SignIn
Kerala Kaumudi Online
Friday, 19 April 2024 4.49 PM IST

രാഹുൽ ഇഫക്ടിൽ കേരള രാഷ്ട്രീയപരിസരം

opinion

മോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ ഗുജറാത്തിലെ സൂററ്റ് കോടതിയുടെ ശിക്ഷാവിധിക്ക് പിന്നാലെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽഗാന്ധിയാണ് ഈ ദിവസങ്ങളിലെ വാർത്താതാരം. രാഹുലിനെതിരെ അസാധാരണവും ആശ്ചര്യജനകവുമായ ശിക്ഷാവിധിയാണ് ഉണ്ടായിരിക്കുന്നതെന്ന് നിയമരംഗത്തെ വിദഗ്ദ്ധരെല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇത് കോൺഗ്രസിനും രാജ്യത്തെ പ്രതിപക്ഷത്തിനും രാഷ്ട്രീയമേൽക്കൈ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ഏകാധിപത്യപ്രവണത തുറന്നുകാട്ടുന്നതാണ് രാഹുലിനെതിരെയുണ്ടായ ധൃതിപിടിച്ചുള്ള നീക്കങ്ങളെന്ന വിമർശനം പൊതുവിലുയരുന്നു. നേരത്തേ വിഘടിച്ച് നിൽക്കുകയായിരുന്ന പ്രതിപക്ഷത്തെ പാർട്ടികളെല്ലാം പൊതുനിലപാടെന്ന നിലയിൽ രാഹുൽഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയത് ബി.ജെ.പിക്ക് അപ്രതീക്ഷിതമായുണ്ടായ പ്രഹരമാണ്. അതിലവർക്ക് ചെറിയ ആശങ്കയില്ലാതില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണങ്ങൾ വ്യക്തമാക്കിത്തരുന്നുണ്ട്. പിന്നാക്ക കാർഡിറക്കി കളിക്കാൻ തീരുമാനിച്ചത് ഈ ആശങ്കയുടെ ബഹിർസ്ഫുരണമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

അതല്ല, ബി.ജെ.പിയുടേത് ആസൂത്രിതനീക്കമാണെന്ന് സംശയിക്കുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. കാരണം രാഹുൽ ഗാന്ധിക്കെതിരെ സൂററ്റ് കോടതിയുടെ വിധി മേൽക്കോടതിയിൽ നിലനിൽക്കില്ലെന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാക്കാവുന്ന കാര്യമാണ്. മേൽക്കോടതിയിൽ നിന്ന് രാഹുലിന് അനുകൂലവിധി വരുന്നതോടെ ഇപ്പോഴുയർന്നിരിക്കുന്ന കോലാഹലമെല്ലാം കെട്ടടങ്ങും. അപ്പോൾ, ബി.ജെ.പി ഇളക്കിവിട്ടിരിക്കുന്ന പിന്നാക്ക കാർഡ് ശക്തമായ പ്രചരണായുധമായി കോൺഗ്രസിനെയും ഇതര പ്രതിപക്ഷങ്ങളെയും പ്രഹരിക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം നേട്ടമാക്കി മാറ്റാനും അവർ ശ്രമിക്കുമെന്നാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം.

ഒ.ബി.സി വിഭാഗമായ മോദിസമുദായത്തെ രാഹുൽ അധിക്ഷേപിച്ചുവെന്നാണ് ബി.ജെ.പി ആക്ഷേപിക്കുന്നത്. സത്യത്തിൽ മോദി എന്ന സമുദായം അതേ രൂപത്തിലുണ്ടോയെന്ന തർക്കമുണ്ട്. മാത്രമല്ല, രാഹുൽ അങ്ങനെ ഒരു പ്രത്യേക വിഭാഗത്തെ അപകീർത്തിപ്പെടുത്താനുദ്ദേശിച്ച് നടത്തിയ പരാമർശമല്ലെന്ന് അദ്ദേഹത്തിന്റെ 2019ലെ വിവാദമായ പ്രസംഗം കേൾക്കുന്നവർക്കെല്ലാം മനസ്സിലാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേ രാഹുലിനെയും കുടുംബത്തെയും വ്യക്തിഹത്യ നടത്തുമാറ് അധിക്ഷേപിച്ച പരാമർശങ്ങൾ പലരുടെയും ഓർമ്മയിലിപ്പോഴുമുണ്ട്. ഇന്നലെ രാജ്ഘട്ടിൽ സത്യഗ്രഹസമരത്തെ അഭിവാദ്യം ചെയ്ത പ്രിയങ്ക ഗാന്ധി അത് സൂചിപ്പിച്ച് വികാരാധീനയായി. അത് പോട്ടെ, ബി.ജെ.പി നേതാക്കൾ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ വിദ്വേഷപ്രസംഗങ്ങൾ എത്ര ക്രൂരമാണ്.

രാഹുൽഗാന്ധിക്കെതിരായ കേസ് ഇപ്പോൾ മുറുക്കിയത്, വ്യവസായിയായ അദാനിക്കെതിരെ രാഹുൽ നിരന്തരം ഉന്നയിക്കുന്ന ആരോപണം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും വിറളി പിടിപ്പിക്കുന്നത് കൊണ്ടാണെന്ന് വിശ്വസിക്കുന്നവരെ ആർക്കും കുറ്റം പറയാനാവില്ല.

കഥകളെന്തായാലും ദേശീയരാഷ്ട്രീയം രാഹുലിനെ ചൊല്ലി ഇപ്പോൾ കലങ്ങി മറിയുകയാണ്. എം.പി സ്ഥാനത്ത് നിന്ന് രാഹുൽഗാന്ധി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ മറ്റൊരു ശ്രദ്ധേയമായ വഴിത്തിരിവ് കൂടി രാഷ്ട്രീയത്തിൽ സംഭവിച്ചിരിക്കുന്നു. അത് കേരള രാഷ്ട്രീയം ശ്രദ്ധാകേന്ദ്രമാവുന്നു എന്നതാണ്. രാഹുലിനെതിരായ നടപടിക്കെതിരെ ദേശീയതലത്തിൽ സി.പി.എമ്മും സി.പി.ഐയും ശക്തിയായി രംഗത്തുണ്ട്. രാഹുലിന് പിന്തുണയറിയിച്ച് അതിശക്തമായ പ്രതികരണമാണ് അയോഗ്യതാവാർത്ത വന്നയുടനെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സമാനപ്രതികരണങ്ങൾ നടത്തി.

രാഹുൽഗാന്ധി മത്സരിച്ച മണ്ഡലം കേരളത്തിലെ വയനാടാണ്. കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി സി.പി.എമ്മും സി.പി.ഐയും അടങ്ങുന്ന ഇടതുപക്ഷമാണ്. 2019ൽ അഖിലേന്ത്യാതലത്തിൽ ബി.ജെ.പിക്കെതിരെ വിശാല മതേതര ഐക്യത്തിന് ആഹ്വാനം ചെയ്ത് നിൽക്കുമ്പോൾ കോൺഗ്രസിന്റെ ഏറ്റവും വലിയ (അന്ന് എ.ഐ.സി.സി അദ്ധ്യക്ഷനായിരുന്നു രാഹുൽ) നേതാവായ രാഹുൽ ഗാന്ധി തന്നെ കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുക എന്ന് അതിനിശിതമായി അന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചോദിച്ചു.

ഇന്നിപ്പോൾ രാഹുലിനെതിരെ ബി.ജെ.പി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി വന്നപ്പോൾ ആദ്യം ആ നടപടിക്കെതിരെ കടന്നാക്രമണം നടത്തി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ദേശശുദ്ധി കൃത്യമാണ്. ഇനി പോരാട്ടം രാഹുൽ കേരളത്തിൽ വന്നല്ല നടത്തേണ്ടത്. ബി.ജെ.പിയെ നേരിട്ട് എതിരിടണം. അതിന് കോൺഗ്രസ് വയനാട് വന്ന് മത്സരിച്ചാൽ സന്ദേശം തെറ്റാകും. സി.പി.എം നേതാക്കളെല്ലാം അതിശക്തമായാണ് രാഹുലിനെതിരായ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വയനാട്ടിലേക്ക്

വരുമ്പോൾ

വയനാട്ടിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി ഇടതുമുന്നണിയിൽ സി.പി.ഐയാണ്. പക്ഷേ കഴിഞ്ഞ തവണത്തെ രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ് കേരളത്തിലാകമാനം കോൺഗ്രസിന് അനുകൂലമായ ഓളമുണ്ടാക്കിയെന്ന് വിശ്വസിക്കുന്നവരാണ് സി.പി.എം നേതൃത്വത്തിലെ പലരും. 2019ൽ പല സാഹചര്യങ്ങൾ സി.പി.എമ്മിനും ഇടതുമുന്നണിക്കും വിനയായിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. ശബരിമല യുവതീപ്രവേശന വിധിയെ ചൊല്ലി കേരളത്തിലങ്ങോളമിങ്ങോളം അരങ്ങേറിയ കോലാഹലങ്ങൾ ഒന്ന് ശമിച്ചതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പ്. ശബരിമല പ്രശ്നത്തിൽ വിശ്വാസിവികാരമാണ് മറ്റെന്തിനേക്കാളും മുന്നിട്ടുനിന്നത്. വിധിയെ അനുകൂലിക്കുകയെന്ന ന്യായവും സത്യസന്ധവുമായ തീരുമാനമെടുത്തത് രാഷ്ട്രീയമായി സി.പി.എമ്മിന് വിനയായി. തുടക്കത്തിൽ വിധിയെ അനുകൂലിച്ച ബി.ജെ.പി പോലും മലക്കംമറിഞ്ഞ് 'സുവർണാവസരത്തെ' രാഷ്ട്രീയമായി മുതലെടുത്തു. പക്ഷേ ബി.ജെ.പിയേക്കാളും രാഷ്ട്രീയനേട്ടം ശബരിമല സമ്മാനിച്ചത് യു.ഡി.എഫിനായിരുന്നു. ബി.ജെ.പി സമീപനത്തിൽ വിശ്വാസ്യതയില്ലായ്മയും കാപട്യവും ആളുകൾ അനുഭവിച്ചത് കൊണ്ടുകൂടിയാകാമത്.

യു.ഡി.എഫിന് ആ തിരഞ്ഞെടുപ്പിൽ തുണയായ മറ്റൊരു ഘടകം രാഹുലിന്റെ വരവ് തന്നെയായിരുന്നു. കേന്ദ്രത്തിൽ യു.പി.എ വരുമെന്ന പ്രതീക്ഷ ഉയരുകയും അത് ന്യൂനപക്ഷങ്ങളെ യു.ഡി.എഫിന് അനുകൂലമായി ചിന്തിപ്പിക്കുകയും ചെയ്തു. മറ്റൊരു ഘടകം കാസർകോട്ട് പെരിയയിലെ ഇരട്ടക്കൊലപാതകമായിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പ് നടന്ന കൊലപാതകം സി.പി.എമ്മിനെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കി.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള മലബാർമേഖലയെ ആകെ യു.ഡി.എഫിന് അനുകൂലമാക്കിത്തീർത്തതിൽ ഒരു മുഖ്യപങ്ക് രാഹുൽഗാന്ധിക്കുണ്ട്. അദ്ദേഹത്തിന്റെ കേരളത്തിലെ സ്ഥാനാർത്ഥിത്വം യു.ഡി.എഫ് അണികളെ ആവേശഭരിതരാക്കി. അതേ രാഹുലിന് നേർക്ക് ദേശീയതലത്തിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയവേട്ടയാടലുകൾ കേരളത്തിൽ യു.ഡി.എഫിന് ഗുണമുണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ഇടതുപക്ഷത്തുമുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിന് പാർലമെന്റിൽ കരുത്ത് കൂട്ടേണ്ടതിന്റെ പ്രധാന ഉത്തരവാദിത്വം വന്നുപെട്ടിരിക്കുന്നത് കേരള സി.പി.എം നേതൃത്വത്തിന്റെ തലയിലാണ്. അപ്പോൾ ന്യൂനപക്ഷത്തെ കൂടെ നിറുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് മലബാറിൽ ഇടതുപക്ഷത്തിന് പോരാട്ടം അതിനിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഹുൽവിഷയത്തിലെ ശക്തിയായ പ്രതികരണം ഇതിനോടെല്ലാം ചേർത്തു വായിക്കേണ്ടതുണ്ട്.

ഇപ്പോൾ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് സി.പി.എമ്മും സി.പി.ഐയും കരുതുന്നില്ല. പക്ഷേ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിപ്രധാനമാണ് അവർക്ക്.

യു.ഡി.എഫും

വയനാടും എൽ.ഡി.എഫും

രാഹുലിനെതിരെയുണ്ടായ നടപടികൾ കേരളത്തിലെ കോൺഗ്രസിനും യു.ഡി.എഫിനും ഒരേസമയം അനുഗ്രഹവും വെല്ലുവിളിയുമാകുന്നത് ഇവിടത്തെ പ്രത്യേകമായ രാഷ്ട്രീയസമവാക്യം ഒന്നുകൊണ്ടു തന്നെ. വയനാട്ടിൽ ഇടതുപക്ഷത്തെ വേണം കോൺഗ്രസിന് എതിർക്കാൻ. മേൽക്കോടതിയിൽ നിന്ന് അനകൂല വിധിയുണ്ടായില്ലെങ്കിലേ അയോഗ്യത നിലനിൽക്കുകയുള്ളൂ. അങ്ങനെയാവുമ്പോൾ രാഹുലിന് മത്സരിക്കാനാവാതെ വരും. അല്ലാത്തപക്ഷം രാഹുൽ തന്നെ വയനാട്ടിലേക്ക് മത്സരിക്കാൻ വരുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നമെന്നത്, ഇവിടെ മുഖ്യമായും എതിർക്കേണ്ടത് ഇടതിനെയാണ് എന്നതാണ്.

ബി.ജെ.പിക്കെതിരായ പോരാട്ടം അവസാനിക്കില്ലെന്ന് ശക്തിയുക്തം പ്രഖ്യാപിച്ച് നിൽക്കുന്ന രാഹുൽ, വയനാട്ടിലെത്തി നിർണായകഘട്ടത്തിൽ തന്നെ പിന്തുണച്ച ഇടതുപക്ഷത്തിനെതിരെ മത്സരിക്കുമോ എന്ന ചോദ്യം സി.പി.എമ്മും സി.പി.ഐയും ഉയർത്തുമെന്നതിന്റെ സൂചനയാണ് ഇടത് നേതാക്കളുടെ ഇപ്പോഴത്തെ ആവേശത്തോടെയുള്ള പ്രതികരണങ്ങൾ. അതിന് മറുപടി നൽകുകയെന്നത് കോൺഗ്രസിനും രാഹുലിനും വെല്ലുവിളിയായിരിക്കും. എന്നാൽ, വയനാട്ടിലെ ജനങ്ങൾ തനിക്ക് കുടുംബമാണെന്ന് വൈകാരികമായി പ്രതികരിച്ച രാഹുൽ വയനാടിനെ കൈവെടിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ.

തിരിച്ച് എൽ.ഡി.എഫിനോടുമുയരും ചോദ്യങ്ങൾ. പാർലമെന്റിൽ മോദിയുടെയും ബി.ജെ.പിയുടെയും ശക്തനായ എതിരാളിയായ രാഹുലിനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നല്ല സൂചനയാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരിക എൽ.ഡി.എഫിനും പ്രയാസമായിരിക്കും.

ഏതായാലും കരുതലോടെയാണ് ഇരുമുന്നണികളുടെയും ചലനങ്ങൾ. ന്യൂനപക്ഷ പിന്തുണ ആർജിച്ചെടുക്കാൻ ആര് മുന്നിലെന്ന മത്സരം പോലെ തോന്നിക്കുന്നുണ്ട് കാര്യങ്ങൾ. ഒരു ഭാഗത്ത് രാഹുലിന് പിന്തുണ പ്രഖ്യാപിക്കുകയും മറുഭാഗത്ത് കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന പ്രവർത്തകരെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ ഇരട്ടനിലപാടാണെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. എന്നാൽ, കേരളത്തിലെ കോൺഗ്രസിന് ബി.ജെ.പിയെ എതിർക്കുന്നതിൽ ശക്തിപോരെന്ന വിമർശനമാണ് സി.പി.എം ഉന്നയിക്കുന്നത്. ബി.ജെ.പിയെ പേരെടുത്ത് അവർ പറയുന്നേയില്ലെന്നാണ് വിമർശനം.

ദേശീയതലത്തിലെ ഐക്യപ്പെടൽ കേരളത്തിന് ബാധകമല്ലെന്ന് തന്നെയാണ് ഇരുമുന്നണികളുടെയും നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒരു പടികൂടി കടത്തിപ്പറഞ്ഞത് ശ്രദ്ധേയമാണ്. സി.പി.എമ്മിന്റെ പിന്തുണ രാഹുലിനല്ല , രാഹുലിനെതിരെയുണ്ടായ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ആണെന്നാണ് ഗോവിന്ദൻ വ്യക്തമാക്കിയത്.

ദേശീയരാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങളുടെ സവിശേഷ പശ്ചാത്തലത്തിൽ, വയനാട്ടിൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം രാഹുലിനെതിരെ മത്സരിക്കാതെ പിന്തുണയ്ക്കുന്നത് ഒന്ന് സങ്കല്പിച്ച് നോക്കൂ. അപ്പോൾ കോൺഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടുന്ന നിലതന്നെ വരും. സി.പി.എം, സി.പി.ഐ ദേശീയ നേതൃത്വങ്ങൾ അങ്ങനെയൊരു ത്യാഗസന്നദ്ധതയിലേക്ക് നീങ്ങിയാലത് അപൂർവ സുന്ദരകാഴ്ചയാവും. എന്നാൽ ഇപ്പോഴത്തെ സ്ഥിതിഗതികൾ വച്ചുനോക്കുമ്പോൾ അങ്ങനെ സംഭവിക്കില്ലെന്ന് തന്നെ വേണം മനസിലാക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.