SignIn
Kerala Kaumudi Online
Monday, 29 May 2023 11.02 AM IST

ഇന്നസെന്റിനെ ഇന്നസെന്റാക്കിയ സിനിമ തിയേറ്ററിൽ കണ്ട് ഭാര്യയും മകനുമടക്കം പൊട്ടിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി

innocent

''ഏതു സങ്കടക്കടലിൽ മുങ്ങിച്ചാകാൻ പോകുമ്പോഴും ചിരിയുടെ ഒരു ചെറിയ മരപ്പലകയിൽ എനിക്ക് പിടിത്തം കിട്ടാറുണ്ട്. മരണത്തിനും ഭ്രാന്തിനും ഇടയിലെ കടലിടുക്കുകൾ ഞാൻ കടന്നുപോന്നത് അങ്ങനെയാണ്""

- ഇന്നസെന്റ്

1989 ആഗസ്റ്റ് 4. 'റാംജിറാവ് സ്പീക്കിംഗ്" റിലീസായി. തൃശൂരിലെ തിയേറ്ററിൽ ഇന്നസെന്റും ഭാര്യ ആലീസും മകൻ സോണറ്റും ഉണ്ട്. സിനിമ കണ്ട് ആളുകൾ കസേരയിൽ കയറിനിന്ന് ചിരിക്കുകയാണ്. ചിരിയുടെ തിരമാലകൾക്കു നടുവിൽ ഒരാൾമാത്രം ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു. ഇന്നസെന്റ് . ആ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ഇതിനാണല്ലോ ദൈവമേ ഞാൻ ഇത്രനാൾ അലഞ്ഞത്. പട്ടിണി കിടന്നത്. പരിഹസിക്കപ്പെട്ടത്. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒളിച്ചിരുന്നത്. ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്...

ഓർമ്മകൾ തിരയടിച്ചു വന്നപ്പോഴും ഇന്നസെന്റ് കരഞ്ഞുകൊണ്ടിരുന്നു. കിടന്ന പട്ടിണിക്കെല്ലാം പകരമായി വയറു നിറഞ്ഞത് അന്നായിരുന്നുവെന്ന് ഇന്നസന്റ് പിന്നീടൊരിക്കിൽ പറഞ്ഞു.

ഇന്നസെന്റിന്റെ കരിയറിലെ നൂറ്റിയൊന്നാമത്തെ സിനിമയായിരുന്നു 'റാംജിറാവ് സ്പീക്കിംഗ്. അതേ വർഷം മേയിൽ റിലീസായ വടക്കുനോക്കിയന്ത്രത്തിലെ ഇന്നസെന്റ് അവതരപ്പിച്ച തലക്കുളം സാർ എന്ന കഥാപാത്രം കൈയടി നേടിയിരുന്നു. പക്ഷേ, ഇന്നസെന്റിന് സംതൃപ്തി തോന്നിയത് റാംജിറാവു സ്പിക്കിംഗിലെ മന്നാർമത്തായിയെ ആയിരുന്നു.

എട്ടാം ക്ലാസിൽ പഠനം നിറുത്തി. പഠിപ്പും വരുമാനവുമില്ലാതെ അലഞ്ഞുനടക്കുന്ന കാലത്ത് അദ്ദേഹത്തിനു കൈമുതലായി ഉണ്ടായിരുന്നത് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവുമാത്രമായിരുന്നു. ഇരിങ്ങാലക്കുടയിലെ കടത്തിണ്ണകളിലും ചെറു സദസ്സുകളിലും ഫലിതം പറഞ്ഞും കേൾവിക്കാർ വാങ്ങിക്കൊടുക്കുന്ന ഭക്ഷണം കഴിച്ചു വിശപ്പടക്കിയും നാളുകൾ നീക്കിയ അദ്ദേഹം ഉപജീവനത്തിനായി പല തൊഴിലുകളും പരീക്ഷിച്ചു. തീപ്പെട്ടി കമ്പനി, സ്റ്റേഷനറി കട, സിമന്റ് ഏജൻസി, വോളിബാൾ ടീം മാനേജർ..

കർണാടകയിലെ ദാവൺഗരെയിൽ തീപ്പെട്ടി കമ്പനി ഉടമയായിരുന്ന ഇന്നസെന്റ് അവസാനം കടത്തിൽ മുങ്ങി ആരും അറിയാതെ രാത്രി നാട്ടിലേക്കു മടങ്ങുകയായിരുന്നു. തീപ്പെട്ടി കമ്പനിയിലേക്കുള്ള അസംസ്‌കൃത വസ്തുക്കൾ വാങ്ങാൻ ശിവകാശിക്കു പോകുമ്പോഴാണ് മദിരാശിയിലും കോടമ്പാക്കത്തും കറങ്ങിനടന്നത്. ആ കറക്കത്തിൽ സിനിമ തലയ്ക്കു പിടിച്ചു. ചെറുവേഷങ്ങളിലൂടെ ഏറെ കറങ്ങേണ്ടി വന്നു. ഹിറ്റ് സമവാക്യങ്ങളുടെ ഭ്രമണപഥത്തിലേക്ക് എത്താൻ.

കൂട്ടുകാർക്കിടയിൽ കോമഡി പൊട്ടിക്കാൻ മിടുക്കനായിരുന്നു ഇന്നസെന്റ്. കാൻസർ വന്ന് വെല്ലുവിളച്ചപ്പോഴും 'ഒന്നു പോടേയ്..." എന്ന ഭാവത്തിൽ ചിരിച്ചു. ഭാര്യയ്ക്കുകൂടി കാൻസർ വന്നപ്പോൾ ഇന്നസന്റ് പറഞ്ഞു: 'അവൾ എന്നോടുള്ള സ്‌നേഹം കൊണ്ടതു പ്രാർത്ഥിച്ചുനേടി."

കഴിഞ്ഞ വ‌ർഷം സെപ്തംബർ 9ന് സിനിമാ ജീവിതത്തിന്റെ ഹാഫ് സെഞ്ച്വറി അദ്ദേഹം പൂർത്തിയാക്കി. 1972 സെപ്തംബർ 9നു റിലീസ് ചെയ്ത 'നൃത്തശാല"യിലാണ് അദ്ദേഹം ആദ്യമായി തിരശ്ശീലയിലെത്തിയത്.

1973ൽ അഭിനയിച്ചത് മൂന്നു സിനിമകളിൽ. 80കളുടെ മദ്ധ്യത്തിൽ വർഷംതോറും 40 സിനിമകളിൽ വരെ ഇന്നസെന്റ് അഭിനയിച്ചു.

മലയാള സിനിമയുടെ നാഴികക്കല്ലായി മാറിയ സിനിമകൾ നിർമ്മിക്കാൻ തയ്യാറെടുക്കുമ്പോഴും വേണ്ട പണമൊന്നും ഇന്നസെന്റിനുണ്ടായിരുന്നില്ല. ഭാര്യയുടെ സ്വർണം പണയംവച്ചാണ് 'വിട പറയും മുമ്പേ" എന്ന സിനിമ നിർമ്മിച്ചത്. ജോൺ പോളിന്റെ രചനയിൽ മോഹൻ ഒരുക്കിയ ചിത്രം. മരണമടുക്കുമ്പോഴും ചിരിച്ചുകൊണ്ടു ജീവിക്കുന്ന സേവ്യറിന്റെ കഥപറയുന്ന ചിത്രത്തിൽ നായകനായത് നെടുമുടിവേണു.

ഭരതൻ സംവിധാനം ചെയ്ത 'ഓർമ്മയ്ക്കായ്", കെ.ജി.ജോർജ് സംവിധാനം ചെയ്ത 'ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്" എന്നിവയുടെ നിർമ്മാണത്തിലും ഇന്നസെന്റ് പങ്കാളിയായി. 750തിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ തമിഴും കന്നടയും ഹിന്ദിയും ഇംഗ്ലീഷുമെല്ലാമുണ്ട്.

ആശുപത്രിയിൽ നിന്ന് ലൊക്കേഷനിലേക്ക്

ഒപ്പം കൂടാൻ ശ്രമിച്ച കാൻസർ പിടിച്ചു കിടത്താൻ ശ്രമിച്ചിട്ടും വഴങ്ങാതെ കുതിക്കുകയായിരുന്നു ഇന്നസെന്റ്. സെറ്റിൽ നിന്നു ആശുപത്രിയിലേക്കുപോയി തിരിച്ചു സെറ്റിലെത്തിയിരുന്ന എത്രയോ ദിവസങ്ങൾ. 1980നുശേഷം ഇന്നസെന്റ് അഭിനയിക്കാത്ത ഒരേയൊരു കൊല്ലമേയുള്ളു: 2020. അന്നദ്ദേഹം ശരിക്കും രോഗത്തിന്റെ പിടിയിലായിരുന്നു. രോഗം വന്നുംപോയും പല തരത്തിൽ വിരട്ടാൻനോക്കുമ്പോഴും ഇന്നസെന്റ് നിന്നു ചിരിക്കുകയാണ്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കൗൺസിലർ പദവി മുതൽ പാർലമെന്റ് അംഗം വരെ നീളുന്ന രാഷ്ട്രീയ ജീവിതവും ഇന്നസെന്റിനുണ്ട്. തിരഞ്ഞെടുപ്പിൽ തോറ്റ ദിവസം അദ്ദേഹം പറഞ്ഞു, എന്നെ ജനം സിനിമയിലേക്കു തിരിച്ചുവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INNOCENT, RAMJI RAVU SPEAKING
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.