ഭക്തിസാന്ദ്രമായ വാതാപി കീർത്തനം... തരംഗിണി സ്റ്റുഡിയോ പുറത്തിറക്കിയ മാമാങ്കം പലകുറി കൊണ്ടാടും... ബി.ബി.സിയിൽ അവതരിപ്പിച്ച ജബ് ദീപ് ജലേ ആനാ... വയലിൻ മാന്ത്രികൻ പ്രൊഫ.എം.സുബ്രഹ്മണ്യ ശർമ്മയെ ഓർത്തിരിക്കാൻ ഇത്രയും ഗാനങ്ങൾ ധാരാളം. 2020ൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. തിരുവനന്തപുരം മൂന്നാം പുത്തൻതെരുവിലെ അഗ്രഹാരത്തിൽ പിതാവ് പകർന്ന് കൊടുത്ത വയലിൻ പാഠങ്ങൾ സ്മരിച്ച് മക്കളും കലാശ്രീ പുരസ്കാര ജേതാക്കളുമായ എസ്.ആർ.രാജശ്രീയും എസ്.ആർ.മഹാദേവ ശർമ്മയും ഉണ്ട്. ഒപ്പം വയലിൻ അരങ്ങേറ്റം കഴിഞ്ഞ രാജശ്രീയുടെ മകൻ പത്തു വയസുകാരൻ വൈദ്യനാഥനും. വയലിൻ പാരമ്പര്യത്തിന്റെ അപൂർവമായ മൂന്ന് തലമുറകളുടെ കഥ...
യേശുദാസിന്റെ കച്ചേരികളിൽ നിറസാന്നിദ്ധ്യമായിരുന്നല്ലോ അച്ഛൻ പ്രൊഫ.എം.സുബ്രഹ്മണ്യ ശർമ്മ?
മഹാദേവശർമ്മ: അച്ഛനും ദാസ് സാറുമായി വലിയ ആത്മബന്ധമായിരുന്നു. 1982ൽ തിരുവയ്യാറിൽ ത്യാഗരാജ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന നാഷണൽ പ്രോഗ്രാമിൽ ദാസ് സാറിന്റെ കച്ചേരിക്ക് വയലിൻ വായിക്കാൻ അച്ഛൻ പോയിരുന്നു. അന്നത്തെ നിയമമനുസരിച്ച് ആകാശവാണിയിലെ എ ഗ്രേഡ്കാർക്കും ടോപ്പ് ഗ്രേഡ്കാർക്കും മാത്രമേ നാഷണൽ പ്രോഗ്രാമിൽ വയലിൻ വായിക്കാൻ സാധിക്കൂ. അച്ഛൻ അന്ന് ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റായിരുന്നതിനാൽ വായിക്കുന്നത് സംഘാടകർ എതിർത്തു. ശർമ്മ വായിച്ചില്ലെങ്കിൽ കച്ചേരിക്ക് പാടില്ലെന്ന് ദാസ് സർ പറഞ്ഞതോടെ അച്ഛനെക്കൊണ്ട് വായിപ്പിക്കാൻ ആകാശവാണിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങി. ആ വർഷം മുതലാണ് ബി ഗ്രേഡ് ആർട്ടിസ്റ്റുകൾക്കും നാഷണൽ പ്രോഗ്രാമിൽ വായിക്കാൻ അവസരം കിട്ടിയത്.
സ്വാതി തിരുനാൾ സംഗീത കോളേജിലെ അദ്ധ്യാപകനായിരുന്നപ്പോൾ നിരവധി കുട്ടികളുടെ ഫീസ് സ്വന്തം കീശയിൽ നിന്ന് അച്ഛൻ അടയ്ക്കുമായിരുന്നല്ലോ?
രാജശ്രീ: ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അച്ഛൻ വളർന്നത്. കച്ചേരികൾ ഇല്ലാത്ത സമയങ്ങളിൽ ഒരു രൂപ കൈയിലില്ലാതെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ ചെന്ന് കരഞ്ഞിട്ടുണ്ട്. അതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരാളുടെയും പഠനം മുടങ്ങരുതെന്ന് അച്ഛന് നിർബന്ധമായിരുന്നു. സ്വന്തം ഭക്ഷണപ്പൊതി വിദ്യാർത്ഥികൾക്ക് നൽകി അച്ഛൻ പട്ടിണി കിടന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്.
അച്ഛന് അർഹിക്കുന്ന ബഹുമതി ലഭിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ടോ?
മഹാദേവശർമ്മ: പലപ്പോഴും തോന്നിയിട്ടുണ്ട്. മുൻ രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണൻ അച്ഛനെ നോക്കി ഇദ്ദേഹം പദ്മശ്രീയിലേയ്ക്ക് നടന്നു നീങ്ങുകയാണ് എന്ന് പറഞ്ഞിട്ടുണ്ട്. സംഗീത കോളേജിൽ അദ്ധ്യാപകനായിരുന്നപ്പോൾ സംഗീത വിഭാഗം നിലനിറുത്താൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളെ തേടിക്കണ്ടു പിടിച്ചു. അച്ഛന്റെ കഷ്ടപ്പാടുകളും നേട്ടങ്ങളും സർക്കാർ തിരിച്ചറിയാത്തതിൽ ദുഃഖമുണ്ട്.
നന്നേ ചെറുപ്പത്തിലേ ഇരുവരും വയലിൻഅഭ്യസിച്ച് തുടങ്ങിയല്ലോ?
മഹാദേവശർമ്മ: എനിക്ക് ഏഴും ചേച്ചിക്ക് എട്ടും വയസുള്ളപ്പോഴാണ് പഠിച്ച് തുടങ്ങുന്നത്. ആദ്യ അരങ്ങേറ്റം പത്തും പതിനൊന്നും വയസുള്ളപ്പോൾ ആയിരുന്നു അരങ്ങേറ്റം എന്തെന്ന് പോലും അന്ന് അറിയില്ല. മുൻനിരയിലിരുന്ന് അച്ഛൻ ഓരോ കീർത്തനങ്ങളായി പറയും. ഞങ്ങൾ പാടും.
രാജശ്രീ: അച്ഛൻ ചില ദിവസങ്ങളിൽ മൂന്ന് കീർത്തനങ്ങൾ വരെ വായിപ്പിക്കുമായിരുന്നു. ചിലപ്പോൾ രാത്രി വരെ നീളും. ആ സാധകം തന്നെയാണ് മുന്നോട്ടുള്ള യാത്രയ്ക്ക് അടിത്തറ പാകിയത്.
ഗായകർ ആകണം എന്ന് തോന്നിയിട്ടില്ലേ?
രാജശ്രീ: സംഗീതത്തേക്കാൾ സ്വാതന്ത്ര്യം വയലിനിൽ ലഭിക്കും. ചെറുപ്പത്തിൽ രണ്ട് പേർക്കും ടോൺസിലൈറ്റിസ് വന്നതിനാൽ ഉയർന്ന ഭാഗങ്ങൾ പാടാൻ ബുദ്ധിമുട്ടാണ്. യുവജനോത്സവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ചെറുപ്പം മുതൽ അച്ഛൻ ആത്മാവ് പോലെ കൊണ്ട് നടന്ന വയലിൽ തിരഞ്ഞെടുക്കാനായിരുന്നു കൂടുതൽ താത്പര്യം.
വേറിട്ട ശൈലിയാണല്ലോ പിന്തുടരുന്നത് ?
മഹാദേവശർമ്മ: ആ ശൈലിയും അച്ഛനിൽ നിന്നാണ് പഠിച്ചത്. വയലിൻ നെഞ്ചിൽ വച്ച് വായിക്കുന്നതിന് പകരം കഴുത്തിൽ വച്ച് വായിക്കുന്ന ശൈലി അദ്ദേഹം കൊണ്ട് വന്നതാണ്. അത് പാശ്ചാത്യരീതി ആണെന്ന് പലരും കുറ്റപ്പെടുത്തി. തന്ത്രിവാദ്യശൈലിയ്ക്ക് പകരം പാട്ട് പാടും പോലെ വയലിൻ വായിക്കുന്ന ഗായക ശൈലിയാണ് ഞങ്ങൾ പിന്തുടരുന്നത്. വേഗത്തിൽ വായിക്കുന്ന താനവില്ല് ശൈലിയും (സ്റ്റക്കാറ്റോ) പരീക്ഷിക്കാറുണ്ട്.
നവരാത്രി മണ്ഡപത്തിൽ ആദ്യമായി വയലിൻ വായിച്ച വനിതയായി?
രാജശ്രീ: ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി അതിനെ കാണുന്നു. മറ്റ് കച്ചേരികൾ ജനങ്ങൾക്ക് മുന്നിൽ വായിക്കുമ്പോൾ ഇത് ദേവിക്ക് മുന്നിൽ നേരിട്ട് വായിച്ച അനുഭവമായിരുന്നു.നവരാത്രി മണ്ഡപത്തിൽ ആദ്യമായി ഡ്യൂയറ്റ് വായിച്ചതും ഞങ്ങളാണ്.
സ്ത്രീ എന്ന നിലയിൽ മാറ്റിനിറുത്തപ്പെട്ടിട്ടുണ്ടോ?
രാജശ്രീ: ആദ്യകാലങ്ങളിൽ ഉയർന്ന നോട്ട്സ് വായിക്കുമ്പോൾ ചിലർ കുറ്റപ്പെടുത്തും. പെൺകുട്ടികൾ താഴ്ന്ന ഭാഗങ്ങളെ വായിക്കാവൂ എന്ന് പറയും. ആദ്യമൊക്കെ മാനസികമായി തളരുമായിരുന്നു. അന്ന് അച്ഛൻ പിന്തുണച്ചു. പിന്നെ സമൂഹം പറയുന്നതിനോട് ചെവി കൊടുക്കാതെ ആയി. ഭർത്താവും പൂർണ പിന്തുണയാണ്.
ഡ്യൂയറ്റും ട്രയോയും വായിക്കുമ്പോൾ മാനസിക പൊരുത്തം വളരെയധികം ആവശ്യമാണല്ലോ?
മഹാദേവശർമ്മ: ഞാനാണ് വലുത് എന്ന ഭാവം ഞങ്ങൾക്കിടയിൽ ഇല്ലാത്തതാണ് ആ മാനസിക പൊരുത്തത്തിന് കാരണം. ചെറുപ്പം മുതൽ ചേച്ചി എന്നെയാണ് കച്ചേരികൾക്ക് നടുവിൽ ഇരുത്തുന്നത്. വിട്ടുവീഴ്ച ചെയ്യുന്നതും അത്യാവശ്യമാണ്. ഒരാൾ സ്കോർ ചെയ്ത് കളയും എന്ന ചിന്ത പാടില്ല. ചില ഇംപ്രവൈസേഷൻസ് വരുമ്പോൾ പരസ്പരം പിന്തുണയ്ക്കണം.
ധാരാളം രാജ്യങ്ങളിൽ കച്ചേരി നടത്തിയിട്ടുണ്ടല്ലോ. വിദേശികൾ കച്ചേരികളെ സ്വീകരിക്കുന്നത് എങ്ങനെ?
രാജശ്രീ: ഒരു സംഗീത പ്രകടനം എന്നതിലുപരി ആത്മീയ തലത്തിലാണ് അവർ കേട്ടിരിക്കുന്നത്. പൂർണമായി ലയിച്ച് ധ്യാനത്തിലെന്നപോലെ കണ്ണടച്ചിരിക്കും. ഒടുവിൽ നല്ലതാണെങ്കിൽ മാത്രം കയ്യടിക്കും.
സിനിമയിലും വയലിൻ വായിച്ചല്ലോ?
മഹാദേവശർമ്മ: കാഞ്ചീവരം, കസ്തൂരിമാൻ, താണ്ഡവം തുടങ്ങിയ ചിത്രങ്ങളിൽ വായിച്ചു. കാഞ്ചീവരത്തിന് ദേശീയ അവാർഡ് കിട്ടിയപ്പോൾ അതിന്റെ ഭാഗമായതിൽ സന്തോഷം തോന്നി. കച്ചേരിയും സിനിമയും വ്യത്യസ്ത അനുഭവങ്ങളാണ്. ഓരോ രംഗങ്ങളിലെ ഭാവങ്ങൾക്കനുസരിച്ച് വായിക്കുന്നതാണ് സിനിമയിൽ ആവശ്യം. കച്ചേരികൾക്ക് ഒരു ഭാവത്തിൽ തന്നെ ആദ്യാവസാനം വായിക്കും.
സ്വന്തം കൃതികൾ ഉൾപ്പെടുത്തി പുസ്തകവും ഇറക്കാൻ സാധിച്ചു ?
രാജശ്രീ: ലീവ് വിത്ത് മ്യൂസിക് എന്നാണ് പുസ്തകത്തിന്റെ പേര്. മാർച്ചിലായിരുന്നു പ്രകാശനം. വയലിൻ നൊട്ടേഷൻസ് അടങ്ങിയ പുസ്തകത്തിൽ ഞങ്ങൾ തന്നെ രചിച്ച പത്തോളം കീർത്തനങ്ങളുമുണ്ട്. അവയും വേദിയിൽ കച്ചേരിയായി അവതരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.
ഏറ്റവും മികച്ച കച്ചേരി ഓർത്തെടുക്കാമോ?
രാജശ്രീ:ഏത് കച്ചേരി കഴിഞ്ഞാലും ഇനിയും മികച്ചതാക്കണം എന്നാണ് ചിന്തിക്കുന്നത്. അതിനാൽ ഏറ്റവും മികച്ചത് ഏതെന്ന് പറയാനാവില്ല. ഓരോ വേദിയിലും രാഗത്തിലോ ഭാവത്തിലോ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിക്കും.
പ്രഭാവർമ്മ ചിട്ടപ്പെടുത്തിയ കീർത്തനത്തിന് വയലിൻ വായിച്ചു?
രാജശ്രീ:ആറ്റുകാൽ പൊങ്കാല ദിവസമാണ് ആ ഭാഗ്യം ലഭിച്ചത്. ആർ.ശ്യാമയായിരുന്നു ഗായിക. ദേശീയ അവാർഡ് ജേതാവായ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാനും അവസരം കിട്ടി.
മകൻ വൈദ്യനാഥന്റെ അരങ്ങേറ്റം കഴിഞ്ഞല്ലോ?
രാജശ്രീ: കഴിഞ്ഞ മാസമായിരുന്നു അരങ്ങേറ്റം. മൃദംഗ വിദ്വാൻ പദ്മവിഭൂഷൺ ഉമയാൾപുരം.കെ.ശിവരാമൻ സർ കാണാൻ വന്നിരുന്നു. ഭാവിയിൽ എന്റെ കച്ചേരിയ്ക്ക് വയലിൻ വായിക്കുമോ എന്ന് അദ്ദേഹം ചോദിച്ചത് അവന് വലിയ സന്തോഷമായി.
ഭാവിയിൽ മൂന്ന് പേരും ഒത്തുള്ള കച്ചേരികൾ ?
മഹാദേവശർമ്മ: പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഒന്നും നിശ്ചയിക്കാനുള്ള പ്രായം വൈദ്യനാഥന് ആയിട്ടില്ല. ഇപ്പോൾ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. കുറച്ച് വർഷങ്ങൾ കഴിഞ്ഞേ ഏത് മേഖല തിരഞ്ഞെടുക്കും എന്ന് പറയാനാവുകയുളളൂ.
കുടുംബം
എം.സുബ്രഹ്മണ്യ ശർമ്മ,
ഭാര്യ കെ.രേണുക
രണ്ട് മക്കൾ.
എസ്.ആർ.രാജശ്രീ, ഭർത്താവ് വി.ഗണേഷ് (ഓട്ടോമൊബൈൽ ഉദ്യോഗസ്ഥൻ) രാജശ്രീയുടെ മകൻ വൈദ്യനാഥശർമ്മ .
എസ്.ആർ.മഹാദേവശർമ്മ(അവിവാഹിതൻ,ആകാശവാണിയിൽ ടോപ്പ് ഗ്രേഡ് സീനിയർ വയലിൻ വിദ്വാൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |