അഴകിയ രാവണൻ', 'രാവണ പ്രഭു', 'പാപ്പി അപ്പച്ച' 'പട്ടണപ്രവേശം', 'വീണ്ടും ചില വീട്ടുകാര്യങ്ങൾ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. മലയാളത്തിന് പുറമേ തമിഴ്, കന്നട, ഹിന്ദി, ഇംഗ്ളീഷ് സിനിമകളിലും വേഷമിട്ടിരുന്നു.

കാൻസറിനെ ധൈര്യത്തോടെ നേരിട്ട വ്യക്തിയായിരുന്നു ഇന്നസെന്റ്. 2013ലാണ് ഇന്നസെന്റിന് തൊണ്ടയിൽ ക്യാൻസർ സ്ഥിരീകരിച്ചത്. രോഗത്തെക്കുറിച്ച് 'കാൻസർ വാർഡിലെ ചിരി' എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. കീമോ തെറാപ്പിയടക്കം ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചിരുന്നു.

2014ൽ മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് എം പി സ്ഥാനത്തേയ്ക്ക് എത്തിയത്. എം പിയായപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല താൻ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം ഒരിക്കൽ വ്യക്തമാക്കിയിരുന്നു. പിന്നീട് 2019ൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ 'അമ്മയുടെ' പ്രസിഡന്റായും 17 വർഷം പ്രവർത്തിച്ചു. 750ലധികം സിനിമകളിൽ അഭിനയിച്ച ഇന്നസെന്റ് നിരവധി ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. 1989ൽ മഴവിൽക്കാവടി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 1981ൽ വിട പറയും മുൻപേ എന്ന ചിത്രത്തിന് നിർമാതാവ് എന്ന നിലയിൽ പുരസ്‌കാരം ലഭിച്ചു. 2009ൽ പത്താം നിലയിലെ തീവണ്ടി എന്നി ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം, നിരവധി തവണ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ, 2004ൽ മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡ്, 2008ൽ ദുബായിലെ വാർഷിക മലയാളം സിനിമാ പുരസ്‌കാരം, 2013ൽ ഏഷ്യാനെറ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, 2013ൽ വനിതാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് തുടങ്ങിയവയും സ്വന്തമാക്കിയിരുന്നു.

1948 ഫെബ്രുവരി 28ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിഞ്ഞാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ് എൻ എച്ച് സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തി. ആലിസ് ആണ് ഭാര്യ. മകൻ സോണറ്റ്.

കാൻസർ വാർഡിലെ ചിരി അടക്കം അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ്, ഇരിഞ്ഞാലക്കുടയ്ക്ക് ചുറ്റും, മഴക്കണ്ണാടി, ജീവചരിത്രമായ ചിരിക്ക് പിന്നിൽ എന്നിവയാണ് രചനകൾ. ഇരിഞ്ഞാലക്കുടയ്ക്ക് ചുറ്റുമെന്ന പുസ്തകത്തിന് 2020ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'മകൾ', 'കടുവ' എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. ഫഹദ് ഫാസിലിന്റെ 'പാച്ചുവും അത്ഭുതവിളക്കും' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INNOCENT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.