കേരളത്തെ ആപാദചൂഡം പൊന്നണിയിക്കുന്ന കൊന്നപ്പൂക്കണി കാണണം. വിലമതിക്കാനാകാത്ത നിധികുംഭങ്ങളുടെ സമ്രാട്ടായ ശ്രീപത്മനാഭന്റെ പൈങ്കുനി ഉത്സവം ആസ്വദിക്കണം. ഒപ്പം മൂന്നുവർഷത്തിലൊരിക്കൽ നടക്കുന്ന വെള്ളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ടുത്സവത്തിൽ മുഴുകണം - റഷ്യക്കാരിയായ ക്രിസ്റ്റീനയടങ്ങുന്ന മൂന്നംഗസംഘം ഏപ്രിൽ മാസം ആയുർവേദ ചികിത്സയ്ക്കായി തിരഞ്ഞെടുത്തത് ഈ ലക്ഷ്യങ്ങൾ കൂടി മനസിൽ വച്ചാണ്.
തിരുവനന്തപുരത്തെത്തിയപ്പോൾ ഇംഗ്ളീഷ് അദ്ധ്യാപകനായ സുഹൃത്ത് വെള്ളായണി ക്ഷേത്രചരിതവും ഐതിഹ്യങ്ങളും പ്രതിപാദിക്കുന്ന 'മധുപൂജ" എന്ന പുസ്തകവും ഉള്ളടക്കസാരവും സമ്മാനിച്ചു. കുറെ വിവരങ്ങൾ സൈറ്റുകളിൽ നിന്ന് ശേഖരിച്ചു. കാളിയൂട്ടുത്സവത്തിന്റെ ഭാഗമായി കഴിഞ്ഞപ്പോൾ ക്രിസ്റ്റീനക്ക് പരാതിയും പരിഭവവും. ഇത്രയും അപൂർവതകളും മാഹാത്മ്യവും ഉള്ള ഉത്സവം ചിത്രീകരിക്കാൻ എന്തേ വിദേശ ചാനലുകളും സഞ്ചാരസാഹിത്യകാരന്മാരും ഇതുവരെ എത്തിയില്ല?
ചരിത്രവഴിയിലെ കനക കമാനം
തിരുവിതാംകൂറിലെ ചിത്തിര തിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുന്നത് 1936ൽ. ദൈവസന്തതികൾക്കെല്ലാം ക്ഷേത്രാരാധനയ്ക്കും പ്രതിഷ്ഠയ്ക്കും അവകാശവും അർഹതയുമുണ്ടെന്ന് ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠയിലൂടെ സ്ഥാപിച്ചത് 1888 ശിവരാത്രി നാളിൽ. അതിന് മുമ്പുതന്നെ ജാതിഭേദമെന്യേ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്നു വെള്ളായണി ക്ഷേത്രത്തിൽ. മുമ്പ് ഇവിടത്തെ വെടിവഴിപാടിന്റെ ചുമതല ഒരു മുസ്ളീമിനായിരുന്നുവെന്നത് മറ്റൊരു മഹനീയത.
സാഹോദര്യം കോർത്ത സ്നേഹബന്ധം
ശബരിമല കഴിഞ്ഞാൽ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങളിലൊന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വെള്ളായണി. ആദ്യം മുതൽക്കെ അബ്രാഹ്മണപൂജ നടക്കുന്ന ക്ഷേത്രം. വിശ്വകർമ്മ സമുദായത്തിൽ പെട്ട ജ്ഞാനസിദ്ധനായ കേളൻ കുലശേഖര വാത്തിയാണ് വെള്ളായണി കായലിൽ നിന്ന് ദേവീചൈതന്യം ആവാഹിച്ച് 'മുടിപ്പുര"യിൽ പ്രതിഷ്ഠിച്ചതെന്ന് വിശ്വാസം. പിന്നീടുള്ള ക്ഷേത്രനിർമ്മിതിക്ക് എട്ട് നായർ കുടുംബങ്ങൾ മുൻകൈയെടുത്തു. ദേവിക്ക് പ്രിയപ്പെട്ട നിവേദ്യമായ മധു നൽകിപ്പോന്നത് ഈഴവ സമുദായക്കാർ. ചെണ്ടമേളത്തിന് തണ്ടാർ സമുദായം. ദേവിയെ ഉണർത്താനുള്ള കരടിവാദ്യം മുഴക്കുന്നത് പാണർ. പപ്പരുകളി കണിയാർ സമുദായത്തിന് അവകാശപ്പെട്ടത്. അങ്ങനെ എല്ലാ സമുദായക്കാരും വിവിധ ആചാരങ്ങളുടെ ഭാഗമാകുന്നു. ബുദ്ധമത സാരം പോലെ, ഓണത്തിന്റെ സന്ദേശം പോലെ, ശ്രീനാരായണഗുരുവിന്റെ സൂക്തം പോലെ ഇവിടെ ദേവിക്ക് ഒരു ജാതിയേ ഉള്ളൂ - സ്നേഹം. ഒറ്റ പ്രസാദമേയുള്ളൂ - വാത്സല്യം. ഒരു മന്ത്രമേയുള്ളൂ - നന്മ.
വീടുകൾ ശ്രീകോവിലാകുമ്പോൾ
ക്ളേശഭാരമേറുന്ന മനസോടെ ഭക്തർ ദേവാലയങ്ങൾ തേടി പോകുമ്പോൾ ഭക്തരുടെ ഭവനങ്ങളിൽ വെള്ളായണിയമ്മ അനുഗ്രഹം വർഷിക്കാനെത്തുന്നു. പ്രകൃതിക്ക് അതിരിടുന്ന നാലു ദിക്കുകളുടെ പ്രതീകമായി കിഴക്ക് പള്ളിച്ചൽ, തെക്ക് കല്ലിയൂർ, പടിഞ്ഞാറ് പാപ്പനംകോട്, വടക്ക് കോലിയക്കോട് ദിക്കുബലികൾ നടക്കുന്നു. തുടർന്ന് ഓരോ മേഖലയിലെയും ആയിരക്കണക്കിന് വീടുകളിൽ ദേവി എഴുന്നള്ളുന്നു. ആ സമയം ഓരോ വീടും ദേവാലയമാകുന്നു. കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേരുന്നു. ദേവി എഴുന്നള്ളുന്ന വഴികളും ഊടുവഴികളും വിശുദ്ധിയുടെ രാജപാതകളാകുന്നു. നാടാകെ ദേവീഗ്രാമമായി മാറുന്നു.നാലു ദിക്കിലേക്കും വീടുകളിൽ നിന്ന് വീടുകളിലേക്കും സഞ്ചരിക്കാൻ ദേവിക്ക് വാഹനങ്ങൾ വേണ്ട. ഒപ്പമുള്ള വാത്തിമാരുടെ തോളിലേറിയാണ് രാവും പകലും ഇടവേളകളില്ലാതെയുള്ള സഞ്ചാരം.
ഐതിഹ്യങ്ങളിലെ മധുരം
ശുദ്ധജലതടാകങ്ങളിലൊന്നായ വെള്ളായണി കായലിന്റെ തീരങ്ങളിലെ തെങ്ങുകളിൽ കള്ളുചെത്തുണ്ടായിരുന്നു. കല്പവൃക്ഷമായ തെങ്ങിന്റെ ബ്രഹ്മാനന്ദലഹരിയാണ് മധു (കള്ള്) എന്നാണ് വിശ്വാസം. ചെത്തുകുടങ്ങളിലെ മധു ദിവ്യമായ ഒരു തവള നുണയുന്നുവെന്ന് ചെത്തുകാരൻ കേളൻ കുലശേഖര വാത്തിയെ അറിയിച്ചു. ജ്ഞാനദൃഷ്ടിയാൽ അത് ദേവീചൈതന്യരൂപമെന്ന് മനസിലാക്കിയ വാത്തി അതിനെ പിടികൂടാനുള്ള വിദ്യ ഉപദേശിച്ചെങ്കിലും തവള കായലിലേക്ക് ചാടുകയായിരുന്നു. ദേവീധ്യാനത്തോടെ ഏഴുദിനരാത്രങ്ങൾ ജലതപസിലാണ്ട കേളൻ കുലശേഖര വാത്തി ദേവീചൈതന്യം കലമാൻ കൊമ്പിൽ ആവാഹിച്ചു എന്നാണ് ഐതിഹ്യം. ഇളനീര്, വറ, പൊരി, പുഷ്പങ്ങൾ എന്നിവ കൊണ്ടുള്ള മധുപൂജയാണ് ഇന്നും ഏറ്റവും പ്രധാനം.
ഒരിക്കൽ തിരുവിതാംകൂർ രാജാവ് പ്രതിഷ്ഠാബിംബങ്ങളൊഴികെയുള്ള വിഗ്രഹങ്ങളെല്ലാം പത്മനാഭപുരം കൊട്ടാരത്തിലേക്കു എഴുന്നള്ളിക്കാൻ കല്പന പുറപ്പെടുവിച്ചു. എല്ലാ വിഗ്രഹങ്ങളും നേരത്തേതന്നെ എത്തിച്ചു. വെള്ളായണി ദേവിയുടെ കിരീടമായ തങ്കത്തിരുമുടി കൊട്ടാരത്തിലെത്തിയപ്പോൾ മറ്റു വിഗ്രങ്ങഹളെല്ലാം പീഠത്തിൽ നിന്ന് ബഹുമാന സൂചകമായി രണ്ടു ചാൺ ഉയർന്നശേഷം വീണ്ടും ഉപവിഷ്ടരായി എന്നുമുണ്ട് ഐതിഹ്യം.
രാജകീയ ശോഭയുടെഅകമ്പടി
ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് തിരുമുടി തങ്കത്തിൽ പൊതിഞ്ഞത്. ശ്രീപദ‌്‌മനാഭദാസരായിരുന്ന രാജകുടുംബം ദേവീഭക്തരുമായിരുന്നു. കാളിയൂട്ടുത്സവത്തിന് കോലിയക്കോട് ദിക്കുബലിയും നിറപറ പൂജയും നടക്കുന്ന വേളയിൽ രാജകുടുംബാംഗങ്ങൾക്ക് ദർശനത്തിനായി നേമം രാജവീഥിയിൽ ദേവി എഴുന്നള്ളിക്കുന്ന ചടങ്ങാണ് കച്ചേരിനട എഴുന്നള്ളിപ്പ്. രാജഭരണം മാറിയെങ്കിലും വിവിധ സർക്കാർ വകുപ്പുകളും നാട്ടുകാരുടെ സമിതിയും അത് പ്രൗഢഗംഭീരമായി നടത്തിവരുന്നു. തിരുവിതാംകൂർ രാജാക്കന്മാരുടെ കായലോരത്തുള്ള വേനൽക്കാല വസതിയാണ് പിന്നീട് കാർഷിക കോളേജായി മാറിയത്.
പത്താമുദയത്തിലെ പ്രകാശോത്സവം
നന്മ - തിന്മകൾ പോരാടുന്നതിന്റെ ആത്മീയ പ്രതീകമാണ് കാളിയൂട്ടുത്സവം. നാലു ദിക്കുകളിലും അഹന്തയുടെ പ്രതിരൂപമായ ദാരികനെ അന്വേഷിക്കുന്നതും ആകാശമാർഗത്തിൽ വച്ച് പോര് കുറിക്കുന്നതും നിലത്തിൽവച്ച് അടിയറവ് പറയിക്കുന്നതുമാണ് ഉത്സവത്തിന്റെ പൊരുൾ. മേടപ്പത്തിനാണ് നിലത്തിൽ പോര്. ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേക്കുള്ള സൂര്യന്റെ യാത്രയിൽ കിരണങ്ങൾ ഏറ്റവും ലംബമായി പതിക്കുന്ന ദിവസമാണ് പത്താമുദയം നിലത്തിൽപ്പോര് മൂർദ്ധന്യത്തിലെത്തുന്ന നട്ടുച്ചയ്ക്ക് അഹന്തയുടെ നിഴൽ പൂർണമായി ഇല്ലാതാകുന്നു. അറിവിന്റെയും വിശുദ്ധിയുടെയും നന്മയുടെയും പ്രകാശോത്സവം കൂടിയാണ് കാളിയൂട്ട്. ഗുരുദേവ കൃതിയായ 'കാളിനാടക"ത്തിന്റെ പൊരുളും കാഴ്ചകളും കാളിയൂട്ടിലും ദർശിക്കാനാവും.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |