കൊച്ചി: പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അട്ടിമറി സാദ്ധ്യത നിലനിൽക്കുന്നതായി കുടുംബത്തിന്റെ ആരോപണം. മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ചത് ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ കസ്റ്റഡി മർദ്ദനമാണെന്നാണ് കുടുംബാംഗങ്ങൾ ആവർത്തിക്കുന്നത്. മരണകാരണം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർക്കാനായി ആസൂത്രിതമായ ശ്രമം നടക്കുന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പൊലീസുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
പൂർണ ആരോഗ്യവാനായിരുന്ന മനോഹരന് ഹൃദയാഘാതം ഉണ്ടായെങ്കിൽ അത് പൊലീസ് മർദ്ദനം മൂലമാണെന്നാണ് ബന്ധുക്കളുടെ വാദം. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതിന് ശേഷവും മനോഹരനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതെന്തിനാണെന്ന ചോദ്യവും അവർ ഉന്നയിച്ചു. സംഭവത്തിൽ എസ് ഐയെ മാത്രം സസ്പെൻഡ് ചെയ്ത നടപടിയിൽ അതൃപ്തിയും കുടുംബാംഗങ്ങൾ രേഖപ്പെടുത്തി. വാഹന പരിശോധനയ്ക്കിടയിൽ മനോഹരന് മർദ്ദനമേറ്റതായി ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണ് മനോഹരൻ മരിച്ചതെന്നും കസ്റ്റഡി മർദ്ദനമുണ്ടായിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
ശനിയാഴ്ചയാണ് മനോഹരന്റെ മരണത്തിലേയ്ക്ക് നയിച്ച പൊലീസ് പരിശോധന നടന്നത്. രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന മനോഹരനെ ഇരുട്ടിൽ ഒരു പൊലീസുകാരൻ കൈകാണിച്ചു. വാഹനം നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ വളവിൽ വച്ച് പൊലീസ് സംഘം തടഞ്ഞു. വണ്ടി നിറുത്താത്തത് ചോദ്യം ചെയ്ത പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്സാക്ഷിയുടെ മൊഴി, പരിശോധനയിൽ മദ്യപിച്ചില്ല എന്ന് വ്യക്തമായതിന് പിന്നാലെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പിന്നാലെ മനോഹരൻ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം തൃപ്പൂണിത്തുറ ആശുപത്രിയിലും പിന്നാലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |