കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പേരിൽ മേയർ എം. അനിൽകുമാർ രാജിവയ്ക്കണമെന്ന ആവശ്യം ആവർത്തിച്ച് ബഡ്‌ജറ്റ് ചർച്ച ബഹിഷ്കരിച്ച് യു.ഡി.എഫ്. കഴിഞ്ഞ ദിവസം ബഡ്ജറ്റ് അവതരണവേളയിലെ പോലെ ബാനറുകളും പ്രതിഷേധമുദ്രാവാക്യങ്ങളും ഉയർത്തി യു.ഡി.എഫ് കൗൺസിലർമാർ നടുക്കളത്തിൽ നിരന്നു. ബി.ജെ.പി കൗൺസിലർമാർ ചർച്ചയിൽ പങ്കെടുത്തു വിയോജിപ്പുകൾ അറിയിച്ചു. ബി.ജെ.പി അംഗങ്ങൾ സംസാരിക്കുമ്പോൾ മൗനം പാലിച്ച യു.ഡി.എഫ്, എൽ.ഡി.എഫിന്റെ പ്രസംഗം തടസപ്പെടുത്തി.
കഴിഞ്ഞ 13 ന് നടന്ന യു.ഡി.എഫ് പ്രതിഷേധത്തിനിടെ പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ പദ്മദാസ് സഭയിലെത്തി. സഹപ്രവർത്തകർ അദ്ദേഹത്തെ കസേരയിൽ ഇരുത്തി ചുമന്നാണ് കൊണ്ടുവന്നത്. എൽ.ഡി.എഫ് കൗൺസിലർ പി.എസ്. വിജുവിന്റെ പ്രസംഗത്തിനിടെ പദ്മദാസ് പൊലീസ് അതിക്രമത്തെ കുറിച്ചു സംസാരിച്ചുവെങ്കിലും പ്രസംഗം ബഹളത്തിൽ മുങ്ങി. മുദ്രാവാക്യം വിളിച്ച് യു.ഡി.എഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി.
* ആത്മവിശ്വാസമില്ലാത്ത ബഡ്‌ജറ്റ്: ബി.ജെ.പി
പ്രതിപക്ഷ ബഹളത്തെ വകവയ്ക്കാതെ പുണ്യമാസത്തിൽ ബഡ്ജറ്റ് അവതരിപ്പിച്ച ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ നാരീശക്തിയുടെ തെളിവാണെന്ന് ബി.ജെ.പി കൗൺസിലറും ടാക്സി അപ്പീൽ കമ്മിറ്റി അദ്ധ്യക്ഷയുമായ പ്രിയ പ്രശാന്ത് പറഞ്ഞു. ആത്മവിശ്വാസമില്ലാത്ത ബഡ്‌ജറ്റാണിത്. വായിച്ചതു കൊണ്ടു വികസനം നേടാൻ കഴിയില്ല. ഐ.ടി മേഖലയിൽ കോർപ്പറേഷൻ ഏറെ മുന്നോട്ടുപോയെന്ന് പറയുമ്പോഴും സോണൽ ഓഫീസുകളിൽ ബിൽ അടയ്ക്കാൻ എത്തുന്നവരുടെ തിരക്ക് തുടരുന്നു. 800 കോടിയുടെ വരുമാന വർദ്ധനവ് അവകാശപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്. അഭിമാനപൂർവം ചൂണ്ടിക്കാട്ടാൻ കഴിയുന്ന ഒരു പദ്ധതി പോലും ബഡ്‌ജറ്റിൽ ഇല്ലെന്നും അവർ കുറ്റപ്പെടുത്തി.
* പുകഴ്‌ത്തി ഭരണപക്ഷം
യാഥാർത്ഥ്യബോധവും ദിശാബോധവുമുള്ള ബഡ്ജറ്റാണിതെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ വി.എ. ശ്രീജിത്ത് പറഞ്ഞു. തങ്ങളൊക്കെ കൊടിയും കൊണ്ടാണ് സമരത്തിനു പോകുന്നത്. യു.ഡി.എഫിലെ ചിലർ പൊലീസിനെ എറിയാൻ ഉരുളിയും കൊണ്ടാണ് വരുന്നത്. അത്തരം കൗൺസിലർമാരാണ് കഴിഞ്ഞ 13 ന് ആക്രമണത്തിന് നേതൃത്വം നൽകിയത്. അതിന്റെ ദൃശ്യങ്ങൾ ലഭ്യമാണ്.
മേയർ എം. അനിൽകുമാറും യു.ഡി.എഫിനെതിരെ ആഞ്ഞടിച്ചു. തീപിടിത്തത്തിന് ശേഷം നടന്ന ആദ്യ കൗൺസിലിൽ യു.ഡി.എഫ് ബോധപൂർവം സംഘർഷമുണ്ടാക്കി. താൻ കാറിൽ വന്നിറങ്ങുമ്പോൾ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പുറത്തു നിന്നുള്ള ആളുകളെയും കൂട്ടി കോർപ്പറേഷൻ വളപ്പിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. കമാൻഡോകളുടെ സംരക്ഷണത്താലാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്. യു.ഡി.എഫ് സംവിധാനം പോലെയല്ല എൽ.ഡി.എഫ്. പാർട്ടി പറഞ്ഞാലും പദവി വിടാൻ തയ്യാറാകാത്തവരാണ് യു.ഡി.എഫിലെ ചിലർ. എന്നാൽ പാർട്ടി തീരുമാനം അനുസരിക്കാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും മേയർ പറഞ്ഞു.
..............................
കോർപ്പറേഷന്റെ ചരിത്രത്തിൽ ഒരു മേയർക്ക് നേരെ ഇങ്ങനെയൊരു ആക്രമണം ഉണ്ടായിട്ടില്ല. മേയറുടെ സംരക്ഷണത്തിനായി പുറത്തു കാവൽ നിന്നിരുന്ന എൽ.ഡി.എഫ് പ്രവർത്തകർ സംയമനം പാലിച്ചതിനാലാണ് അനിഷ്‌ടസംഭവങ്ങൾ ഒഴിവായത്.
എം. അനിൽകുമാർ,
മേയർ
മേയർ കൗൺസിലിൽ പങ്കെടുക്കാൻ പാടില്ലെന്ന് പറയാൻ യു.ഡി.എഫിന് അവകാശമില്ല. വാടകയ്ക്കെടുത്ത ക്രിമിനലുകളുമായാണ് യു.ഡി.എഫുകാർ സമരത്തിന് വരുന്നത്. പത്തു കൊല്ലത്തെ യു.ഡി.എഫ് ഭരണമാണ് ബ്രഹ്മപുരത്ത് പ്ളാസ്റ്റിക് മല സൃഷ്‌ടിച്ചത്.
വി.എ. ശ്രീജിത്ത്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |