SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.31 PM IST

തലവര മാറ്റാൻ പുതിയ വ്യവസായ നയം

photo

വ്യവസായ രംഗത്ത് പിന്നാക്കം നില്‌ക്കുന്ന കേരളത്തെ കഴിയുന്നത്ര നിക്ഷേപ സൗഹൃദമാക്കി പരമാവധി പേർക്ക് തൊഴിൽ നല്‌കാനുതകുന്ന പുതിയ വ്യവസായ നയത്തിനാണ് എൽ.ഡി.എഫ് സർക്കാർ രൂപംനല്‌കിയിരിക്കുന്നത്. പുതുസംരംഭങ്ങൾക്ക് നാലുശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപവരെ വായ്പ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ നയത്തിന്റെ ഭാഗമാണ്. അൻപതു ശതമാനത്തിലധികം പ്രാദേശിക തൊഴിലാളികൾക്ക് സ്ഥിരജോലി നല്‌കുന്ന വൻകിട സംരംഭങ്ങളിൽ തൊഴിലാളിയുടെ മാസശമ്പളത്തിന്റെ 25 ശതമാനം വരുന്ന തുക സർക്കാർ നല്‌കുമെന്നാണു പ്രഖ്യാപനം. നിർമ്മിതബുദ്ധി ആധാരമാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, ഡാറ്റാ മൈനിംഗും വിശകലനവും എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് ചെലവിന്റെ ഇരുപത്തിയഞ്ചുലക്ഷം രൂപ വരെ തിരികെ നല്‌കും. ചെറുകിട സംരംഭങ്ങൾക്ക് വൈദ്യുതി നികുതിയിളവ്, ജി.എസ്.ടി വിഹിതം തിരികെ നല്‌കൽ, സ്‌ത്രീകളുടെയും പട്ടിക വിഭാഗങ്ങളുടെയും തൊഴിൽ സംരംഭങ്ങൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് തുടങ്ങി വിവിധ മേഖലകളെ സ്പർശിക്കുന്ന വേറെയും ഇളവുകളും സൗജന്യങ്ങളും പുതിയ വ്യവസായനയത്തിലെ പ്രത്യേകതകളാണ്. 2023 - 24 നിക്ഷേപ സൗഹൃദ വർഷമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതു ലക്ഷ്യമിട്ടാകും നയം നടപ്പാക്കുക.

വ്യവസായ മേഖലയുടെ വികസനത്തിന് തടസമായി നില്‌ക്കുന്ന കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനും നടപടിയുണ്ടാകും. വ്യവസായം വളരണമെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യവും ഇതുതന്നെ. നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനൊപ്പം ഇവ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ കൊളോണിയൽ മനോഭാവം മാറ്റാനുള്ള ഇടപെടലുകളും ആവശ്യമാണ്. വ്യവസായം തുടങ്ങാൻ എത്തുന്നവരെ ശത്രുക്കളായി കാണുന്ന സമീപനവും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ചെറു സംരംഭകരെപ്പോലും ഏതുവിധേനയും ആട്ടിയോടിക്കാൻ ഇറങ്ങിത്തിരിക്കുന്ന രാഷ്ട്രീയക്കാരുടെ പതിവു സമീപനത്തിലും കാതലായ മാറ്റമുണ്ടാകുന്നില്ലെങ്കിൽ നയം അതേപടി ഏട്ടിൽത്തന്നെ ഇരിക്കും. ഒട്ടേറെ വ്യവസായികളുടെ ദുരനുഭവങ്ങൾ പാഠപുസ്തകം പോലെ മുന്നിലുള്ളപ്പോൾ ഏറെ കരുതലോടും ആശങ്കയോടും കൂടിയാവും ഒരാൾ ഇവിടെ പണം മുടക്കാൻ തയ്യാറാവുക. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നത് വസ്തുതയാണ്. സംരംഭങ്ങൾ തുടങ്ങുന്നതിന് വിലങ്ങുതടിയായി നില്‌ക്കുന്ന നിയമങ്ങളും ചട്ടങ്ങളും നല്ലതോതിൽ പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും അത് പൂർണമായും വ്യവസായികൾക്ക് അനുകൂലമായിട്ടുണ്ടെന്നു പറയാനാവില്ല. വ്യവസായശാല സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതുൾപ്പെടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കടൽക്കിഴവൻ സമീപനം ഇപ്പോഴും കാണാം.

എല്ലാം മുടക്കുക, അതല്ലെങ്കിൽ പരമാവധി വൈകിപ്പിക്കുകയെങ്കിലും ചെയ്യുക എന്ന ചിന്താഗതിയുള്ള ഒട്ടേറെ ഉദ്യോഗസ്ഥർ വ്യവസായ വകുപ്പിൽ മാത്രമല്ല റവന്യൂ വകുപ്പിലും ഉണ്ട്. കൈക്കൂലിക്കു സാദ്ധ്യതകളുള്ള ഒരു കാര്യത്തിലും അവർ നീക്കുപോക്കിനു തയ്യാറാവുകയുമില്ല. വികസനവിരോധികളിൽനിന്ന് വ്യവസായ മേഖലയെ എത്രത്തോളം രക്ഷിക്കുമെന്നതിനെ ആശ്രയിച്ചാകും പുതിയ വ്യവസായ നയത്തിന്റെ വിജയം . പുതിയ വ്യവസായനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വളരെ വലിയ ദൗത്യമാണ് ഇവർ ഏറ്റെടുക്കേണ്ടിവരുന്നത്. കാശുമുടക്കാൻ പറ്റിയ ഇടമല്ല കേരളമെന്ന ദുഷ്‌പ്പേര് എന്നന്നേയ്ക്കുമായി മാറ്റിയെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ എത്രത്തോളം ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEW INDUSTRIAL POLICY KERALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.