ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ സവർക്കർ വിരുദ്ധ പരമാർശത്തിൽ കനത്ത എതിർപ്പ് പ്രകടിപ്പിച്ച ശിവസേന നേതാവ് ഉദ്ധവ് താക്കറയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസ് നേതൃത്വം. സവർക്കറല്ല മോദിയാണ് രാഷ്ട്രീയ എതിരാളി എന്നാണ് കോൺഗ്രസിലെയും എൻസിപിയിലെയും മുതിർന്ന നേതാക്കളുടെ ഇപ്പോഴുള്ള നിലപാട്. സവർക്കർ വിരുദ്ധ പരമാർശം നടത്തിയ രാഹുൽ ഗാന്ധി തന്നെ ഉദ്ധവ് താക്കറെയ ഫോണിൽ ബന്ധപ്പെട്ടതായാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. മാപ്പ് പറയാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ നടത്തിയ പരാമർശത്തെച്ചൊല്ലിയാണ് കോൺഗ്രസും ബിജെപിയും തമ്മിൽ അസ്വാരസ്യമുണ്ടായത്.
ശിവസേന ആരാദ്ധ്യനായി കണക്കാക്കുന്ന സവർക്കക്കെതിരെ നിലപാട് മയപ്പെടുത്തിയില്ലെങ്കിൽ മഹാരാഷ്ട്രയിൽ രൂപീകരിച്ച പ്രതിപക്ഷ സഖ്യത്തിന് വിള്ളൽ വീഴുമെന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിൽ നിലനിൽക്കുന്നതായാണ് വിവരം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ നിന്ന് പ്രതിഷേധ സൂചകമായി ശിവസേന വിട്ടുനിന്നിരുന്നു. കൂടാതെ കോൺഗ്രസ്-എൻസിപി- ശിവസേന സഖ്യമായ മഹാ വികാസ് അഖാഡി പോരാട്ടത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയാൽ രാജ്യത്തെ അവസാന തിരഞ്ഞെടുപ്പായിരിക്കും 2024-ൽ നടക്കുകയെന്ന അപായ സൂചനയും ഉദ്ധവ് നൽകി. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ നിലപാട് മയപ്പെടുത്തി ഉദ്ധവ് താക്കറയെ തണുപ്പിക്കാനുള്ള ശ്രമം കോൺഗ്രസും എൻസിപിയും ആരംഭിച്ചത്.
വിഷയത്തിൽ എൻസിപി അദ്ധ്യക്ഷനായ ശരത് പവാർ അടക്കം ശിവസേനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സവർക്കർ ആർഎസ്എസിന്റെ ഭാഗമായിരുന്നില്ലെന്നാണ് ശരത് പവാർ അറിയിച്ചത്. കൂടാതെ വരുന്ന തിരഞ്ഞെടുപ്പുകളിലെ എതിരാളി മോദിയാണ്, സവർക്കറല്ലെന്നും അദ്ദേഹം യുവ കോൺഗ്രസ് നേതാവിനെ അറിയിച്ചു. ഇതിന് പിന്നാലെ തന്നെ രാഹുൽ ഉദ്ധവ് താക്കറേയുമായി ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ശിവസേന നേതാവായ സഞ്ജയ് റാവൂത്ത് നടത്തിയത്. സവർക്കറിനെ രാഹുൽ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രശ്നങ്ങൾ അടഞ്ഞ അദ്ധ്യായമാണെന്നും റാവൂത്ത് അറിയിച്ചു. അതേസമയം സവർക്കറെ അപകീർത്തിപ്പെടുത്താനുള്ള രാഹുലിന്റെ ശ്രമത്തിനെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്നയും വിമർശനമുന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |