ന്യൂഡൽഹി: 25 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്യുകയെന്ന നാഴികക്കല്ല് മറികടന്നതായി മാരുതി സുസുക്കി ഇന്ത്യ (എം.എസ്.ഐ.എൽ) അറിയിച്ചു. 1986-87 സാമ്പത്തിക വർഷത്തിൽ ബംഗ്ലാദേശ് , നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് ആദ്യം മാരുതി സുസുക്കി കയറ്റുമതി ആരംഭിച്ചത്. 1987 സെപ്തംബറിൽ 500 കാറുകളുമായി ആദ്യത്തെ വലിയ കയറ്റുമതി ഹംഗറിയിലേക്കാണ് നടത്തിയത്. മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ (ജപ്പാൻ) പിന്തുണയോടെ കമ്പനി ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് കൂടി സാന്നിദ്ധ്യം വിപുലീകരിച്ചു. ഇപ്പോൾ ഏകദേശം 100 രാജ്യങ്ങളിലേക്ക് മാരുതി സുസുക്കി കയറ്റുമതി ചെയ്യുന്നുണ്ട്. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവ കമ്പനിയുടെ പ്രധാന കയറ്റുമതി വിപണികളാണ്.
35 വർഷങ്ങൾ പിന്നിടുമ്പോൾ 25 ലക്ഷം വാഹനങ്ങൾ കയറ്റി അയക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ നിർമാണ രംഗത്തെ വികസനക്കുതിപ്പാണ് വ്യക്തമാക്കുന്നതെന്ന് എം.എസ്.ഐ.എൽ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹിസാഷി തക്യൂച്ചി പറഞ്ഞു.
സർക്കാരിന്റെ മുൻനിര പദ്ധതിയായ മേക്ക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള മാരുതി സുസുക്കിയുടെ പ്രതിബദ്ധത ഈ നേട്ടം തെളിയിക്കുന്നു,
മാതൃ കമ്പനിയായ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ശക്തമായ പിന്തുണ കൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
ഉയർന്ന നിലവാരം, മികച്ച സാങ്കേതികവിദ്യ, വിശ്വാസ്യത, പ്രകടനം, താങ്ങാനാവുന്ന വില എന്നിവയിൽ മുന്നിൽ നിൽക്കുന്ന മാരുതി വാഹനങ്ങൾ ആഗോള ഉപഭോക്താക്കളുടെ അഭിനന്ദനവും നേടിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വാഹനങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം മാരുതി സുസുക്കിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |