SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.07 AM IST

മ്യൂണിക് സുരക്ഷാ സമ്മേളനം; ഇന്ത്യയുടെ സവിശേഷ സാദ്ധ്യതകൾ

photo

യുക്രയിൻ പ്രതിസന്ധിയായിരുന്നു ഇക്കുറി സമ്മേളനത്തിന്റെ പ്രധാന ചർച്ച. പാശ്ചാത്യരാജ്യങ്ങളുടെ അടിസ്ഥാനസുരക്ഷയും സാമ്പത്തിക ഭദ്രതയുമൊക്കെ യുദ്ധംമൂലം വിറങ്ങലിച്ചു. അതേസമയം അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവ യോജിച്ച് പ്രവർത്തിച്ച് ആവശ്യമായ സമയങ്ങളിൽ യുക്രെയിനിന് ആയുധങ്ങൾ നൽകുകയും റഷ്യയ്ക്കുമേൽ ഉപരോധമേർപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയാണെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക - ബ്രിട്ടൻ ചേരിയും യൂറോപ്യൻ യൂണിയനിലെ വൻ ശക്തികളായ ജർമ്മനി-ഫ്രാൻസ് ചേരിയും തമ്മിലുള്ള വൈരുദ്ധ്യം വളരുകയാണ്. യുദ്ധമവസാനിപ്പിക്കാൻ സംഘർഷത്തിന് ബദലായി നയതന്ത്രചർച്ച വേണമെന്നാവശ്യപ്പെട്ട് പാശ്ചാത്യശക്തികളിൽ നിന്ന് വേറിട്ട് നിൽക്കാനാണ് മാക്രോൺ ശ്രമിച്ചത്. മാത്രമല്ല റഷ്യയിലെ ഭരണമാറ്റത്തിനായി നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു.

ജർമ്മനിയാകട്ടെ മൃദുസുരക്ഷാ നയത്തിൽ കാതലായ മാറ്റം വരുത്തുകയും സൈന്യത്തെ ശക്തിപ്പെടുത്താൻ സീറ്റെൻവെൻഡെ നയപ്രകാരം 100 ശതകോടി യൂറോ നീക്കി വയ്ക്കുകയും ചെയ്തു. റഷ്യയിൽ നിന്നുള്ള വിലകുറഞ്ഞ ഊർജ്ജ സ്രോതസ് ഉപയോഗിച്ചാണ് യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജർമ്മനി നിലനിന്നിരുന്നത്. യുക്രെയിൻ യുദ്ധം അവർക്ക് വലിയ തിരിച്ചടിയായി. ഉപരോധ ചക്രച്ചുഴിയിലായിട്ടും 2023 ൽ റഷ്യൻ സമ്പദ്‌വ്യവസ്ഥ ജർമ്മനി, യു.കെ എന്നീ രാജ്യങ്ങളെക്കാൾ വളർച്ച രേഖപ്പെടുത്തുന്നുവെന്നാണ് ഐ.എം.എഫ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധി വളരുകയും തിരഞ്ഞെടുപ്പിൽ ജനപ്രിയ തീരുമാനങ്ങളെടുക്കേണ്ട സമ്മർദ്ദമേറുകയും ചെയ്യുന്നതോടെ യൂറോപ്പിലെ ജനാധിപത്യരാജ്യങ്ങൾ യുക്രെയിനിനെ പിന്തുണയ്ക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നു. യുദ്ധത്തിൽ തളർന്ന റഷ്യയാകട്ടെ ചൈനയോട് കൂടുതൽ അടുക്കുന്നു.

പാശ്ചാത്യരാജ്യങ്ങളുടെ സൈനികശേഷിയിലും പിന്തുണയിലും സംശയം ഉണർന്നിരിക്കെ തായ്‌വാന്റെ ചങ്കിടിപ്പ് കൂടുകയാണ്. അവരുടെ നിരവധി ദ്വീപുകൾ ചൈനീസ് യുദ്ധപ്പേടിയിൽ കഴിയുന്നു. അതിനാൽ അവർ ദ്രുതഗതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ്. ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെയും ഉത്തരകൊറിയയുടെയും ഭീഷണി കണക്കിലെടുത്ത് ജപ്പാനും ദക്ഷിണ കൊറിയയും പ്രതിരോധച്ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയെന്ന ഏകചേരിയുമായി വിരാജിച്ചിരുന്ന ലോകം ഇന്ന് വാഷിംഗ്ടണും ബ്രസൽസും നേതൃത്വം നൽകുന്ന ചേരിയും ബീജിംഗും മോസ്‌കോയും നേതൃത്വം നൽകുന്ന ചേരിയുമായി തിരിഞ്ഞിരിക്കുകയാണ്.

പൂർണമായും ദേശീയതാത്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ഈ വിഷയത്തിൽ നിലപാടെടുത്തത്. ലാറ്റിനമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളും സമാനമായ നിലപാടാണെടുത്തത്. യുദ്ധത്തിന്റെ സമയമല്ല ഇതെന്ന് പ്രധാനമന്ത്രി മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് അസന്നിഗ്ദ്ധമായി പറഞ്ഞു. റഷ്യയിൽ നിന്ന് വിലകുറഞ്ഞ പെട്രോളിയം ഇന്ധനങ്ങളും രാസവളങ്ങളും ഇന്ത്യ ഉറപ്പുവരുത്തിയതോടെ അധികബജറ്റ് സമ്മർദ്ദം ഒഴിവായി. പ്രതിരോധ സഹകരണം തുടരുന്നതോടെ സൈന്യത്തിന്റെ യുദ്ധതയ്യാറെടുപ്പുകളിലെ തടസവും ഒഴിവാക്കാനായി. നമ്മുടെ ഏറ്റവും വലിയ പ്രതിരോധപങ്കാളി റഷ്യയാണ്. സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ പ്രതിരോധമേഖലയുടെ സ്വദേശിവത്കരണത്തിലും റഷ്യ പ്രധാന പങ്കുവഹിക്കുന്നു.
യുക്രെയിൻ വിഷയത്തിലെ എല്ലാ ചേരികളിലുമുള്ള രാജ്യങ്ങളുമായി മികച്ചബന്ധം തുടരുന്നതിലൂടെ ഇന്ത്യയുടെ സത്‌പേര് അന്താരാഷ്ട്രതലത്തിൽ വർദ്ധിക്കുകയും വിഷയത്തിലെ നയതന്ത്രപരിഹാരത്തിന് സുപ്രധാന പങ്കുവഹിക്കാൻ അരങ്ങൊരുങ്ങുകയും ചെയ്തു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവറോവും ആദ്യ കൂടിക്കാഴ്ച നടത്തിയത് ജി20 സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിലായിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്.

പ്രതിരോധം, വാണിജ്യം, ഉന്നതസാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണം നിമിത്തം ഇന്ത്യ യു.എസ് ബന്ധം ഏറ്റവും മികച്ച സ്ഥിതിയിലാണ്. ക്വാഡ് സംവിധാനത്തിലൂടെ സമുദ്രസുരക്ഷയ്ക്കായി സമാനമനസ്‌‌കരായ രാജ്യങ്ങളുമായി തന്ത്രപ്രധാന സഖ്യത്തിന് രൂപം നൽകിയിട്ടുണ്ട്. ഫ്രാൻസ്, ജർമ്മനി, യു.എ.ഇ, എന്നീ രാജ്യങ്ങളുമായുള്ള മികച്ച സാമ്പത്തിക സഹകരണവും നിലവിൽ ചൈനീസ് സ്വാധീനമുള്ള ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിലെ വികസന പദ്ധതികളിലെ പങ്കാളിത്തവും ഇന്ത്യ നടത്തുന്നു.

ലോകസമ്പദ് വ്യവസ്ഥയുടെ കേന്ദ്രം കിഴക്കിലേക്ക് മാറുകയാണ്. ഇത് മനസിൽക്കണ്ട് ബ്രിക്സ് (ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക), എസ്‌.സി.ഒ(ഷാങ് ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ) കൂട്ടായ്മകളും സജീവമായി നിലനിറുത്താൻ ഇന്ത്യ ശ്രദ്ധിക്കുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതി പാക് അധീന കശ്മീരിലൂടെ കടന്നു പോകുന്നതിനാൽ അതിൽനിന്ന് വിട്ടുനിൽക്കാനും ഇന്ത്യ തീരുമാനിച്ചു. യു.എ.ഇ, ഇസ്രായേൽ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ പശ്ചിമേഷ്യയിൽ കൂടുതൽശ്രദ്ധ കേന്ദ്രീകരിക്കാനുമായി. അമേരിക്ക പശ്ചിമേഷ്യയിൽ നിന്നും ഇന്തോപസഫിക് മേഖലയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്. ഇന്ത്യയാകട്ടെ, ഇറാൻ, റഷ്യ, മദ്ധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയുടെ സഹകരണത്തോടെ , അഫ്ഗാൻ പ്രശ്നങ്ങൾ തിളച്ചുതൂവി രാജ്യത്തേക്ക് വീഴാതിരിക്കാനും പ്രത്യേകശ്രദ്ധ പുലർത്തുന്നു. ഈ നീക്കങ്ങൾ മികച്ച ഫലം നൽകുന്നുമുണ്ട്.

ജി 20, എസ്.സി.ഒ എന്നിവയുടെ അദ്ധ്യക്ഷപദം അലങ്കരിക്കാനുള്ള ചരിത്രപരമായ അവസരമാണ് ഇന്ത്യയ്ക്ക് 2023 ൽ കൈവന്നിരിക്കുന്നത്. ദ്രുതഗതിയിൽ വളരുന്ന ബഹുചേരി രാഷ്ട്രീയത്തിൽ സംഘർഷം ഒഴിവാക്കി പരസ്പര സഹകരണത്താൽ മാത്രമേ സുരക്ഷയും അഭിവൃദ്ധിയുമുണ്ടാകൂ എന്ന സന്ദേശം നൽകാനും ഇന്ത്യയ്‌ക്ക് സാധിക്കും.

(രാഷ്ട്രീയ -സാമ്പത്തിക തന്ത്രപ്രധാന മേഖലകളിലെ നിരീക്ഷകനായ ലേഖകൻ 2023 ലെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ യുവനേതാവിനുള്ള ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്. )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUNICH SECURITY CONFERENCE 2023
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.