SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.42 AM IST

ആവേശം, ആരവം...ഐ.പി.എൽ

ipl

അഹമ്മദാബാദ് : ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഐ.പി.എല്ലിന്റെ ഉത്സവകാലം. ട്വന്റി-20 ഫോർമാറ്റിന്റെ ആവേശത്തിന് പുതിയ രൂപവും ഭാവവും രാജ്യാന്തര വ്യാപ്തിയും നൽകിയ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ 16-ാം പതിപ്പിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പൂരക്കൊടിയേറ്റം. ബോളിവുഡ് താരങ്ങൾ അണിനിരക്കുന്ന ഉദ്ഘാടനച്ചടങ്ങിന് ശേഷം രാത്രി 7.30ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ജയന്റ്സും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള പോരാട്ടത്തോടെ മത്സരങ്ങൾക്ക് തുടക്കമാകും.

കഴിഞ്ഞ സീസണിലേതുപോലെ പത്തു ടീമുകളാണ് ഇക്കുറിയും അണിനിരക്കുന്നത്. കൊവിഡ് കാരണം കഴിഞ്ഞ മൂന്ന് സീസണുകളിലായി പൊതുവേദികളിൽ നടന്ന ടൂർണമെന്റ് ഇക്കുറി പഴയ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. ഫൈനൽ ഉൾപ്പടെ 74 മത്സരങ്ങളാണ് ആകെയുള്ളത്. ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഓരോ ടീമും രണ്ട് വട്ടം ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ പ്ളേ ഓഫിലെത്തും. പോയിന്റ് നിലയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലെ ആദ്യ ക്വാളിഫയറിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തും. പരാജയപ്പെടുന്ന ടീമിന് ഫൈനൽ പ്രവേശനത്തിന് ഒരു അവസരം കൂടിയുണ്ട്. പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലുള്ള എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറിൽ ആദ്യ ക്വാളിഫയറിൽ തോറ്റവർ നേരിടണം. ഈ മത്സരത്തിലെ വിജയി ആദ്യ ക്വാളിഫയറിലെ വിജയിയെ ഫൈനലിൽ നേരിടും.

പ്രാഥമിക ലീഗിൽ 70 മത്സരങ്ങളാണുള്ളത്. ഇത് മേയ് 21ന് ബെംഗളുരുവിൽ ഗുജറാത്ത് ടൈറ്റാൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിലുള്ള മത്സരത്തോടെ അവസാനിക്കും. പ്ളേ ഓഫ് മത്സരങ്ങളുടെ തീയതിയും വേദികളും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഫൈനൽ മത്സരം മേയ് 28ന് അഹമ്മദാബാദിൽ നടക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്.


പുതിയ നിയമങ്ങൾ

ഇക്കുറി കളി നിയമങ്ങളിലെ മാറ്റം പ്രധാനമാണ്. ടോസ് കഴിഞ്ഞ ശേഷം പ്ളേയിംഗ് ഇലവനെയും ഇംപാക്ട് പ്ളേയറെയും തീരുമാനിക്കാം എന്നതാണ് പ്രധാന മാറ്റം. പിച്ചിന്റെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്ളേയിംഗ് ഇലവനെ തീരുമാനിക്കാം എന്നതാണ് ഇതിന്റെ ഗുണം. പ്ളേയിംഗ് ഇലവനെക്കൂടാതെ നാലു കളിക്കാരെ സബ്സ്റ്റിറ്റ്യൂട്ടുകളായി ഓരോ ടീമിനും നിശ്ചയിക്കാം. ഇവരിൽ ഒരാളെ ഇംപാക്ട് പ്ളേയർ എന്ന പേരിൽ പകരക്കാരനായി ഇറക്കാം. നിശ്ചിത സമയത്ത് ബൗളിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ അവശേഷിക്കുന്ന ഓവറുകളിൽ 30വാര സർക്കിളിന് പുറത്ത് നാലുഫീൽഡേഴ്സിനെ മാത്രമേ അനുവദിക്കൂ. വൈഡിനും നോബാളിനുമായി ഡി.ആർ.എസിലൂടെ അപ്പീൽ ചെയ്യുകയുമാകാം.

പുതിയ മുഖങ്ങൾ

ഈ സീസണിലേക്ക് പുതിയ ചില ക്യാപ്ടന്മാരും പരിശീലകരും എത്തുന്നുണ്ട്. പരിക്കേറ്റ റിഷഭ് പന്തിന് പകരം ഡേവിഡ് വാർണറാവും ഡൽഹി ക്യാപ്പിറ്റൽസിനെ നയിക്കുക. പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം നിതീഷ് റാണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്ടനാവും. ബ്രണ്ടൻ മക്കല്ലത്തിന് പകരം ചന്ദ്രകാന്ത് പണ്ഡിറ്റാണ് ഇക്കുറി നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകൻ. പഞ്ചാബ് കിംഗ്സിലും കോച്ചും ക്യാപ്ടനും മാറുന്നുണ്ട്.മായാങ്ക് അഗർവാളിന് പകരം പരിചയ സമ്പന്നനായ ശിഖർ ധവാൻ ക്യാപ്ടനായെത്തുമ്പോൾ അനിൽ കുംബ്ളെയ്ക്ക് പകരം കോച്ചാവുന്നത് ട്രെവർ ബെയ്‌ലിസാണ്. സൺ റൈസേഴ്സ് ഹൈദരാബാദിൽ ടോം മൂഡിക്ക് പകരം സാക്ഷാൽ ബ്രയാൻ ലാറ മുഖ്യ കോച്ചായെത്തും. എയ്ഡൻ മാർക്രമാണ് ക്യാപ്ടൻ. മുംബയ് ഇന്ത്യൻസ് കോച്ചായിരുന്ന മഹേല ജയവർദ്ധന ടീമിന്റെ സ്ട്രാറ്റജിക് കൺസൾട്ടന്റായി മാറി. മാർക്ക് ബൗച്ചറാണ് പുതിയ കോച്ച്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനായി സഞ്ജു സാംസണും കോച്ചായി കുമാർ സംഗക്കാരയും തുടരും.

18.5

കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ ഇംഗ്ളീഷ് ആൾറൗണ്ടർ സാം കറാനാണ് കൊച്ചിയിൽ നടന്ന ഇത്തവണത്തെ താരലേലത്തിലെ ഏറ്റവും വിലയേറിയ താരം.

ഇതുവരെയുള്ള എല്ലാ സീസണുകളിലും ക്യാപ്ടനായിരുന്ന ഒരു താരമേയുളളൂ,മഹേന്ദ്ര സിംഗ് ധോണി. 13 സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ച ധോണി ചെന്നൈ വിലക്കിലായിരുന്ന രണ്ട് സീസണുകളിൽ പൂനെ സൂപ്പർ ജയന്റ്സിനെ നയിച്ചു.

ടീം,ക്യാപ്ടൻ, കോച്ച്

1. ചെന്നൈ സൂപ്പർ കിംഗ്സ് - ധോണി - ഫ്ളെമിംഗ്

2.ഡൽഹി ക്യാപ്പിറ്റൽസ് - വാർണർ - റിക്കി പോണ്ടിംഗ്

3. കിംഗ്സ് ഇലവൻ പഞ്ചാബ് - ധവാൻ-ബെയ്ലിസ്

4.നൈറ്റ്റൈഡേഴ്സ് - നിതീഷ് റാണ- ചന്ദ്രകാന്ത് പണ്ഡിറ്റ്

5.മുംബയ് ഇന്ത്യൻസ് - രോഹിത് ശർമ്മ- മാർക്ക് ബൗച്ചർ

6.രാജസ്ഥാൻ റോയൽസ് - സഞ്ജു സാംസൺ- സംഗക്കാര

7.ആർ.സി.ബി - ഡുപ്ളെസി- സഞ്ജയ് ബംഗാർ

8.സൺറൈസേഴ്സ് - എയ്ഡൻ മാർക്രം - ബ്രയാൻ ലാറ

9.ലക്നൗ സൂപ്പർ ജയന്റ്സ്- കെ.എൽ രാഹുൽ-ആൻഡി ഫ്ളവർ

10. ഗുജറാത്ത് ജയന്റ്സ് - ഹാർദിക് പാണ്ഡ്യ- ആശിഷ് നെഹ്റ.

ജേതാക്കൾ ഇതുവരെ

2008 - രാജസ്ഥാൻ റോയൽസ്

2009 - ഡെക്കാൻ ചാർജേഴ്സ്

2010- ചെന്നൈ സൂപ്പർ കിംഗ്സ്

2011- ചെന്നൈ സൂപ്പർ കിംഗ്സ്

2012 - കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

2013- മുംബയ് ഇന്ത്യൻസ്

2014- കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

2015- മുംബയ് ഇന്ത്യൻസ്

2016- സൺറൈസേഴ്സ് ഹൈദരാബാദ്

2017-മുംബയ് ഇന്ത്യൻസ്

2018-ചെന്നൈ സൂപ്പർ കിംഗ്സ്

2019-മുംബയ് ഇന്ത്യൻസ്

2020- മുംബയ് ഇന്ത്യൻസ്

2021- ചെന്നൈ സൂപ്പർ കിംഗ്സ്

2022- ഗുജറാത്ത് ജയന്റ്സ്

5

കിരീടങ്ങൾ നേടിയ മുംബയ് ഇന്ത്യൻസാണ് ഇക്കാര്യത്തിൽ ഒന്നാമത്. ചെന്നൈ സൂപ്പർ കിംഗ്സ് നാലു തവണ ജേതാക്കളായി. കൊൽക്കത്ത രണ്ട് തവണയും രാജസ്ഥാൻ റോയൽസ്,ഡെക്കാൻ ചാർജേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്,ഗുജറാത്ത് ജയന്റ്സ് എന്നിവർ ഓരോ തവണയും ജേതാക്കളായി.

12

വേദികളിലായാണ് ഇക്കുറി പ്രാഥമിക ലീഗ് മത്സരങ്ങൾ നടക്കുന്നു.ധർമ്മശാലയും ബരസ്പാറയുമാണ് എക്സ്ട്രാ ഹോം ഗ്രൗണ്ടുകളായി അനുവദിച്ചിരിക്കുന്നത്. ധർമ്മശാല പഞ്ചാബ് കിംഗ്സിന്റെ രണ്ടാം ഹോം ഗ്രൗണ്ടാണ്. രാജസ്ഥാൻ റോയൽസിന്റെ ചില ഹോം മാച്ചുകളാണ് ബരസ്പാറയിൽ നടക്കുന്നത്.

കഴിഞ്ഞ തവണ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഗുജറാത്ത് ജയന്റ്സ് കന്നിക്കിരീ‌ടം നേടിയത്.

ടീമുകളും പ്രധാന താരങ്ങളും

ചെന്നൈ സൂപ്പർ കിംഗ്സ്

ധോണി (ക്യാപ്ടൻ),ബെൻ സ്റ്റോക്സ്, റിതുരാജ് ഗെയ്ക്ക്‌വാദ്,മൊയീൻ അലി,രവീന്ദ്ര ജഡേജ,അജിങ്ക്യ രഹാനെ,സാന്റ്നർ,ശിവം ദുബെ,ഡെവോൺ കോൺവേയ്,ദീപക് ചഹർ.

ഡൽഹി ക്യാപിറ്റൽസ്

ഡേവിഡ് വാർണർ (ക്യാപ്ടൻ),മനീഷ് പാണ്ഡെ,റിലീ റൂസോ,റോവ്മാൻ പവൽ,പൃഥ്വി ഷാ,സർഫ്രാസ് ഖാൻ, മിച്ചൽ മാർഷ്,അക്ഷർ പട്ടേൽ,നോർക്യേ,മുസ്താഫിസുർ,ലുംഗി എൻഗിഡി,കുൽദീപ് യാദവ്.

ഗുജറാത്ത് ടൈറ്റാൻസ്

ഹാർദിക് പാണ്ഡ്യ(ക്യാപ്ടൻ),ഡേവിഡ് മില്ലർ,കേൻ വില്യംസൺ,ശുഭ്മാൻ ഗിൽ,മാത്യു വേഡ്,ശ്രീകാർ ഭരത്,വിജയ് ശങ്കർ,രാഹുൽ തെവാത്തിയ,ഒാഡിയൻ സ്മിത്ത്,ഷമി,റാഷിദ് ഖാൻ,ശിവം മാവി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

നിതീഷ് റാണ (ക്യാപ്ടൻ),മൻദീപ് സിംഗ്,ലിട്ടൺ ദാസ്,ഷാക്കിബ് അൽ ഹസൻ,ഡേവിഡ് വീസ്,ആന്ദ്രേ റസൽ,വെങ്കിടേഷ് അയ്യർ,സുനിൽ നരെയ്ൻ,വരുൺ ചക്രവർത്തി,ഉമേഷ് യാദവ്,ടിം സൗത്തീ.

ലക്നൗ സൂപ്പർ ജയന്റ്സ്

കെ.എൽ രാഹുൽ (ക്യാപ്ടൻ),മാർക്കസ് സ്റ്റോയ്നിസ്,ക്രുനാൽ പാണ്ഡ്യ,ദീപക് ഹൂഡ,കൃഷ്ണപ്പ ഗൗതം,ക്വിന്റൺ ഡി കോക്ക്,കൈൽ മേയേഴ്സ്,രവി ബിഷ്ണോയ്,മാർക്ക് വുഡ്,ആവേഷ് ഖാൻ.

മുംബയ് ഇന്ത്യൻസ്

രോഹിത് ശർമ്മ (ക്യാപ്ടൻ),സൂര്യകുമാർ യാദവ്,ടിം ഡേവിഡ്,കാമറൂൺ ഗ്രീൻ,ഇഷാൻ കിഷൻ,പി​യൂഷ് ചൗള,ജൊഫ്ര ആർച്ചർ,ജേ റി​ച്ചാർഡ്സൺ​,അർജുൻ ടെൻഡുൽക്കർ,ബ്രെൻഡോർഫ്.

പഞ്ചാബ് കിംഗ്സ്

ശി​ഖർ ധവാൻ (ക്യാപ്ടൻ),ലി​വിംഗ്സ്റ്റൺ​,റി​ഷി​ ധവാൻ,സി​ക്കന്ദർ റാസ,സാം കറാൻ,ജോണി​ ബെയർ സ്റ്റോ,ഭനുക രാജപക്സ,രാഹുൽ ചഹർ,നഥാൻ എല്ലി​സ്,റബാദ,അർഷ്ദീപ് സിംഗ്.

രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ​ (ക്യാപ്ടൻ), ജോ റൂട്ട്,ഷിമ്രോൺ ഹെറ്റ്മേയർ,ദേവ്ദത്ത് പടിക്കൽ,റയാൻ പരാഗ്,യശ്വസി ജയ്സ്വാൾ,ജോസ് ബട്ട്‌ലർ,അശ്വിൻ,ഹോൾഡർ,ബൗൾട്ട്,പ്രസിദ്ധ് കൃഷ്ണ,ചഹൽ,സാംപ.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ

ഫാഫ് ഡുപ്ളെസി​ (ക്യാപ്ടൻ),വി​രാട് കൊഹ്‌ലി​,ഫി​ൻ അല്ലെൻ,വി​ൽ ജാക്ക്സ്,ദി​നേഷ് കാർത്തി​ക്,ഡേവി​ഡ് വി​ല്ലെയ്,മാക്സ്‌വെൽ,ഹസരംഗ,ബ്രേസ്‌വെൽ,ഹർഷൽ പട്ടേൽ,സി​റാജ്,ടോപ്‌ലേ.

സൺ​റൈസേഴ്സ് ഹൈദരാബാദ്

എയ്ഡൻ മാർക്രം (ക്യാപ്ടൻ),മായാങ്ക് അഗർവാൾ,രാഹുൽ ത്രി​പാതി​,ഹാരി​ ബ്രൂക്ക്,ഹെൻറി​ച്ച് ക്ളാസൻ,ഗ്ളെൻ ഫി​ലി​പ്പ്സ്,വാഷിംഗ്ടൺ​ സുന്ദർ, ആദി​ൽ റഷീദ്,നടരാജൻ,ഭുവനേശ്വർ,ഉമ്രാൻ .

മലയാളിത്തി​ളക്കം

മലയാളി​ പേസർ കെ.എം ആസി​ഫും മറുനാടൻ മലയാളി​ ബാറ്റർ ദേവ്ദത്ത് പടി​ക്കലും സഞ്ജു സാംസണി​നൊപ്പം രാജസ്ഥാൻ റോയൽസി​ലുണ്ട്.

മലയാളി​ താരം വി​ഷ്ണു വി​നോദ് മുംബയ് ഇന്ത്യൻസി​നായി​ കളി​ക്കും.

ഡൽഹി​ ക്യാപ്പി​റ്റൽസി​ന്റെ ഫീൽഡിംഗ് കോച്ച് മലയാളി​യായ ബി​ജു ജോർജാണ്.

ജോ റൂട്ട് തന്റെ ആദ്യ ഐ.പി​.എൽ സീസണി​നായാണ് ഇക്കുറി​ രാജസ്ഥാൻ റോയൽസ് ടീമി​നൊപ്പമെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.