തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചായത്ത് അവാർഡുകളിൽ നാലെണ്ണം കേരളം സ്വന്തമാക്കി. രാജ്യത്തെ മികച്ച ശിശുസൗഹൃദ ഗ്രാമ പഞ്ചായത്തായി ആലപ്പുഴയിലെ ചെറുതന തിരഞ്ഞെടുക്കപ്പെട്ടു. സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്തിനാണ് ഒന്നാം സ്ഥാനം. ജല പര്യാപ്തതയ്ക്കായി നടത്തിയ പ്രവർത്തനങ്ങൾക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും, സൽഭരണ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരസ്‌കാരങ്ങൾ 17 ന് ഡൽഹി വിഗ്യാൻ ഭവനിൽ വിതരണം ചെയ്യും. പുരസ്‌കാരം നേടിയ ഗ്രാമപഞ്ചായത്തുകളെ മന്ത്രി എം.ബി. രാജേഷ് അഭിനന്ദിച്ചു. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് അഭിമാനകരമായ നേട്ടമാണ് നാല് പഞ്ചായത്തുകളും നേടിയതെന്ന് മന്ത്രി പറഞ്ഞു.
ആലപ്പുഴയ്ക്ക് ഇരട്ട നേട്ടം
ദേശീയ തലത്തിലെ മികവിൽ ഒന്നാമതെത്തിയ ചെറുതന ,വീയപുരം ഗ്രാമ പഞ്ചായത്തുകൾ ആലപ്പുഴ ജില്ലയ്ക്ക് അഭിമാനമായി.
എല്ലാ അങ്കണവാടികളിലും വൈദ്യുതി, കുടിവെള്ളം,
പോഷകാഹാര വിതരണം, മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സ്‌കോളർഷിപ്പ്, പട്ടികജാതി കുട്ടികൾക്ക് പഠനമുറി, ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളർഷിപ്പ്,
സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണം,
ശുചിത്വ ബോധവത്കരണം തുടങ്ങിയവയാണ് ചെറുതനയെ അവാർഡിന് അർഹമാക്കിയത്.
വീയപുരത്തിന് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മികവിന് തുടർച്ചയായി മൂന്നു തവണ പുരസ്‌കാരം ലഭിച്ചിരുന്നു. സ്വരാജ് ട്രോഫി, ജൈവ വൈവിദ്ധ്യ, മഹാത്മ , ആർദ്രം പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സുസ്ഥിര വികസനത്തിലെ മികവും നേട്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |