SignIn
Kerala Kaumudi Online
Saturday, 20 April 2024 9.01 PM IST

പിണറായിക്ക് ആശ്വാസം...!

cm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുമാണെന്ന ഹർജിയിൽ വിധി പറയാതെ, ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് താത്കാലിക ആശ്വാസമായത്. 12പേജുള്ള ഉത്തരവ് വരുന്നതു വരെ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു കേരളം. അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് നേരത്തെ ബന്ധുനിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്. ഇത്തരമൊരു ഉത്തരവുണ്ടായാൽ മുഖ്യമന്ത്രിക്ക് പദവിയൊഴിയേണ്ടി വരുമായിരുന്നു. എന്നാൽ മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് അന്വേഷിക്കാൻ തങ്ങൾക്ക് കഴിയുമോ എന്ന നിയമപ്രശ്നമുയർത്തി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദും ഭിന്നവിധി പറഞ്ഞതോടെ ഹർജി വീണ്ടും മൂന്നംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് പോവുകയാണ്. കേസ് അനന്തമായി നീളുമെന്ന് സാരം.

ലോകായുക്തയുടെ പന്ത്രണ്ടു പേജുള്ള ഉത്തരവിന്റെ പൂർണരൂപം ഇങ്ങനെ:- അഴിമതി, സ്വജനപക്ഷപാതം, ഇഷ്ടമുള്ളവർക്ക് ഉപകാരം ചെയ്യൽ കുറ്റങ്ങൾ പ്രകാരം കേരള സർവകലാശാലാ മുൻ ഉദ്യോഗസ്ഥനായ ആർ.എസ്. ശശികുമാറാണ് ലോകായുക്തയിൽ ഹർജി നൽകിയത്. കേസിലെ ഒന്നാം എതിർകക്ഷി ചീഫ്സെക്രട്ടറിയാണ്. രണ്ടാം എതിർകക്ഷി മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മുതൽ 18വരെ എതിർകക്ഷികൾ കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിലെ മന്ത്രിമാരുമാണ്. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുടെ കാലാവധി കഴിഞ്ഞതിനാൽ മുഖ്യമന്ത്രിക്ക് മാത്രമാണ് ഉത്തരവ് ബാധകമാവുക. ലോകായുക്ത നിയമത്തിലെ സെക്ഷൻ 14പ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും പദവിയിൽ തുടരരുതെന്ന് പ്രഖ്യാപിക്കണമെന്നാണ് പരാതിയിലുള്ളത്.

2019 ജനുവരി 14 നാണ് പരാതി ഫയലിൽ സ്വീകരിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസയച്ചു. നിയമപ്രകാരം മുഖ്യമന്ത്രിയുടെ കോമ്പീറ്റന്റ് അതോറിട്ടി ഗവർണറായതിനാൽ ലോകായുക്ത നിയമത്തിലെ സെക്ഷൻ 9(3)(എ) പ്രകാരം പരാതിയുടെ പകർപ്പ് ഗവർണർക്കും അയച്ചു. വാദം പൂർത്തിയാക്കി 2022 മാർച്ച് 18നാണ് കേസ് ഉത്തരവിനായി മാറ്റിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ പരാതികൾ ഇവയാണ്:-

അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ ചികിത്സാ സഹായമായും അദ്ദേഹത്തിന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 20 ലക്ഷവും നൽകാൻ 2017 ജൂലായ് 27ന് തീരുമാനിച്ചു. ഇതിനായി 2017 ആഗസ്റ്റ് ഒന്നിന് അഡി.ചീഫ്സെക്രട്ടറി ഉത്തരവിറക്കി.

2018 ജനുവരി 24ന് മന്ത്രിസഭ കൈക്കൊണ്ട മറ്രൊരു തീരുമാനമാണ് അടുത്ത ആരോപണത്തിന് ആധാരം. അന്തരിച്ച എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പാ ബാദ്ധ്യതകൾ തീർക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചു. അദ്ദേഹത്തിന്റെ മകൻ ആർ. പ്രശാന്തിന് സർക്കാർ ജോലി നൽകി. ഇതിനായി 2018 ജനുവരി 28, മാർച്ച് 17, ഒക്ടോബർ അഞ്ച് തീയതികളിൽ മൂന്ന് ഉത്തരവുകളിറക്കി.

വാഹനാപകടത്തിൽ മരിച്ച സിവിൽ പൊലീസ് ഓഫീസർ പി.പ്രവീണിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20ലക്ഷം അനുവദിച്ച് 2017 ഒക്ടോബർ ആറിന് ഇറക്കിയ ഉത്തരവാണ് മൂന്നാമത്തെ പരാതിക്ക് ആധാരം. മുൻ ആഭ്യന്തരമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെയായിരുന്നു അപകടം. ഇസഡ് കാറ്റഗറി സുരക്ഷയാണ് കോടിയേരിക്ക് ഒരുക്കിയിരുന്നത്. തുക അനുവദിക്കാൻ ഒക്ടോബർ നാലിനു ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട ഈ മൂന്ന് തീരുമാനങ്ങളിലും അഴിമതി, സ്വജനപക്ഷപാതം, പക്ഷാഭേദം എന്നിവയുണ്ടെന്നും പൊതുപ്രവർത്തകർ ചുമതല വഹിക്കുമ്പോൾ കാട്ടേണ്ട ആത്മാർത്ഥതയും സത്യസന്ധതയും കാട്ടിയിരുന്നില്ലെന്നുമാണ് പരാതിയിലുള്ളത്. പൊതുപ്രവർത്തകരെന്ന പദവി ദുർവിനിയോഗം ചെയ്താണ് മൂന്നുപേരുടെയും കുടുംബങ്ങൾക്ക് സഹായം അനുവദിച്ചത്. വ്യക്തിപരമായ താത്പര്യങ്ങളും ന്യായരഹിതമായ അഴിമതി താത്പര്യങ്ങളുമാണ് ഈ തീരുമാനങ്ങൾക്ക് പിന്നിലെന്നതിനാൽ അതിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് അകമ്പടി വാഹനം അനുവദിച്ചത് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ നേതാവിന് അകമ്പടി പോയത് ഔദ്യോഗിക ഡ്യൂട്ടിയായി കണക്കാക്കാനാവില്ലെന്നും പരാതിയിലുണ്ട്. മന്ത്രിമാർക്കും മറ്റും സുരക്ഷ നൽകവേ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ മരിച്ചവരുടെ കുടുംബങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം അനുവദിച്ചിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് അകമ്പടി നൽകിയതുകൊണ്ടു മാത്രമാണ് പ്രവീണിന്റെ കുടുംബത്തിന് സാമ്പത്തികസഹായം നൽകിയതെന്നും പരാതിക്കാരൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തിന് ചട്ടങ്ങളുണ്ടെന്ന് പരാതിയിലുണ്ട്. ചട്ടങ്ങൾ പ്രകാരം ഈ മൂന്ന് ആവശ്യത്തിനും പണം അനുവദിക്കാനാവില്ല. ദുരിതാശ്വാസ നിധിയിൽനിന്ന് സഹായത്തിന് അപേക്ഷിക്കുന്നവരുടെ വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

മന്ത്രിസഭ കൈക്കൊണ്ട മൂന്ന് തീരുമാനങ്ങളും ഈ ചട്ടങ്ങളുടെ ലംഘനമാണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായത്തിനുള്ള അപേക്ഷയ്ക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ സാധാരണ ഗതിയിൽ നൽകേണ്ടതാണ്. ഈ മൂന്ന് ധനസഹായം അനുവദിക്കാനും അത്തരമൊരു അപേക്ഷയുണ്ടായിട്ടില്ല. അജൻഡയ്ക്ക് പുറത്തുള്ള ഇനമായി പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഒരു ലക്ഷത്തിനു താഴെ വാർഷിക വരുമാനമുള്ള അപേക്ഷകർക്ക് പരമാവധി മൂന്നു ലക്ഷം രൂപയേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാനാവൂ എന്ന് 2018 മാർച്ച് 21ന് വിവരാവകാശ നിയമപ്രകാരം സർക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും മറികടന്നാണ് മന്ത്രിസഭ തീരുമാനമെടുത്തതെന്നും പരാതിയിലുണ്ട്.

പരാതിയും അതിനൊപ്പം നൽകിയ രേഖകളും കണക്കിലെടുത്തപ്പോൾ മന്ത്രിസഭാ യോഗം കൈക്കൊണ്ട മൂന്ന് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള ആക്ഷേപങ്ങളാണെന്ന് വ്യക്തമായി. എന്നാൽ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കുമിടയിൽ ഭിന്നാഭിപ്രായമുണ്ട്. മന്ത്രിസഭയിലെ അംഗങ്ങളെന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കൈക്കൊണ്ട തീരുമാനങ്ങളെക്കുറിച്ച് നിയമപ്രകാരം ലോകായുക്തയ്ക്ക് അന്വേഷിക്കാൻ കഴിയുമോ, പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിലെ ആധികാരികത എന്നിവയിലാണത്. അതിനാൽ ലോകായുക്ത, രണ്ട് ഉപലോകായുക്തമാർ എന്നിവരടങ്ങിയ ഫുൾ ബഞ്ചിന് പരാതിയിലെ അന്വേഷണം വിടാൻ ലോകായുക്ത നിയമത്തിലെ സെക്ഷൻ 7(1) പ്രകാരം ലോകായുക്ത നിർബന്ധിതമാവുന്നു. ലോകായുക്തയും രണ്ട് ഉപലോകായുക്തയുമടങ്ങിയ ബെഞ്ച് ലോകായുക്ത നിശ്ചയിക്കുന്ന തീയതിയിൽ കേസ് പരിഗണിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE AGAINST CM PINARAYI VIJAYAN REFERRED TO LARGER BENCH LOKAYUKTA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.