SignIn
Kerala Kaumudi Online
Friday, 29 March 2024 8.04 PM IST

അരിക്കൊമ്പനെ പിടികൂടണം: ഇടുക്കിയിലെ ഹർത്താൽ അതിശക്തം, പലയിടത്തും റോഡ് ഉപരോധം

arikomban

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കിയിലെ എട്ട് പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ശക്തമായി തുടരുന്നു.കൊച്ചി-ധനുഷ്‌കോടി പാതയിലടക്കം പലയിടത്തും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുന്നുണ്ട്. കെ എസ് ആര്‍ ടി സി ബസുകൾ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. പൊലീസ് ഇടപെട്ടതോടെ കുറച്ചുവാഹനങ്ങൾ കടത്തിവിടാൻ സമരക്കാർ തയ്യാറായിട്ടുണ്ട്. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. സി പി എമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

അരിക്കൊമ്പനെ പിടിച്ചേ മതിയാവൂ എന്നും അതുവരെ സമരം തുടരുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ആന കാട്ടിൽ നിൽക്കുന്നതുകൊണ്ട് തങ്ങൾക്ക് പ്രശ്നമില്ലെന്നും എന്നാൽ നാട്ടിലിറങ്ങി വീടുകളും കൃഷിയിടങ്ങളും തകർക്കുന്നതും ഉപദ്രവിക്കുന്നതുമാണ് പ്രശ്നമെന്നും പ്രതിഷേധക്കാർ പറയുന്നുണ്ട്. ജനങ്ങൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചിട്ടുണ്ട്.

അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കാനുള്ള വനംവകുപ്പ് നടപടിക്കെതിരായ ഹൈക്കോടതി വിധി വന്നതോടെ ഇന്നലെമുതൽ മേഖലയിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സിങ്കുകണ്ടത്ത് നിന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പ്രദേശവാസികൾ കുങ്കിത്താവളത്തിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വനംവകുപ്പ് ജനങ്ങളെ നിയന്ത്രിക്കാനായി റോഡിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ അവർ നീക്കി. തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ വാക്ക് തർക്കമുണ്ടായി. വരും ദിവസങ്ങളിലും സമരം തുടരുമെന്ന് അറിയിച്ച ശേഷം വൈകിട്ട് 6.30ഓടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.

അതേസമയം, അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുകയല്ലാതെ മറ്റ് പരിഹാര മാർഗമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അഞ്ചംഗ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മയക്കുവെടിവച്ച് പിടികൂടി കൂട്ടിൽ അടയ്ക്കരുത്. അരിക്കൊമ്പൻ അടുത്തകാലത്തൊന്നും മനുഷ്യജീവന് ഭീഷണിയായിട്ടില്ല. ഇതിനെ പിടികൂടി തടവിലാക്കുന്നത് ഭരണഘടനാവിരുദ്ധമാണ്.അരിക്കൊമ്പന്റെ വിവരങ്ങൾ മൂന്നു ദിവസത്തിനകം വിദഗ്ദ്ധ സമിതിക്ക് കൈമാറണം. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സമിതി റിപ്പോർട്ടിനായി ഹർജി ഏപ്രിൽ അഞ്ചിലേക്ക് മാറ്റി.

കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ്.അരുൺ, പ്രോജക്‌ട് ടൈഗർ സി.സി.എഫ് എച്ച്.പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ.എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ‌്യൂട്ട് മുൻ ഡയറക്ടർ ഡോ.പി.എസ്.ഈസ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു എന്നിവരാണ് സമിതിയംഗങ്ങൾ.

റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ബന്ധപ്പെട്ട മേഖലയിലുള്ളവരുടെയും വന്യജീവികളുടെയും താത്പര്യങ്ങൾ പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നാട്ടുകാരിൽ നിന്ന് അഭിപ്രായം തേടണം. ചിന്നക്കനാലിലെ 301 കോളനിയിലുള്ളവരാണ് പ്രധാനമായും ആനപ്പേടിയിൽ കഴിയുന്നത്. ആനകളുടെ ആവാസ മേഖലയിലാണ് ഇവരെ പുനരധിവസിപ്പിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇവരെ പുനരധിവസിപ്പിച്ചതിൽ ചരിത്രപരമായ തെറ്റുണ്ടെങ്കിൽ തിരുത്തും.

ഹർജിയിൽ കക്ഷി ചേരാൻ ജോസ് കെ.മാണി എം.പിയും ശാന്തൻപാറ പഞ്ചായത്തും ഉൾപ്പടെ ഉപഹർജികൾ നൽകിയിരുന്നു. അരിക്കൊമ്പനെ പിടികൂടി കൂട്ടിലേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് വനംവകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടനയാണ് ആനയെ പിടികൂടാനുള്ള നീക്കം കോടതിയെ അറിയിച്ചത്. തുടർന്ന് മാർച്ച് 23നു രാത്രി എട്ടിന് ഡിവിഷൻ ബെഞ്ച് അടിയന്തര സിറ്റിംഗ് നടത്തി പിടികൂടുന്നത് തടഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIKOMBAN, HARTHAL, START
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.