SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.10 PM IST

ഒടുവിൽ കാരുണ്യ വഴി തുറന്നു

photo

പലപ്പോഴും സർക്കാരിന്റെ സദുദ്ദേശ്യത്തോടെയുള്ള ചില ഉത്തരവുകൾ കൈക്കൂലിക്കും കൊള്ളയ്ക്കുമുള്ള മറയാക്കി മാറ്റുന്ന രീതി വർഷങ്ങളായി ഇവിടെ നിലനില്‌ക്കുന്നുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ഒന്നുരണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഹോട്ടലുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് സർക്കാർ ഹെൽത്ത് കാർഡ് നിർബന്ധമാക്കി ഉത്തരവിട്ടത്. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ലഭിക്കാൻ ടൈഫോയ്‌ഡ് വാക്‌സിൻ എടുത്തിരിക്കണമെന്നുള്ള നിബന്ധനയാണ് ചിലർ കൊള്ളയടിക്കുള്ള അവസരമാക്കി മാറ്റിയത്.

പരമാവധി 200 രൂപ വിലയുള്ള പോളിസാക്കറൈഡ് വാക്‌സിനാണ് ഇതിനായി കുത്തിവയ്ക്കേണ്ടത്. ഹെൽത്ത് കാർഡെടുക്കാൻ പതിനായിരങ്ങൾ ക്യൂനിന്നതോടെ ഈ വാക്‌സിൻ മുക്കുകയും പകരം 2000 രൂപ വിലയുള്ള കോൻജുഗേറ്റ് വാക്‌സിൻ രംഗത്തെത്തുകയും ചെയ്തു. ഇതോടെ ഹോട്ടൽ ജീവനക്കാർക്ക് വാക്‌സിൻ എടുക്കാൻ കഴിയാതെയായി. സ്വകാര്യ ആശുപത്രികൾ 2000 രൂപയിൽ കൂടുതൽ ഈടാക്കി കോൻജുഗേറ്റ് വാക്‌‌സിൻ നല്‌കാൻ തുടങ്ങി.

വില കുറഞ്ഞ വാക്‌സിൻ സർക്കാർ ആശുപത്രികളിലും കാരുണ്യ ഫാർമസികളിലും ലഭ്യമല്ലാത്തതാണ് സ്വകാര്യ മരുന്ന് വില്പനശാലകളും ആശുപത്രികളും മുതലെടുക്കാൻ തുടങ്ങിയത്. ആവശ്യക്കാർ കൂടിയതോടെ പോളിസാക്കറൈഡ് വാക്‌സിൻ കിട്ടാനില്ലെന്നതാണ് വില കൂടിയത് വില്‌ക്കാൻ കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് അസത്യമാണെന്ന് വസ്തുതകൾ വ്യക്തമാക്കി ഞങ്ങളുടെ ലേഖകൻ കെ.എസ്. അരവിന്ദ് എഴുതിയ സ്റ്റോറി വളരെ പ്രാധാന്യത്തോടെ കേരളകൗമുദി പ്രസിദ്ധീകരിച്ചു. തുടർന്ന് ഈ വിഷയത്തിൽ സർക്കാരും ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജും ഇടപെട്ടതിനെത്തുടർന്ന് പോളിസാക്കറൈഡ് വാക്‌സിൻ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കാൻ നടപടിയായി. വെറും 98 രൂപയ്ക്കാകും ഇത് ലഭ്യമാക്കുക. ഭാരത് ബയോടെക്കിൽ നിന്ന് ഒരു ഡോസിന് 90 രൂപ നിരക്കിൽ 25000 ഡോസ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങുകയും ചെയ്തു. ഇതാണ് കാരുണ്യ വഴി എട്ട് രൂപ സർവീസ് ചാർജ് കൂടി ഈടാക്കി 98 രൂപയ്ക്ക് ലഭ്യമാക്കുന്നത്. 98 രൂപയ്ക്ക് കിട്ടേണ്ട സാധനം പൂഴ്‌‌ത്തിവച്ച് ആളുകളെ പറഞ്ഞുപറ്റിച്ച് 2000 രൂപയുടെ വാക്‌സിൻ വില്‌ക്കുന്ന കൊള്ളയാണ് സർക്കാർ ഉത്തരവിന്റെ മറവിൽ സ്വകാര്യ ആശുപത്രികളും മരുന്ന് വ്യാപാര സംഘങ്ങളും ചെയ്തുവന്നിരുന്നത്.

നമ്മുടെ ആതുരസേവന രംഗത്ത് നടക്കുന്ന പലതരം കൊള്ളകളിൽ ഒന്നു മാത്രമാണിത്. സർക്കാർ സജീവമായി ഇടപെടുകയാണെങ്കിൽ ഇതുപോലുള്ള പല കൊള്ളകളും അവസാനിപ്പിക്കാനാകും. ആവശ്യത്തിന് സമയം നല്‌കാതെ ഹെൽത്ത് കാർഡ് ഒരു നിശ്ചിത തീയതിക്കുള്ളിൽ എടുക്കണമെന്ന ഉത്തരവ് തന്നെ പ്രായോഗികമല്ലായിരുന്നു. സംസ്ഥാനത്ത് എത്ര ഹോട്ടൽ തൊഴിലാളികൾ പണിയെടുക്കുന്നു എന്നത് സംബന്ധിച്ച ഡേറ്റപോലും ഇല്ലാതെയും അതു മനസിലാക്കാതെയും ദന്തഗോപുരവാസികൾ ഇറക്കുന്ന ഇത്തരം ഉത്തരവുകളുടെ ഗുണം സമൂഹത്തിനല്ല അവരെ ചൂഷണം ചെയ്യുന്നവർക്കാണ് കൂടുതൽ ലഭിക്കുന്നത്. എന്തായാലും കേരളകൗമുദി വാർത്തയെത്തുടർന്ന് വില കുറച്ച് വാക്‌സിൻ ലഭ്യമാക്കിയ ആരോഗ്യവകുപ്പിന്റെ നടപടി അഭിനന്ദനാർഹമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOW COST TYPHOID VACCINE WILL SUPPLY IN KARUNYA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.