SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.54 AM IST

ചോര തിളയ്ക്കുന്ന കൗമാരം

opinion

ക്വട്ടേഷൻ സംഘങ്ങൾ ഒരു കാലത്ത് കേരളത്തിന്റെ ശാപമായിരുന്നു. പൊലീസിലും ഭരണകർത്താക്കളിലും രാഷ്ട്രീയ പാർട്ടികളിലും സ്വാധീനമുറപ്പിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങൾ നാടിന് പൊതുശല്യമായപ്പോഴാണ് അവരെ അമർച്ച ചെയ്യാൻ ഭരണകൂടം നിർബന്ധിതമായത്. എന്നാലും, ഗ്രാമങ്ങളിലും നഗരങ്ങളിലും ചില സന്ദർഭങ്ങളിലെങ്കിലും ക്വട്ടേഷൻ ടീമുകൾ തലപൊക്കുന്നുണ്ട്. അധീശത്വം ഉറപ്പിക്കലാണ് ലക്ഷ്യം. മറ്റാരും ഉയർന്നുവരാതെ ഒാരോ സ്ഥലങ്ങളിലും ഒാരോ സംഘങ്ങളുടെ കീഴിലാകും. ആയുധങ്ങൾ കൊണ്ടുള്ള പോരാട്ടത്തിൽ വിജയിക്കുന്നവരാണ് സ്ഥലത്തെ ചട്ടമ്പിമാർ.

പത്തനംതിട്ട പൊതുവെ സമാധാനമുള്ള നഗരമാണ്. വല്ലപ്പോഴും രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ ചെറിയ തോതിൽ അടിപിടികൾ ഉണ്ടാകുന്നതല്ലാതെ, ഗുണ്ടാ സംഘങ്ങൾക്ക് വളക്കൂറുള്ള മണ്ണല്ല. നഗരത്തിലെ മുക്കിലും മൂലയിലും പൊലീസിന് ചെന്നെത്താൻ പ്രയാസമില്ല. ഒളിഞ്ഞിരിക്കുന്ന ഏതു പ്രതിയെയും എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കാനാകും. അടിപിടിക്കേസുകളിൽ അകപ്പെടുന്നവർ പൊലീസിന്റെ പിടിയിലാകാതിരിക്കാൻ നഗരംവിട്ടു പോവുകയാണ് പതിവ്.

എന്നാൽ, അടുത്തിടെയായി കൗമാരത്തിന്റെ ചോരത്തിളപ്പ് നഗരവാസികൾക്ക് വലിയ പൊല്ലാപ്പുണ്ടാക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളായ ഒരുപറ്റം ക്രിമിനൽ സംഘങ്ങൾ അടുത്തിടെയായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു. സ്വകാര്യ ബസ് സ്റ്റാൻഡാണ് കുട്ടി ഗുണ്ടാസംഘങ്ങളുടെ താവളം. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ പതിനേഴുകാരന്റെ തലപൊട്ടിയത് അടുത്തിടെയാണ്. നഗരത്തെ നടുക്കിയ സംഭവം നടന്നത് നട്ടുച്ചയ്ക്ക്. സ്കൂൾ പരീക്ഷ കഴിഞ്ഞെത്തിയവർ പരസ്പരം പോർ വിളിച്ച് തമ്മിൽത്തല്ലുകയായിരുന്നു. നഗരത്തിൽ കളം പിടിച്ചു നിൽക്കാനും മറുചേരി സ്വാധീനമുറപ്പിക്കാതിരിക്കാനും ഏറ്റുമുട്ടൽ നടത്തി വിജയം കൈവരിക്കുകയാണ് ഒരു കൂട്ടർ. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും നഗരവാസികൾക്ക് തലവേദനയായിര‌ുന്നില്ല.

പെൺ സൗഹൃദങ്ങളുടെ

പേരിൽ കലഹങ്ങൾ

ആൺ പെൺ സൗഹൃദങ്ങൾക്ക് പുതിയ മാനം കൈവന്ന കാലമാണിത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങൾ എന്നത് പഴയ സങ്കൽപ്പമാണ്. ക്ളാസിൽ ഒരുമിച്ചിരിക്കുന്നതും ബൈക്കുകളിൽ ഒന്നിച്ചു പറക്കുന്നതും പാർക്കുകളിൽ കൂട്ടുകൂടിയിരിക്കുന്നതും സാധാരണ കാഴ്ചകളാണ്. കാര്യങ്ങൾ മുഖത്തുനോക്കി തുറന്നു സംസാരിക്കുന്നതും വീടുകളിൽ സന്ദർശനം നടത്തുന്നതും സൗഹൃദത്തിന്റെ അടയാളങ്ങളാണ്. ഏതു കാര്യത്തിനും നല്ലതും ദോഷമായതുമായ വശങ്ങൾ ഉണ്ടെന്നത് ആൺ പെൺ സൗഹൃദങ്ങളിലും കാണാനാകും. സൗഹൃദങ്ങളുടെ ആഴം കൂടുന്തോറും സ്വാർത്ഥത ഉടലെടുക്കുന്നു. ഇതോടെ ഒരാൾ മറ്റൊരാളോട് കൂടുതൽ അടുക്കുന്നത് പക പോക്കലിനും ചേരിതിരിവിനും കാരണമാകുന്നതും ഗ്രാമ - നഗരവ്യത്യാസമില്ലാതെ പതിവ് കാഴ്ചയാണ്. പത്തനംതിട്ടയിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾക്ക് പിന്നിൽ ആൺകുട്ടികളുടെ പെൺ സൗഹൃദങ്ങളാണ്. സ്കൂളുകളിൽ ഉണ്ടാകുന്ന ആൺ -പെൺ സൗഹൃദങ്ങൾ അതിരുവിട്ട് അരുതായ്മകളിലെത്തി.

പതിനേഴ് വയസിൽ താഴെയുള്ളവരാണ് പോരടിച്ചവരിലധികവും. സ്കൂൾ പഠനം കഴിഞ്ഞാലും പഴയത് മറക്കുന്നില്ല. വെല്ലുവിളിച്ചുള്ള സംഘർഷത്തിൽ പതിനേഴുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. എതിരാളികൾ സോഡാക്കുപ്പി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തല പൊട്ടിയ നിലയിൽ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തത് ചുറ്റികയും ബ്ളേഡുമാണ്. സംഘർഷം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ എതിരാളികൾക്കു നേരെ പ്രയോഗിക്കാനാണ് ആയുധം കൊണ്ടു നടക്കുന്നതെന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. സ്കൂളിൽ സഹാപാഠികളായ പെൺകുട്ടികളുമായുള്ള ചങ്ങാത്തത്തിലെ പിണക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആൺകുട്ടിളെ തമ്മിലടിപ്പിക്കുന്നതിൽ വിരുതുളള പെൺ പുലികളുണ്ട്. തക്ക സമയത്ത് കളമൊഴിയുന്ന ഇവർ പോർക്കളത്തിന് പുറത്ത് നിൽക്കുന്ന കാഴ്ചക്കാരാണ്.

വെല്ലുവിളി ഇൻസ്റ്റഗ്രാമിൽ

ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വെല്ലുവിളി ഇൻസ്റ്റ ഗ്രാമിലൂടയായിരുന്നു.

നഗരത്തിൽ 'കളം' പിടിക്കുന്നതിന്റെ ഭാഗമായാണ് വെല്ലുവിളി നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാൻഡാണ് ഇവരുടെ താവളം. പെൺകുട്ടികളുമായി എത്തി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു അധികവും. പെൺകുട്ടികളുടെ പേരിലാണ് മിക്കപ്പോഴും സംഘർഷമുണ്ടാകുന്നത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ അരുതാത്ത പ്രവൃത്തികൾ പതിവാണെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്.

മയക്കുമരുന്നിന്റെ

ലഹരിയിൽ

സ്കൂൾ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ട്. നഗരത്തിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മയക്ക് മരുന്നിന് അടിമയാണന്ന് പൊലീസ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ താവളമാണ്.

കുട്ടികളെ നിരീക്ഷിക്കാനും സുരക്ഷയൊരുക്കാനും ബസ് സ്റ്റാൻഡുകളിൽ ഷീ പൊലീസും കുട്ടിപ്പൊലീസുമുണ്ടെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാൽ, ഇവരെ രംഗത്തുകാണാറില്ല. ഷീ പൊലിസുകാർ കാറിൽ നഗരം ചുറ്റുന്നതു കാണാം. തണൽ മരങ്ങൾക്കു ചുവട്ടിൽ വാഹനം നിറുത്തിയിട്ട് മൊബൈൽ നോക്കിയിരിക്കുന്ന ഷീ പൊലീസിന്റെ ചിത്രമാണ് സാധാരണക്കാരന്റെ മനസിലുള്ളത്. കാണേണ്ടത് കാണാൻ അവർക്ക് കഴിയുന്നില്ല. ബസ് സ്റ്റാൻഡുകളിൽ പരിശോധനയില്ല. പ്രശ്നബാധിത മേഖലകളിൽ നിന്ന് അവർ ഒഴിഞ്ഞു നിൽക്കുന്നു. വനിതാ പൊലിസിനെ ബസ് സ്റ്റാൻഡുകളിലും പരിസരങ്ങളിലും നിയോഗിക്കാറില്ല. പഠനത്തിനായി വീടിന് പുറത്തേക്ക് പോകുന്ന കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ കണ്ണെത്തണമെന്ന് പറയാനാവില്ല. വിദ്യാലയങ്ങൾ കഴിഞ്ഞാൽ കുട്ടികൾ സംഗമിക്കുന്ന പൊതു ഇടം ബസ് സ്റ്റാൻഡുകളാണ്. മയക്കുമരുന്ന് ലോബികളും ക്രിമിനൽ സംഘങ്ങളും കുട്ടികളെ വലയിലാക്കാൻ തമ്പടിക്കുന്നത് ബസ് സ്റ്റാൻഡുകളിലാണെന്ന് പൊലീസും എക്സൈസും പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം മാഫിയ സംഘങ്ങളിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ട സാമൂഹിക ഉത്തരവാദിത്വം സർക്കാരിനും പൊലീസിനുമുണ്ട്. അധികാരികൾ അത് മറന്നാൽ നാട്ടിൽ സാമൂഹിക വിരുദ്ധരും ക്വട്ടേഷൻ സംഘങ്ങളും വിഹരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIOLENT BEHAVIOR OF TEENAGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.