SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.34 PM IST

'ധ്രുവി'ന് എന്തുപറ്റി..?

druv

സൈനിക ദൗത്യങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും അതിർത്തി നിരീക്ഷണത്തിനുമടക്കം പ്രതിരോധസേനകളുടെ വിശ്വസ്തനായ 'ധ്രുവ് ' ഹെലികോപ്ടറിന് ഇതെന്തുപറ്റി ? അടിക്കടിയുണ്ടാവുന്ന അപകടങ്ങൾ കോപ്ടറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. ഞായറാഴ്ച പരിശീലന പറക്കലിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ തീരസംരക്ഷണ സേനയുടെ ധ്രുവ് കോപ്ടർ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയതാണ് ഒടുവിലത്തേത്. ഈ മാസം ആദ്യം മുംബൈ തീരത്തുണ്ടായ അപകടത്തിൽ നാവികസേനയുടെ ധ്രുവ് ഹെലികോപ്ടർ സാങ്കേതിക തകരാർ കാരണം അറബിക്കടലിലാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. വൈമാനികരെ മറ്റൊരു ഹെലികോപ്റ്റർ എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. ജമ്മുകാശ്മീരിലടക്കം കരസേനയുടെ ധ്രുവ് കോപ്ടറുകൾ മുൻപ് തകർന്നുവീണിട്ടുണ്ട്. കേരളത്തിൽ മഹാപ്രളയകാലത്ത് ജനങ്ങളെ രക്ഷിക്കാൻ മുൻനിരയിലുണ്ടായിരുന്നു ധ്രുവ് കോപ്ടർ. കെട്ടിടങ്ങളുടെ മുകളിൽ കുടുങ്ങിപ്പോയ നിരവധിപേരെയാണ് ധ്രുവ് കോപ്ടറുകൾ കോരിയെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലാക്കിയത്.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോപ്ടറാണ് ധ്രുവ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് ഈ വിവിധോദ്ദേശ്യ കോപ്ടർ നിർമ്മിച്ചത്. ജർമ്മൻ കമ്പനി എം.ബി.ബിയുടെ സഹകരണത്തോടെ 1984ലാണ് ആദ്യ കോപ്ടർ നിർമ്മാണം തുടങ്ങിയത്. 1992ൽ ആദ്യ പറക്കൽ നടത്തിയ കോപ്ടർ 1998 ൽ കമ്മിഷൻചെയ്തു. സൈനിക, സിവിലയൻ ആവശ്യത്തിന് ഉപയോഗിക്കുന്ന കോപ്ടർ വൻതോതിൽ കയറ്റുമതി ചെയ്യുന്നുമുണ്ട്.

2002ലാണ് സൈന്യത്തിലേക്ക് എത്തുന്നത്. സൈനിക ആവശ്യത്തിനും സിവിലിയൻ ആവശ്യത്തിനും ഈ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്. രണ്ട് പൈലറ്റുമാരുള്ള ഹെലികോപ്‌ടറിൽ 12 ആളുകളെവരെ വഹിക്കാനാവും. 15.9 മീറ്റർ‌ നീളവും 13.2 മീറ്റർ വീതിയും 4.98 മീറ്റർ‌ ഉയരവുമുണ്ട്. മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്ന ധ്രുവിന് 640 കിലോമീറ്റർ വരെ ഒറ്റയടിക്ക് പറക്കാം. മുംബയിൽ കടലിൽ ഇറക്കേണ്ടിവന്ന തകരാറിനെത്തുടർന്ന് ധ്രുവ് കോപ്ടറുകളുടെ സേവനം പ്രതിരോധസേന താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തീരദേശസേനയെ കൂടാതെ കര, നാവിക, വ്യോമസേനകളും എ.എൽ.എച്ച്. ഉപയോഗിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നതുവരെ ധ്രുവ് ഉപയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനം. സാധനങ്ങളെത്തിക്കുന്നതിനും യാത്രയ്ക്കുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കും സേനാവിഭാഗങ്ങൾ ഈ ഹെലികോപ്ടർ ഉപയോഗിക്കുന്നുണ്ട്.

2022ഫെബ്രുവരിയിലാണ് രണ്ട് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകൾ കൊച്ചി തീരസംരക്ഷണ സേനയുടെ ഭാഗമായത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എം.കെ-III ശ്രേണിയിൽപ്പെട്ട ഈ കോപ്ടറുകളെത്തിയതോടെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തീരസംരക്ഷണ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കരുത്താർജിച്ചിരുന്നു. നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് ഈ ഇനത്തിലെ പത്ത് കോപ്ടറുകൾ തീരസംരക്ഷണ സേനയ്ക്ക് നൽകിയിട്ടുണ്ട്. അത്യാധുനിക സെൻസറുകളും ആയുധങ്ങളും ഉൾക്കൊള്ളുന്ന നാവിക ഹെലികോപ്ടറാണ് ധ്രുവ്. ആധുനിക നിരീക്ഷണ റഡാറും ഇലക്‌ട്രോ ഒപ്ടിക്കൽ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. പകലും രാത്രിയും ഏതു കാലാവസ്ഥയിലും ദീർഘദൂര തിരച്ചിലിനും രക്ഷാ പ്രവർത്തനങ്ങൾക്കും സമുദ്ര നിരീക്ഷണങ്ങൾക്കും ഇവ ഉപയോഗിക്കാം. പ്രതിരോധാവശ്യങ്ങൾക്കായി ഒരു ഹെവി മെഷീൻഗണ്ണും ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിന് ,​ നീക്കം ചെയ്യാവുന്ന വിധത്തിലുള്ള മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റും കോപ്ടറിൽ ഘടിപ്പിച്ചിട്ടുണ്ട്.

നെടുമ്പാശേരിയിൽ ധ്രുവ് ഹെലികോപ്ടർ ഇടിച്ചിറക്കാൻ കാരണം യന്ത്രത്തകരാറാണെന്നാണ് വിവരം. തീരസംരക്ഷണ സേനയുടെ ഡപ്യൂട്ടി കമാൻഡന്റും മലയാളിയുമായ വിപിനാണു ഹെലികോപ്റ്റർ പറത്തിയത്. കമാൻഡന്റ് കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ടോട്‌ല എന്നിവരാണു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരും രക്ഷപെട്ടു. പ്രധാന റൺവേക്ക് അഞ്ച് മീറ്റർ അകലെയായിരുന്നു അപകടം.

ഇടിച്ചിറക്കിയ ഉടൻ ഇടത്തേക്കു ചരിഞ്ഞുവീണ ഹെലികോപ്റ്ററിന്റെ പ്രധാന ബ്ലേഡുകൾ നിലത്തുതട്ടി ഒടിഞ്ഞുതൂങ്ങി. ചട്ടക്കൂടിനും സാരമായ തകരാറുണ്ട്. കഴിഞ്ഞവർഷം തീരസംരക്ഷണ സേനയുടെ കൊച്ചി യൂണിറ്റിനു ലഭിച്ച 2 എഎൽഎച്ച് ധ്രുവ് എം.കെ 3 ഹെലികോപ്റ്ററുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ്ഗാർഡ് എയർസ്റ്റേഷനോടു ചേർന്ന ഹെലിപ്പാഡിൽനിന്നു പറന്നുയർന്ന് 40 അടി ഉയരത്തിൽ എത്തിയപ്പോൾ നിയന്ത്രണംവിട്ട ഹെലികോപ്‌ടർ പൈലറ്റുമാർ ഏറെപ്പണിപ്പെട്ട് റൺവേയുടെ ഇടതുവശത്ത് ഇടിച്ചിറക്കുകയായിരുന്നു. മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമുള്ള ചലനങ്ങൾ നിയന്ത്രിക്കുന്ന സൈക്ലിക് കൺട്രോൾസിനുണ്ടായ തകരാറാണ് അപകടകാരണം. സേന വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പരിശീലനത്തിനായി പറന്നു പൊങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടത് യന്ത്രത്തകരാർ മൂലമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് സേന വിശദമായ അന്വേഷണം നടത്തുകയാണ്. കോപ്‌ടറിന്റെ മുന്നോട്ടേക്കും വശങ്ങളിലേക്കുമുള്ള ചലനം നിയന്ത്രിക്കുന്ന സംവിധാനം തകരാറിലായെന്നാണ് കോസ്റ്റ് ഗാർഡ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. പൈലറ്റിന്റെ ഭാഗത്ത് പിഴവില്ലെന്നാണ് കരുതുന്നത്. കോസ്റ്റൽ ഏവിയേഷൻ സേഫ്ടി വിഭാഗവും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. അപകടം സംബന്ധിച്ച് നെടുമ്പാശേരി വിമാനത്താവള അധികൃതർ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ജി.ഡി.സി.എ) റിപ്പോർട്ട് നൽകി. ഉടൻ ജി.ഡി.സി.എ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALH DHRUV HELICOPTER
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.