SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.40 AM IST

ആശങ്ക പെരുകി സമ്പദ്‌രംഗം

photo

ഇന്ത്യയിലെ ബാങ്കുകൾക്ക് കാവലായി റിസർവ് ബാങ്ക് ചട്ടങ്ങളുണ്ടെങ്കിലും അവയെ മറികടക്കാനുള്ള മാർഗങ്ങൾ തേടി പലവഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബാങ്കുകളുടെ മേൽ എപ്പോഴുമൊരു കണ്ണുവേണം. അമേരിക്കയിലെ സമീപകാല സംഭവങ്ങൾ, ബാങ്കിംഗ് രംഗത്തെ നിയന്ത്രണങ്ങളുടെയും മേൽനോട്ടത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു.

കഴിഞ്ഞതവണ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത് രാജ്യത്തെ ബാങ്കിംഗ് നിയന്ത്രണ നിയമവും ബാങ്കിംഗ് കമ്പനീസ് ആക്ടും റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നിയമവും ഭേദഗതി ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നാണ്. ഭാവിയിലെ പ്രതിസന്ധികളെ നേരിടാനുള്ള പാകത്തിൽ മൂലധനം ഉയർത്താതിരിക്കുന്നതും കാലാനുസൃതമായ പരിശോധനകൾ നടത്താതെയിരിക്കുന്നതും ഏതുരാജ്യത്തും ബാങ്കുകളെ പ്രതിസന്ധിയിലാക്കും. യു.എസ്.ബാങ്കുകളുടെ തകർച്ചയ്ക്ക് പിന്നാലെ സ്വിസ് ബാങ്കുകളിലെ പ്രധാന ബാങ്കായ ക്രെഡിറ്റ് സ്വിസും പ്രതിസന്ധിയിലായത് ആഗോള സാമ്പത്തിക
പ്രതിസന്ധി വ്യാപകമാവുകയാണെന്ന ആശങ്ക പടർത്തിയിരിക്കുകയാണ്. രാജ്യത്തെ വൻകിട കമ്പനികൾക്ക് കടപത്രങ്ങളുടെ രൂപത്തിലും വായ്പയുടെ രൂപത്തിലും വൻ വിദേശ കടബാദ്ധ്യതയുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അത് ഇന്ത്യയിലെ ബാങ്കിംഗ് മേഖല ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ്. അമേരിക്കയിലും, യൂറോപ്പിലുമുള്ള എല്ലാ ബാങ്കുകളും സ്വകാര്യ മേഖലയിലായതിനാൽ അവ എപ്പോൾ വേണമെങ്കിലും തകർന്നേക്കാം.

ആഗോള സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധിക്ക് ആശ്വാസം പകരാൻ സ്വിറ്റ്സർലൻഡിലെ ബാങ്കായ ക്രെഡിറ്റ് സ്വിസിനെ അവിടത്തെ ഏറ്റവും വലിയ ബാങ്കായ യൂണിയൻ ബാങ്ക് ഒഫ് സ്വിറ്റ്സർലൻഡും അമേരിക്കയിൽ തകർച്ചയെത്തുടർന്ന് പൂട്ടിയ സിഗ്നേച്ചർ ബാങ്കിനെ ന്യൂയോർക്ക് കമ്മ്യൂണിറ്റിബാങ്കും ഏറ്റെടുത്തു. അമേരിക്കയിൽ അടുപ്പിച്ച് മൂന്നു ബാങ്കുകളാണ് തകർന്നത്. ഇതിൽ സിഗ്നേച്ചർ ബാങ്കിനെ തർച്ചയിലേയ്ക്ക് നയിച്ചത് ക്രിപ്‌റ്റോ കറൻസിയിൽ ബാങ്കിനുണ്ടായിരുന്ന ഇടപാടുകളായിരുന്നു. മറ്റു രണ്ടുബാങ്കുകളുടെയും തകർച്ചയ്ക്ക് മുഖ്യകാരണമായി ചൂണ്ടികാണിച്ചിട്ടുള്ളത് നിക്ഷേപത്തിന്റെ ദൗർബല്യമല്ല വിനിയോഗത്തിന്റെ വീഴ്ചയാണെന്നാണ്. നിക്ഷേപങ്ങൾ സ്റ്റാർട്ടപ്പുകളിലും വിനിയോഗം ബോണ്ടുകളിലുമായിരുന്നു.
പലിശനിരക്ക് വർദ്ധിക്കുന്നതനുസരിച്ച് ബോണ്ടിന്റെ മൂല്യം ഇടിഞ്ഞുകൊണ്ടിരുന്നു. ഇതുമൂലം നിക്ഷേപം തിരികെ നൽകാനായി വളരെ കുറഞ്ഞ വിലയ്ക്ക് ബോണ്ടുകൾ വിൽക്കേണ്ടിവന്നു. ശതകോടികളുടെ നഷ്ടമാണ് ബാങ്കുകൾക്കുണ്ടായത്.

ഇന്ത്യയിൽ പൊതുമേഖലയിലെ ഐ.ഡി.ബി.ഐ ബാങ്കും പ്രധാന സ്വകാര്യ ബാങ്കുകളിലൊന്നായ യെസ് ബാങ്കും പ്രതിസന്ധികടന്നത് പൊതുമേഖലാ സ്ഥാപനങ്ങളായ എൽ.ഐ.സി.യുടെയും എസ്.ബി.ഐ യുടെയും തണലിലാണ്. ഐ.ഡി.ബി.ഐ യുടെ ഭൂരിഭാഗം ഓഹരികളും ബാങ്കിന്റെ നിയന്ത്രണവും എൽ.ഐ.സി യുടെ കൈവശമാണ്, യെസ് ബാങ്കിന്റെ നിയന്ത്രണം എസ്.ബി.ഐ യുടെ കൈവശവും. റിസർവ് ബാങ്കിന്റെ ഇടപെടലാണ് പ്രതിസന്ധിയിൽ രണ്ടു ബാങ്കുകളെയും നിലനിറുത്തിയത്.
ഇന്ത്യയിലെ ബാങ്കുകളിൽ കിട്ടാക്കടം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും ബാങ്കുകളുടെ കൺസോർഷ്യം വഴി വൻകിട വായ്പകൾ നൽകിക്കൊണ്ടിരി
ക്കുകയാണ്. ഇവയെല്ലാം പിന്നീട് കിട്ടാക്കടമായി മാറുന്നു. ഈ പ്രവർത്തന ശൈലിയാണ് രാജ്യത്തെ ബാങ്കുകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്‌ത്തുന്നത്.
ബാങ്കുകളുടെ കൂട്ടായ്മയായ കൺസോർഷ്യം വഴിയുള്ള വായ്പാ സമ്പ്രദായത്തിന്റെ ഉറവിടം കോർപ്പറേറ്റ് സങ്കേതമാണ്. ഒരു ബാങ്കിൽ നിന്നുമെടുക്കുന്ന വായ്പാത്തുകയേക്കാൾ പലമടങ്ങ് തുകയുടെ വായ്പയെടുക്കാനുള്ള അവസരമാണ് ബാങ്കുകൾ കൂടിചേർന്നുള്ള കൺസോർഷ്യം വഴിയുള്ള വായ്പാസമ്പ്ര

ദായം. ഇതു നിലവിൽ വന്നശേഷം ശതകോടികളുടെ വായ്പ നേടിയവരിൽ ഏറെപ്പേരുടെയും വായ്പകൾ കിട്ടാക്കടമായി മാറിയതായാണ് റിപ്പോർട്ട്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിൽ 12 ബാങ്കുകളുടെ കൺസോർഷ്യം വഴി വായ്പയായി 14,000 കോടിയും, ഏറ്റവുമൊടുവിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ 17
ബാങ്കുകളുടെ കൺസോർഷ്യം വായ്പയായി 34,615 കോടിയും പിന്നീട് കിട്ടാക്കടമായി മാറി.
രാജ്യത്തെ വാണിജ്യ ബാങ്കുകൾ കഴിഞ്ഞ അഞ്ചുവർഷം കിട്ടാക്കടമായി എഴുതിത്തള്ളിയത് പത്തുലക്ഷം കോടിയിൽപരം രൂപയെന്നാണ് റിപ്പോർട്ട് പറയുന്നത്. തിരിച്ചുപിടിക്കാനായത് കേവലം 1.32 ലക്ഷം കോടി മാത്രം.
2017-18 ൽ എഴുതിത്തള്ളിയത് 1.61 ലക്ഷം കോടിയും 2018-19 ൽ 2.36 ലക്ഷം കോടിയും, 2019-20 ൽ 2.34 ലക്ഷം കോടിയും, 1920-21 ൽ 2.02ലക്ഷം കോടിയും, 1921-22 ൽ 1.74 ലക്ഷം കോടി രൂപയുമാണ്. കിട്ടാക്കടമായി എഴുതിത്തള്ളിയ തുക ബാങ്കിന്റെ സ്വന്തം ഫണ്ടിൽനിന്നും കരുതൽ നിധിയിലേക്ക് മാറ്റേണ്ടിവന്നതാണ് ബാങ്കിന്റെ ലാഭത്തിൽ കുറവ് വരാൻ കാരണം.
പൊതുമേഖലാ ബാങ്കുകളോടൊപ്പം സ്വകാര്യ കമ്പനികളും വിദേശബാങ്കും എൽ.ഐ.സി യും തട്ടിപ്പിന് ഇരയായവരുടെ പട്ടികയിൽപ്പെടുന്നു. ദേശീയ ഓഹരി വിപണിയിൽ ഒഴുകുന്നതും പലപ്പോഴും ബാങ്കുകളുടെ പണംതന്നെ. സ്വകാര്യ ബാങ്കുകൾ പരമാവധി ലാഭമെന്ന ലക്ഷ്യത്തിലൂന്നി നിൽക്കുമ്പോൾ, പൊതുമേഖലാ ബാങ്കുകൾ ബാങ്കിങ് സേവന പരിധിയിൽ പരമാവധി സാധാരണക്കാരെ ഉൾക്കൊള്ളുകയും സാമ്പത്തികസേവനങ്ങൾ എല്ലായിടവും എത്തിക്കുകയും ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകൾ സാമൂഹ്യപ്രതിബദ്ധതയോടെ ചെയ്തുവരുന്ന മഹത്തായ സേവനങ്ങൾ സ്വകാര്യവത്‌കരണത്തോടെ ഇല്ലാതാകും. ആഗോള സമ്പദ് വ്യവസ്ഥയിലെ പ്രധാന ഘടകമായ ബാങ്കിങ് മേഖലയുടെ തുടർച്ചയായ തകർച്ചയുടെ ആഘാതത്തിൽ ഓഹരി വിപണികൾ ഉലയാതിരിക്കില്ല.
ജനങ്ങൾ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഏറ്റവും താഴ്ന്ന നിലയിലായി. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം മാർച്ച് 10 ന് 56,000 കോടി ഡോളർ മാത്രമാണ് കരുതൽ ശേഖരം. ഒരാഴ്ചയിൽ കറൻസി ശേഖരത്തിൽ 220 കോടി ഡോളറിന്റെയും സ്വർണശേഖര മൂല്യത്തിൽ 11 കോടി ഡോളറിന്റെയും ഇടിവുണ്ടായി. രൂപയുടെ വിനിമയമൂല്യം വൻതോതിൽ ഇടിയുന്നതാണ് വിദേശനാണ്യശേഖരം ശോഷിക്കാൻ മുഖ്യകാരണം.

രൂപയെ രക്ഷിക്കാൻ 2022 ൽ മാത്രം 11,500 കോടി ഡോളർ റിസർവ് ബാങ്കിന് ചെലവഴിക്കേണ്ടിവന്നു. ഇക്കൊല്ലവും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ മൂന്നു മുതൽ പത്തുവരെ 832 കോടി ഡോളറാണ് ഈയിനത്തിൽ നഷ്ടപ്പെട്ടത്. ഇന്ത്യൻ ബാങ്കിങ് വ്യവസ്ഥയെ സമ്പൂർണമായും വൻകിട കോർപ്പറേറ്റുകൾക്ക് വിധേയമാക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. 2008 ൽ ആഗോളതലത്തിലുണ്ടായ സാമ്പത്തികപ്രതിസന്ധി ഇന്ത്യയെ ബാധിക്കാതിരുന്നതിന്റെ മുഖ്യകാരണം രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ
വളർച്ചയാണ്. അവയെ സ്വകാര്യവത്‌കരണ പാതയിലേയ്ക്ക് നയിച്ചാലുണ്ടാകുന്ന നഷ്ടത്തിന്റെ ആഴവും പരപ്പും കണക്കുകൂട്ടലുകൾക്കും അപ്പുറമായിരിക്കും.
കമ്പനികളിലും ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപം നടത്താൻ നിശ്ചയിച്ചിട്ടുള്ള പരിധിക്ക് അല്പം പോലും ഇളവു വരുത്താതെ നിലനിറുത്തേണ്ടത് അനിവാര്യമാണ്. അദാനി ഗ്രൂപ്പ് കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ളത് എൽ.ഐ.സി യാണ്. നിലവിലുള്ള നിയ
മപ്രകാരം കൂടുതൽ നിക്ഷേപം നടത്താൻ എൽ.ഐ.സിക്ക് തടസമില്ലെന്നാണ്. ഇതേ പ്രവർത്തനശൈലിയാണ് എസ്.ബി.ഐ യും ഇ.പി.എഫ്.ഒ യും തുടരുന്നത്. അമേരിക്കയിലെ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡൽ ബെർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി തകർന്നടിഞ്ഞിട്ടും തങ്ങൾ നേരത്തെ നിക്ഷേപിച്ച ശതകോടികൾക്കു പുറമേ പൊതുമേഖലാ സ്ഥാപനങ്ങളായ എൽ.ഐ. സി 300 കോടിയും, എസ്.ബി.ഐ 225 കോടിയും ഇ.പി.എഫ്.ഒ 38,000 കോടിയും കൂടി നിക്ഷേപിക്കുകയായിരുന്നു. നിക്ഷേപം നടത്തി 48 മണിക്കൂറിനകം ഓഹരിയുടെ മൂല്യം ഇടിഞ്ഞതിനാൽ എൽ.ഐ.സി.ക്ക് 51 കോടിയും, എസ്.ബി.ഐ ക്ക് 38 കോടിയും നഷ്ടമായി. ഇ.പി.എഫ്.ഒ നിക്ഷേപത്തിന്റെ സ്ഥിതിയെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ആഗോള സാമ്പത്തികമാന്ദ്യം മുന്നിൽക്കണ്ട് ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിൽനിന്ന് ഇതിനകം ഇരുപത്തിമൂവായിരം ജീവനക്കാരെ പിരിച്ചുവിട്ടു. ഇനിയും ഏറെപേരെ പിരിച്ചുവിടാനാണ് സാദ്ധ്യത. കരാറടിസ്ഥാനത്തിലുള്ള ജീവനക്കാരെ നിയമിക്കുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIAN ECONOMY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.