SignIn
Kerala Kaumudi Online
Thursday, 25 April 2024 1.12 PM IST

വൈക്കം സത്യഗ്രഹവും ടി.കെ മാധവനും

t-k-madhavan

അയിത്തോച്ചാടനത്തിനായി ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായിരുന്ന വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ചിരിക്കുകയാണല്ലോ. ദക്ഷിണകാശി എന്നറിയപ്പെട്ട വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സഞ്ചരിക്കാൻ സർവജനവിഭാഗങ്ങൾക്കും അനുവാദം നൽകണമെന്നാവശ്യപ്പെട്ട് 1924 മാർച്ച് 30 (കൊല്ലവർഷം 1099 മീനം 17) നാണ് വൈക്കം സത്യഗ്രഹ സമരപരമ്പരയുടെ തുടക്കം. ഈഴവരടക്കമുള്ള അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിരുന്നുവെന്ന് മാത്രമല്ല, 'അയിത്ത ജാതിക്കാർക്ക് പ്രവേശനം ഇല്ല' എന്നെഴുതിയ ബോർഡും സ്ഥാപിച്ചിരുന്നു. സൈക്കിൾറിക്ഷയിൽ വൈക്കത്തു വന്നപ്പോൾ ശ്രീനാരായണഗുരുവിനെ തടയാനും തിരിച്ചുപോകണമെന്ന് അന്ത്യശാസനം കൊടുക്കാനും ജാതിക്കോമരങ്ങൾ തയ്യാറായി.

നായകനെ കണ്ടില്ലെന്ന്

നടിക്കാൻ ശ്രമം

സ്വാതന്ത്റ്യസമരത്തിൽ സാമൂഹ്യനവോത്ഥാനത്തിന്റെ വഴിത്താര തുറന്ന വൈക്കം സത്യഗ്രഹത്തിന് കനലായി മാറിയത് ഗുരുവിന്റെ ശിഷ്യൻ ദേശാഭിമാനി ടി.കെ മാധവൻ എന്ന വിപ്ലവനായകന്റെ ദീർഘവീക്ഷണവും അസാമാന്യ നേതൃപാടവവുമാണെന്നകാര്യം ആർക്കും നിഷേധിക്കാനാവില്ല. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ നായകനെ ബോധപൂർവം വിസ്മരിക്കാൻ തത്‌പരകക്ഷികൾ ശ്രമിക്കുന്നുണ്ടെന്നത് വസ്തുതയാണ്. തിരുനൽവേലിയിൽ മഹാത്മജിയെ നേരിട്ട് സന്ദർശിച്ച് ടി.കെ മാധവൻ സമരത്തിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തി. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ മഹാത്മജി സത്യഗ്രഹം നടത്താൻ അനുമതി നൽകുകയായിരുന്നു. 1923ൽ ടി.കെ മാധവനാണ് കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടനത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹപ്രമേയം അവതരിപ്പിച്ച് അംഗീകാരം നേടിയത്.
1924 ഫെബ്രുവരി 28 ന് എറണാകുളത്ത് രൂപീകരിച്ച അസ്പർശ്യതാ നിർമ്മാർജ്ജന സമിതിയുടെ നേതൃത്വത്തിൽ വൈക്കത്ത് വിലക്കപ്പെട്ട വഴികളിലൂടെ ജാഥ നടത്താൻ ടി.കെ മാധവന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. എന്നാലത് വർഗീയ കലാപമെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് ജാഥയ്ക്ക് നിരോധനം ഏർപ്പെടുത്തി.
അതോടെ അസ്പർശ്യതാ നിർമ്മാർജ്ജന സമിതി മ​റ്റൊരു പദ്ധതി കൊണ്ടുവന്നു. സമിതിയിലെ എല്ലാ അംഗങ്ങളും വീഥിയിലെ നിരോധനമെഴുതിയ ബോർഡിനടുത്തെത്തിയ ശേഷം മൂന്ന് വ്യത്യസ്ത ജാതിയിൽപെട്ടവരെ വിലക്കുള്ള വഴിയിലൂടെ കടത്തിവിടുക. ആദ്യദിനം ഈഴവ, നായർ, പുലയ വിഭാഗങ്ങളിലെ മൂന്നുപേർ ഈ വഴിയിലൂടെ കടന്ന് പോയെങ്കിലും, വഴിമദ്ധ്യേ പൊലീസ് തടഞ്ഞു. കൂട്ടത്തിലെ രണ്ട് അവർണരെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു. എന്നാൽ മൂവരും ഒന്നിച്ചതോടെ പൊലീസ് അവരെ അറസ്​റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സമിതി ദിവസവും സത്യഗ്രഹം തുടങ്ങി. ഏപ്രിൽ ഏഴിന് ടി.കെ.മാധവനെ അറസ്​റ്റ് ചെയ്തു. അഞ്ച് മാസത്തോളം അദ്ദേഹം ജയിലിൽ കഴിഞ്ഞു.

ഗുരുവിന്റെ

ആശീർവാദവും

വെല്ലൂർ മഠവും

ദേശീയവാദ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ടി.കെ.മാധവനിലൂടെയാണ് ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹത്തെ ആശീർവദിച്ചത്.
1924 സെപ്തംബർ 24 ന് ഗുരു വൈക്കം സത്യഗ്രഹസ്ഥലം സന്ദർശിച്ചു. നിരോധനമുള്ള വഴിയിൽ പ്രവേശിച്ച് പ്രത്യാഘാതം നേരിടണമെന്നും അടിച്ചാൽ തിരിച്ചടിക്കരുതെന്നും ഗുരു നിർദ്ദേശിച്ചു. സാമൂഹിക നീതിയും സഞ്ചാരസ്വാതന്ത്റ്യവും നേടിയെടുക്കുന്നതിന് വിഘാതമായി നിൽക്കുന്ന ഏതു മതിലിനേയും ചാടിക്കടക്കണമെന്നും സ്വാതന്ത്ര്യത്തിന്റേതായ സ്വാദുള്ള നിവേദ്യം ശ്രീകോവിലിനുള്ളിൽ കടന്ന് കുടിക്കണമെന്നും, പന്തിഭോജനത്തിൽ ഏവർക്കുമൊപ്പം ഇരിക്കണമെന്നും ഗുരു നിർദ്ദേശം നൽകി.
അവർണരെ സംസ്‌കൃതം പഠിപ്പിക്കാൻ ശ്രീനാരായണഗുരു സ്ഥാപിച്ചതായിരുന്നു വെല്ലൂർമഠം എന്ന ആശ്രമം. ഈ ആശ്രമം വൈക്കം സത്യഗ്രഹ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ്. വൈക്കം സത്യഗ്രഹത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ചിരുന്നത് വെല്ലൂർമഠത്തിൽ നിന്നാണ്. സമരത്തിന് സർവപിന്തുണയും നൽകിയ ശ്രീനാരായണഗുരു സത്യഗ്രഹികൾക്ക് താമസിക്കാനായി വെല്ലൂർമഠം വിട്ടുനൽകി. അതിന് ശേഷം ഈ മഹാസമരത്തിന്റെ കേന്ദ്രമായിരുന്നു വെല്ലൂർമഠം. ഇന്ത്യയുടെ പല ഭാഗത്ത് നിന്ന് എത്തിച്ചേർന്ന വ്യത്യസ്ത വിഭാഗത്തിലെ സമരസേനാനികൾ വെല്ലൂർമഠത്തിൽ അന്തിയുറങ്ങി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സമരഭടന്മാർക്ക് ഊർജ്ജം പകരാനും ശ്രീനാരായണഗുരു വെല്ലൂർമഠത്തിലെത്തി സത്യഗ്രഹികളെ അനുഗ്രഹിച്ചു. സത്യഗ്രഹികൾ സമരഗാനങ്ങൾ പാടി ജാഥ ആരംഭിച്ചിരുന്നത് വെല്ലൂർമഠത്തിൽ നിന്നാണ്. പഞ്ചാബിൽ നിന്നെത്തിയ സിക്കുകാർ വെല്ലൂർമഠത്തിൽ സത്യഗ്രഹികൾക്കായി ആഹാരം ഒരുക്കി. വെല്ലൂർമഠം വൈക്കം സത്യഗ്രഹത്തിന്റെ കേന്ദ്രമാകുക മാത്രമല്ല രാജ്യത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി. സത്യഗ്രഹ ഫണ്ടിലേക്ക് ഗുരു തന്നെ സ്വന്തം പണം നൽകുകയും ഫണ്ട് സ്വരൂപിച്ച് സമരക്കാർക്ക് നൽകുകയും ചെയ്തു. സത്യഗ്രഹികൾക്കായി ഗുരു സ്ഥാപിച്ച ആശ്രമത്തിലായിരുന്നു ഗാന്ധിജിയുടെ താമസം.

ഭാഗികമായ

സഞ്ചാരസ്വാതന്ത്ര്യം

സത്യഗ്രഹം ശക്തമായതോടെ വൈക്കത്തെ പ്രമാണിമാരുടെ നേതാവായ ഇണ്ടൻതുരുത്തിൽ നമ്പൂതിരിയുടെ നേതൃത്വത്തിൽ വൈക്കം ക്ഷേത്രപരിസരത്ത് വച്ച് അവർണരെ ക്രൂരമായി മർദ്ദിച്ചു. തിരുവല്ല ചി​റ്റേടത്ത് ശങ്കുപ്പിള്ള വൈക്കം സത്യഗ്രഹത്തിലെ ആദ്യ രക്തസാക്ഷിയായി. ദളിത് വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന നേതാവായ ആമച്ചടി തേവന്റെ കണ്ണിലേക്ക് ചുണ്ണാമ്പ് കുടഞ്ഞെറിയുകയും അതേതുടർന്ന് അദ്ദേഹത്തിന്റെ കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു.
1925 നവംബർ 23 ന് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കെ നട ഒഴികെയുള്ള മൂന്ന് വഴികൾ എല്ലാവർക്കുമായി തുറന്നു കൊടുത്തു. എന്നാൽ കിഴക്കെനടയിലുള്ള വഴി അവർണർക്കായി തുറന്ന് കിട്ടാൻ 1936 ലെ ക്ഷേത്രപ്രവേശന വിളംബരം വരെ കാത്തിരിക്കേണ്ടിവന്നു.

വിസ്മരിക്കാനാവില്ല

ദളവാക്കുളത്തെ

വൈക്കം സത്യഗ്രഹത്തിലേക്കു നയിച്ച ചരിത്ര സംഭവങ്ങളിൽ ഏ​റ്റവും പ്രധാനം പത്തൊമ്പതാം നൂ​റ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ദളവാക്കുളം സമരവും കൂട്ടക്കൊലയുമാണെന്ന വസ്തുത എടുത്തുപറയേണ്ടിയിരിക്കുന്നു. വൈക്കത്തെ ദളവാക്കുളം ഇന്നൊരു ബസ്റ്റാൻഡാണ്. ജാതിക്കും തീണ്ടലിനുമെതിരെ സമരവും അമ്പലത്തിൽ പ്രവേശിക്കാനായി സമരജാഥയും നടത്തി വന്ന അവർണരെ കിഴക്കേനടയിൽ കൂട്ടക്കൊലചെയ്ത് ദളവാക്കുളത്തിൽ ചവിട്ടിത്താഴ്ത്തിയ ചരിത്രം വിസ്മരിച്ച് മുന്നോട്ട് പോകാനാകില്ല

ഇന്നും തുടരുന്ന വിവേചനം

രാഷ്ട്രീയമായും സാമൂഹികമായും പിന്നാക്കം നിന്ന വലിയൊരു വിഭാഗത്തെ രാഷ്ട്രീയ പാർട്ടികൾക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം ദേശീയതലത്തിൽ തന്നെ സംജാതമാക്കിയതിന്റെ മുഴുവൻ ക്രെഡി​റ്റും ടി.കെ.മാധവന് അവകാശപ്പെട്ടതാണ്. എന്നാൽ ടി.കെ.മാധവൻ ലക്ഷ്യമിട്ട അധഃകൃതവിഭാഗങ്ങളുടെ പൗരാവകാശ സംരക്ഷണം നൂ​റ്റാണ്ട് പിന്നിട്ടിട്ടും പൂർണമായി സഫലമാക്കാനായിട്ടില്ല. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡിലും ഇന്നും എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ തുല്യമായി സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ക്ഷേത്ര ശ്രീകോവിലുകളും പൂജാദികർമ്മങ്ങളും ഇന്നും പിന്നാക്കക്കാർക്ക് ബാലികേറാമലയായി തുടരുന്നു. ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിലെ സവർണ മേൽക്കോയ്മയും ദേവസ്വം ബോർഡ് നിയമനങ്ങളിൽ സവർണവിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ 10 ശതമാനം സംവരണവും പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനമായി മാത്രമേ കാണാനാകൂ. സാമൂഹ്യ പ്രാതിനിധ്യം ജനാധിപത്യത്തിന്റെ അടിത്തറയാണ്. രാഷ്ട്രീയ പ്രാതിനിധ്യവും ഭരണപങ്കാളിത്തവുമുണ്ടായാലേ അവർണവിഭാഗങ്ങൾക്ക് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAIKKOM SATHYAGRAHA AND T K MADHAVAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.