എഴുത്തിലും വായനയിലും മുഴുകി ഇൻ ഫ്രാൻസിസ് നൊറോണ
തമാശയുള്ള കഥയെഴുതിയാൽ പിണങ്ങുന്നവരോട് ഇണങ്ങിപ്പോകാൻ സൗകര്യമില്ലാത്തതിനാൽ ഒരുപാട് കഥകളെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാൻസിസ് നൊറോണ. ആക്ഷേപഹാസ്യം ആർക്കിട്ടെങ്കിലും കൊണ്ടെങ്കിൽ, ഇനിമുതൽ പിണക്കക്കാർ കൂടും. അതിന്റെ തുടക്കമാണ് സർക്കാർ ജോലിയിൽ നിന്നുള്ള പടിയിറക്കം. മൂന്നുവർഷം ബാക്കിനിൽക്കെ ആലപ്പുഴ കുടുംബ കോടതിയിലെ ജോലിയിൽ നിന്നു സ്വയം വിരമിച്ചത് ഒളിച്ചോട്ടമോ ആരോടെങ്കിലുമുള്ള അമർഷമോ ശത്രുതയോ അല്ല; ഭയമില്ലാത്തവന്റെ ആത്മവിശ്വാസമാണ്. എഴുത്തൊരു യുദ്ധമോ എഴുത്തുകാരൻ പോരാളിയോ ആണെന്നു കരുതുന്നില്ലെങ്കിലും ഇഷ്ടങ്ങളെ വിലങ്ങണിയിക്കാൻ ശ്രമിക്കുന്നവരോട് നിശ്ശബ്ദമായി പറയാൻ ഇത്രമാത്രം-പേടിക്കാൻ വേറെ ആളെ നോക്കണം. ജോലിയല്ല വലുത്, നിലപാടാണ്.
'മാസ്റ്റർപീസ് "എന്ന നോവലും 'കക്കുകളി" എന്ന നാടകവും ആസ്വാദകർ ഏറ്റെടുത്തപ്പോഴാണ് ആർക്കൊക്കെയോ മുറിവേറ്റത്. സാഹിത്യലോകത്തെ പകയും മത്സരങ്ങളും വിവരിച്ച് ആക്ഷേപഹാസ്യരൂപേണ എഴുതിയ 'മാസ്റ്റർപീസ്" കുറിക്കുകൊണ്ട ചിലർ നീക്കം തുടങ്ങിയെന്ന് മനസിലായത് ഹൈക്കോടതിയിൽ പരാതി എത്തിയപ്പോഴാണ്.
സർവീസ് നിയമം അനുസരിച്ച് മുൻകൂട്ടി അനുമതി വാങ്ങാതെ എഴുതിയത് വീഴ്ചയാണെങ്കിലും വലിയൊരു അപരാധമായി കരുതുന്നില്ല. സർവീസിലുള്ള മൂന്നുവർഷവും തന്നെ നിശ്ശബ്ദനാക്കാനാണ് പരാതിക്കാർ ലക്ഷ്യമിട്ടത്. ആളുമാറിപ്പോയെന്ന് അവരെ ബോദ്ധ്യപ്പെടുത്താൻ ഇതാണ് കൃത്യമായ മറുപടി. പുതിയ നോവലായ 'മുടിയറകൾ" പൂർത്തിയായി.പിന്നാലെയുണ്ടാകും കൂടുതൽ എഴുത്തുകൾ.
കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ആലപ്പുഴയുടെ തീരദേശത്ത് പാവപ്പെട്ട ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്നതിനാൽ ജീവിതപരിസരങ്ങളിൽ പള്ളിയും മഠവുമെല്ലാം എപ്പോഴും ഉണ്ടായിരുന്നു. പാവപ്പെട്ട കുടുംബത്തിലെ നതാലി എന്ന പെൺകുട്ടി, കമ്മ്യൂണിസ്റ്റുകാരനായ പിതാവിന്റെ മരണശേഷം മേയ്ഫ്ളവർ എന്നപേരിൽ കന്യാസ്ത്രീയാകാൻ നിർബന്ധിതയാകുന്നതും മഠത്തിലെ പീഡനങ്ങളിൽ മനംനൊന്ത് മടങ്ങുന്നതുമാണ് കക്കുകളിയുടെ ഇതിവൃത്തം. 2017ൽ എഴുതിയ കഥ പിറ്റേവർഷം തൊട്ടപ്പൻ എന്ന കഥാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചു.
അജയകുമാർ അതു നാടകരൂപത്തിലാക്കുകയും ജോബ് മഠത്തിൽ സംവിധാനം ചെയ്ത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. നാടകരംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംഗീതനാടക അക്കാഡമി ഇതിന്റെ സ്ക്രിപ്ട് ചോദിച്ചുവാങ്ങുകയും അംഗീകാരം നൽകുകയും ചെയ്തു. ആലപ്പുഴ പറവൂർ പബ്ലിക് ലൈബ്രറിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച നെയ്തൽ എന്ന അമച്വർ സംഘം ഇത് അവതരിപ്പിച്ചപ്പോൾ ആർക്കും എതിർപ്പില്ലായിരുന്നു.
അതിനുമുൻപ് കോഴിക്കോട്ട് സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു. ഗോതുരുത്തിലായിരുന്നു ആദ്യ എതിർപ്പ്. തുടർന്ന് തൃശൂരിൽ അവതരിപ്പിച്ചപ്പോൾ കെ.സി.വൈ.എം പ്രവർത്തകർ ശക്തമായി രംഗത്തെത്തി. തൃശൂർ, തലശ്ശേരി, മാനന്തവാടി രൂപതകളിലുള്ളവർക്കാണ് എതിർപ്പ്.
ഇതുവരെ 15 വേദികളിൽ അവതരിപ്പിച്ചു. നാടകകലയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ഒപ്പമുള്ളതിനാൽ പിന്നോട്ടില്ല. ആദ്യം എഴുതിയ കക്കുകളിയോട് അന്നില്ലാതിരുന്ന എതിർപ്പ് മാസ്റ്റർപീസ് എഴുതിയശേഷം ഉണ്ടായതാണ് സംശയംജനിപ്പിക്കുന്നത്. വിവാദം നിലനിറുത്തി വഴിമുടക്കുകയെന്നതാണ് ചിലരുടെ ലക്ഷ്യം. രംഗത്തുവരാതെ നേതൃത്വം നല്കുന്നവർക്ക് മതവികാരം മുതലെടുക്കാൻ കഴിഞ്ഞു. വ്യവസ്ഥിതിയുടെ സുരക്ഷിതകേന്ദ്രങ്ങളിൽ ഇരിക്കുന്നവരെ ചോദ്യം ചെയ്യുമ്പോൾ എല്ലാ കാലത്തും എതിർപ്പുകൾ ഉണ്ടാവാറുണ്ട്.
സ്ത്രീപക്ഷത്ത് ഇനിയും നിലകൊള്ളും
എല്ലാ മേഖലയിലും അടിച്ചമർത്തപ്പെട്ട സ്ത്രീത്വത്തിനു വേണ്ടി നിലകൊള്ളുന്നതാണ് തന്റെ പക്ഷം. വീടുകൾ മുതൽ തൊഴിലിടങ്ങളിൽവരെ അവൾ അടിച്ചമർത്തപ്പെടുന്നു. ജോലി നഷ്ടമാകുമെന്നു പേടിച്ച് പീഡനം സഹിക്കുന്ന സ്ത്രീകളേറെയാണ്. ആദ്ധ്യാത്മിക കേന്ദ്രങ്ങളും വ്യത്യസ്തമല്ല. കത്തോലിക്ക സഭയിൽ വൈദികർ വരേണ്യവർഗമാണെങ്കിൽ കന്യാസ്ത്രീകൾ താഴേക്കിടയിലാണ്. സഭയുടെ കീഴിലുള്ള മഠങ്ങളിൽ 'അനുസരണ, ദാരിദ്ര്യം, ബ്രഹ്മചര്യം" എന്ന അടിസ്ഥാന പ്രമാണമനുസരിച്ച് തിരുവസ്ത്രമണിയുന്ന പലർക്കും പ്രതീക്ഷിച്ച ആത്മീയജീവിതമാകില്ല ലഭിക്കുക. ഇക്കാര്യങ്ങളാണ് കഥയിലൂടെ പറഞ്ഞത്. നോവലിലൂടെയോ നാടകങ്ങളിലൂടെയോ ജീവിതയാഥാർത്ഥ്യങ്ങൾ അറിയുന്നതിൽ സാധാരണക്കാർക്ക് എതിർപ്പില്ലെങ്കിലും, ഇതു തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നത് അധികാരസിംഹാസനങ്ങളിൽ ഇരിക്കുന്നവരും അവരുടെ പാർശ്വവർത്തികളും ഇഷ്ടപ്പെടുന്നില്ല. വ്യക്തിപരമായി ആരോടും എതിർപ്പില്ല. ഓരോ വ്യവസ്ഥിതിയിലെയും ചൂഷണങ്ങൾക്കെതിരെ തുടർന്നും എഴുതും. എതിർപ്പുകൾ ഒരുഘട്ടത്തിലും മാനസിക സമ്മർദമുണ്ടാക്കിയിട്ടില്ല.
കണ്ടതും അറിഞ്ഞതും ബഷീറിലൂടെ
കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആലപ്പുഴ രൂപതയുടെ കീഴിലുള്ള സൊസൈറ്റിയിൽ ജോലിചെയ്ത പത്തുവർഷമാണ് തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയതെന്ന് നൊറോണ പറയുന്നു. രൂപതയുടെ മുഖരേഖ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്ന കല്ലേലി രാഘവൻപിള്ളയാണ് ഗുരു. ചെറുകഥകളും ലേഖനങ്ങളുമെഴുതാൻ അദ്ദേഹം അവസരം നല്കി. പുസ്തകങ്ങൾ വായിക്കാനും സമയം കണ്ടെത്തി. ബഷീർകൃതികളാണ് വായനയോടുള്ള ഇഷ്ടം കൂട്ടിയത്. സർക്കാർ സർവീസിൽ ജോലി കിട്ടിയപ്പോഴും എഴുത്തും വായനയും തുടർന്നു. ഏതു വ്യവസ്ഥിതിയായാലും പുഴുക്കുത്തുകളെ ചോദ്യം ചെയ്യുന്ന മനുഷ്യപക്ഷത്ത് നില്ക്കാനാണ് താല്പര്യം. സ്വതന്ത്രമായി എഴുതാൻ കഴിയുമോയെന്നു ചോദിച്ചാൽ കഴിയുമെന്നു തന്നെയാണ് ഉത്തരം. സാധാരണക്കാർക്കു വേണ്ടി അവരിലൊരാളായി അവരുടെ ഭാഷയിൽ സംവദിക്കാൻ എഴുത്തിലൂടെ കഴിയും. എഴുത്തിലൂടെ എന്തു വരുമാനം കിട്ടുമെന്ന് സഹതപിക്കുന്നവരുമുണ്ട്. ആ സംശയം ശരിയാണെങ്കിലും ആശങ്കയില്ല. ശരിചെയ്യുന്നു എന്ന ആത്മവിശ്വാസമാണ് ഏറ്റവും വലിയ സത്യവിശ്വാസം. തൊട്ടപ്പന് 2018ൽ പ്രഥമ ചെമ്പിൽ ജോൺ പുരസ്കാരവും 2019ൽ ടി.വി.കൊച്ചുബാവ പുരസ്കാരവും ലഭിച്ചത് എതിർക്കുന്നവർക്കുള്ള മറുപടിയാണ്. മേരി ദൗരേവ് ആണു ഭാര്യ. മകൾ: വർഷ മരിയ നൊറോണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |