
തൃശൂർ: തളിക്കുളത്ത് കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർയാത്രക്കാരിയായ അഭിരാമിയാണ് (11) ഒടുവിൽ മരണത്തിന് കീഴടങ്ങിയത്. മരിച്ചവരെല്ലാം കാറിൽ യാത്രചെയ്തിരുന്നവരും ഒരുകുടുംബത്തിലെ അംഗങ്ങളുമാണ്.
പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് നേരത്തേ മരിച്ചത് . ഇവരുടെ മകൻ ഷൈജു (49), ഭാര്യ ശ്രീജ (44) എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ് . ഷൈജുവിന്റെയും ശ്രീജയുടെയും മകളാണ് അഭിരാമി. ഇന്ന് രാവിലെ ഏഴുമണിയോടെ തളിക്കുളം കൊപ്രക്കളത്താണ് അപകടമുണ്ടായത്.ഗുരുവായൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു.

അതിനിടെ അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ മോഷണം നടത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാഞ്ഞാണി സ്വദേശിയായ ബാബു എന്നയാളാണ് ഒരു യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. ഉടൻതന്നെ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബാബുവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |