തിരുവനന്തപുരം: ഓപ്പറേഷൻ ഹെൽത്ത്- വെൽത്ത് എന്നപേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻക്രമക്കേടുകളും അഴിമതിയും. തിരുവനന്തപുരം അസി. ഫുഡ് സേ്റ്റഫി കമ്മിഷണറുടെ ഓഫീസിൽ 53 ഫയലുകൾ രജിസ്റ്ററുകളിൽ പോലും രേഖപ്പെടുത്താതെ പൂഴ്‌ത്തി വച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫീസിലും അസി.ഭക്ഷ്യ സുരക്ഷാ കമ്മിഷണർമാരുടെ ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭക്ഷ്യ സുരക്ഷാ ലാബുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളെടുക്കുന്നെങ്കിലും തുടർനടപടിയില്ലെന്ന് കണ്ടെത്തി.
സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവരെ ഒരു വർഷത്തിനകം വിചാരണ ചെയ്യുന്നില്ല. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കമ്മിഷണറുടെ അനുമതി നേടിയെടുക്കാൻ കാലതാമസം വരുത്തി കുറ്റക്കാരെ രക്ഷപെടുത്തുന്നു. പള്ളുരുത്തിയിൽ 11, പത്തനംതിട്ടയിൽ 10, കരുനാഗപ്പള്ളിയിൽ 2 ചടയമംഗലത്ത് 2, കോഴിക്കോട് ബേപ്പൂരിൽ 17, പാലക്കാട്ട് 38, കോട്ടയത്ത് 8, ആലപ്പുഴയിൽ 7, മലപ്പുറത്ത് 6 പേരെ ഇങ്ങനെ രക്ഷിച്ചു. നിലവാരമില്ലാത്തത്, തെറ്റായ ബ്രാൻഡ് എന്നിങ്ങനെ പരിശോധനാഫലം കിട്ടിയിട്ടും തുടർന്നും വിൽക്കാൻ സാഹചര്യമൊരുക്കുന്നു. നിലവാരമില്ലെന്ന് കണ്ടെത്തിയിട്ടും പത്തനംതിട്ടയിൽ- 128, കോട്ടയത്ത്- 46, കടുത്തുരുത്തിയിൽ-111 സാമ്പിളുകളിൽ തുടർനടപടിയെടുത്തിട്ടില്ല.
സാമ്പിളുകളുടെ പരിശോധനാഫലം 14ദിവസത്തിനകം ലാബുകളിൽ നിന്ന് നൽകണമെന്നും അവയിൽ സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതും തെറ്റായ ബ്രാൻഡിലുള്ളതുമായ ഭക്ഷ്യവസ്തുക്കൾക്കെതിരേ ഉടനടി നടപടിയെടുക്കണമെന്നുമുള്ള ചട്ടം പാലിക്കുന്നില്ല. കാസർകോട്ട് 3മാസമായിട്ടും ലാബിൽ നിന്ന് ഫലം നൽകിയിട്ടില്ല. കൊല്ലത്ത് 200, കരുനാഗപ്പള്ളിയിൽ- 22, ആറന്മുളയിൽ 115, വടവത്തൂരിൽ 29 പത്തനംതിട്ടയിൽ- 104എന്നിങ്ങനെ സാമ്പിളുകളുടെയുടെ ഫലം കിട്ടാനുണ്ട്. കടകളിലെ പരിശോധന വീഡിയോയിൽ പകർത്താറില്ല. ഭക്ഷ്യവിതരണത്തിന് ലൈസൻസെടുത്തവർ വിറ്റ ഭക്ഷ്യവസ്തുക്കൾ എത്രയെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർമാരോട് വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത്- 15, കൊല്ലത്ത്- 143 ലൈസൻസികൾ റിട്ടേൺ നൽകുന്നില്ല. ഇത്തരക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തുടർനടപടികളിൽ നിന്ന് രക്ഷപെട്ടു. ക്രമക്കേടുകളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |