ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടി കായൽ യാത്ര ജനപ്രിയമാകുന്നു. യാത്ര ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോൾ 1048 പേർ യാത്രയുടെ ഭാഗമായി. 4.44 ലക്ഷം രൂപ വരുമാനം ലഭിച്ചു. ദിവസം ശാശരി 70 യാത്രക്കാർ വീതം എത്തുന്നുണ്ട്. രാവിലെ 11.30ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് മൺറോത്തുരുത്തും അഷ്ടമുടി കായലിന്റെ എട്ട് മുടികളും സന്ദർശിച്ച് കല്ലടയാർ വഴി വൈകുന്നേരം 4.30ന് മടങ്ങിയെത്തും വിധമാണ് യാത്ര. കൊല്ലത്ത് കൂടുതൽ സന്ദർശകരെ അകർഷിക്കുന്ന സാമ്പ്രാണിക്കോടിയിൽ ഒരു മണിക്കൂർ ബോട്ട് നിറുത്തിയിടും. ഡി.ടി.പി.സി ഒരുക്കുന്ന ബോട്ടിൽ സാമ്പ്രാണിക്കോടിയിലെത്താൻ കഴിയും. 100രൂപയാണ് ഇവിടേക്കുള്ള യാത്രാനിരക്ക്.
യാത്ര തുടങ്ങിയത് 13ന്
1.9 കോടി രൂപ ചെലവിട്ട് ജലഗതാഗത വകുപ്പ് ഒരുക്കിയ സീ അഷ്ടമുടി ബോട്ട് കായൽ സവാരി തുടങ്ങിയത് കഴിഞ്ഞ 13നാണ്. ആധുനിക സൗകര്യങ്ങളുള്ള ബോട്ടിന്റെ താഴത്തെ നിലയിൽ അറുപതും മുകളിൽ മുപ്പതും സീറ്റുകളാണുള്ളത്. താഴെ 400 രൂപയും മുകളിൽ 500 രൂപയുമാണ് ഒരാൾക്ക് നിരക്ക്. 11 വയസിൽ താഴെയുള്ള കുട്ടികൾക്ക് പകുതി ചാർജ് നൽകിയാൽ മതി. ടിക്കറ്റുകൾ മുൻ കൂട്ടി റിസർവ് ചെയ്യാം. കുടുംബശ്രീ ഒരുക്കുന്ന കരിമീൻ ഉൾപ്പെടെയുള്ള ഉച്ചഭക്ഷണവും സ്നാക്സും ബോട്ടിൽ ലഭിക്കും. മീൻകറിയോട് കൂടിയ ഊണിന് 100 രൂപയാണ് നിരക്ക്.
ചുരുങ്ങിയ ദിവസം കൊണ്ട് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിഞ്ഞു. മികച്ച വരുമാനവും ലഭിക്കുന്നു.
വി.എ.സലീം
സ്‌റ്റേഷൻ മാസ്റ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |