SignIn
Kerala Kaumudi Online
Thursday, 25 April 2024 12.13 PM IST

ടൂറിസ്റ്റുകൾ ആക്രമിക്കപ്പെടരുത്

photo

ടൂറിസം വികസിപ്പിക്കുന്നതിന് വലിയ ഹോട്ടലുകളോ ഭക്ഷണശാലകളോ മറ്റു സൗകര്യങ്ങളോ അല്ല ആദ്യം വേണ്ടത്. അതൊക്കെ ടൂറിസ്റ്റുകൾ വരുന്ന മുറയ്ക്ക് സ്വാഭാവികമായി വർദ്ധിച്ചുകൊണ്ടിരിക്കും. ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ പ്രാധാന്യം നല്‌കുന്നത് സുരക്ഷിതത്വത്തിനാണ്. അവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാൽ മതി. അന്യനാട്ടിൽവച്ച് ദേഹോപദ്ര‌വമേല്‌ക്കുന്ന ഒരാൾ പിന്നീടൊരിക്കലും ആ നാട്ടിലേക്ക് വരില്ല. മാത്രമല്ല ഇപ്പോൾ ഫേസ്‌‌ബുക്ക്, ട്വിറ്റർ തുടങ്ങിയ മാദ്ധ്യമങ്ങൾ ഉള്ളതിനാൽ ഒറ്റപ്പെട്ട സംഭവങ്ങൾപോലും എല്ലാവരും അറിയാനും ഇടയാക്കും. ഒരു സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് വിദേശ ടൂറിസ്റ്റുകൾ ഏറ്റവും കൂടുതൽ ആരായുന്നത് ആ സ്ഥലം 'സേഫ്" ആണോ എന്നതാണ്. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലേക്ക് അത് എത്ര മനോഹരമായാലും വിദേശികൾ വരില്ല. വിദേശികളായല്ല അതിഥികളായാണ് നാം അവരെ കാണേണ്ടതെന്ന ഉദ്‌ബോധനങ്ങൾ എല്ലാ ടൂറിസം സെമിനാറുകളിലും ആവർത്തിച്ച് കേൾക്കാറുള്ളതുമാണ്. എന്നാൽ അടുത്തിടെ കോവളത്തും ശംഖുംമുഖത്തും നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും വിദേശികളെ ആക്രമിക്കാനുള്ള പ്രവണത നാട്ടുകാരിൽ കൂടിവരുന്നോ എന്ന ആശങ്കയുളവാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടികളെടുക്കുന്നതിൽ യാതൊരു അലംഭാവവും ഉണ്ടാകരുത്. വിദേശികളെ ആക്രമിക്കുന്ന കേസുകളിൽ പരമാവധി ശിക്ഷ നല്‌കാൻ കോടതികളും മുൻഗണന നല്‌കേണ്ടതാണ്.

വിദേശികളെ ചുറ്റിപ്പറ്റി പണമുണ്ടാക്കുന്നവർ തമ്മിലുള്ള ഭിന്നതയാണ് പലപ്പോഴും വിദേശികൾ ആക്രമിക്കപ്പെടാൻ ഇടയാക്കുന്നത്. കോവളത്ത് ഒരു ടാക്സി ഡ്രൈവർ നെതർലൻഡ് സ്വദേശിയെ ആക്രമിച്ചത് യാത്ര ചെയ്യാൻ തന്റെ കാർ ഉപയോഗിക്കണമെന്ന ആവശ്യം നിർബന്ധപൂർവം അടിച്ചേല്‌പിച്ചതിന്റെ ഭാഗമായാണ് . ശംഖുംമുഖത്ത് പ്രായപൂർത്തിയാകാത്ത ഒരു പയ്യനാണ് വിദേശ വനിതയെ ആക്രമിച്ചത്. ആക്രമണങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾക്ക് അധികൃതർ പ്രാധാന്യം നല്‌കണം. കോവളത്ത് നിരീക്ഷണത്തിനും സുരക്ഷയ്ക്കും ടൂറിസ്റ്റ് പൊലീസിനെ നിയോഗിക്കുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഒന്നും ഇതുവരെ പ്രാവർത്തികമായിട്ടില്ല. ടൂറിസ്റ്റ് സ്ഥലങ്ങളിൽ കൂടുതൽ കാമറകൾ സ്ഥാപിച്ച് ഇരുപത്തിനാല് മണിക്കൂറും നിരീക്ഷണം നടത്താനുള്ള സംവിധാനങ്ങൾക്ക് ടൂറിസം വകുപ്പ് മുൻകൈയെടുത്ത് നടപടികൾ സ്വീകരിക്കണം.

കോവളത്ത് വിദേശിക്ക് മർദ്ദനമേറ്റ സംഭവത്തെത്തുടർന്ന് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം കളക്ടർ വിളിച്ചിരിക്കുകയാണ്. സംഭവം ടൂറിസം രംഗത്തിനു മങ്ങലേൽപ്പിക്കാതിരിക്കാൻ ആതിഥ്യമര്യാദപാലനം സംബന്ധിച്ച അവബോധം സൃഷ്ടിക്കാനാണ് യോഗം കൂടുന്നത്. ഇത്തരം യോഗങ്ങളിലെ തീരുമാനങ്ങൾ പലപ്പോഴും നടപ്പാക്കപ്പെടാതെ പോവുകയാണ് പതിവ്. അതിനി സംഭവിക്കരുത്. കോവളം, വർക്കല ബീച്ചുകളിലെ പൊലീസ് സാന്നിദ്ധ്യം, സുരക്ഷാ പരിമിതികൾ, സാമൂഹ്യവിരുദ്ധരുടെ ഇടപെടലുകൾ എന്നിവ സംബന്ധിച്ച് പഠിച്ച് നിർദ്ദേശങ്ങൾ നല്‌കാൻ ഒരു സമിതിയെ നിയോഗിക്കുന്നതും നല്ലതാണ്. വിദേശികൾ നിരന്തരം ആക്രമിക്കപ്പെട്ടാൽ തകരുന്നത് കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന നമ്മുടെ ടൂറിസം രംഗമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIOLENCE AGAINST TOURISTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.