SignIn
Kerala Kaumudi Online
Friday, 19 April 2024 7.36 PM IST

പഞ്ചാബ് ; വിഘടനവാദം വീണ്ടും

amritpal-singh

പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാൽസിംഗിനെ ഏപ്രിൽ 23 ന് പൊലീസ് അറസ്റ്റ് ചെയ്തു. 35 ദിവസമായി നിയമപാലകരെ കബളിപ്പിച്ച് അയാൾ പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. അമൃത്പാലിന്റെ അനുയായികളിൽ പലരെയും ഇതിനകം പൊലീസ് പിടികൂടി; ഒടുവിൽ ഭാര്യ കിരൺദീപ് കൗറിനെയും അറസ്റ്റ് ചെയ്തു. നിൽക്കകള്ളിയില്ലാതായ സാഹചര്യത്തിൽ അമൃത്പാൽ കീഴടങ്ങുകയായിരുന്നു. ദേശരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തി എൻ.ഐ.എ അയാളെ അസാമിലെ ഡിബ്രുഗഡ് ജയിലിൽ അടച്ചിരിക്കുകയാണ്. പ്രമുഖ അനുയായികളും അവിടെത്തന്നെ തടങ്കലിലാണ്. ഖാലിസ്ഥാൻ വാദത്തിനുമേൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ താത്കാലികമായെങ്കിലും വിജയം നേടിയിരിക്കുന്നു. അത്രത്തോളം ആശ്വാസം.

പഞ്ചാബിലെ സിക്ക് വിഘടനവാദത്തിന് നമ്മുടെ ദേശീയ സ്വാതന്ത്ര്യത്തോളം തന്നെ പഴക്കമുണ്ട്. സർവേന്ത്യാ മുസ്ളിം ലീഗ് പാകിസ്ഥാൻ വാദം ശക്തമാക്കിയ സാഹചര്യത്തിൽ സിക്കുകാർക്കും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാകാമെന്ന് ചില മതനേതാക്കൾക്ക് ബോധോദയമുണ്ടായി. മാസ്റ്റർ താരാസിംഗായിരുന്നു അവരിൽ പ്രമുഖൻ. അദ്ദേഹത്തിന്റെ അനുയായികൾ ഉൗരിപ്പിടിച്ച വാളുമായി ലീഗ് നേതാക്കളെ വെല്ലുവിളിക്കുകയും അവിഭക്ത പഞ്ചാബ് പ്രവിശ്യയുടെ പലഭാഗങ്ങളിലും കലാപാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരുന്നു. പടിഞ്ഞാറൻ പഞ്ചാബിൽ നിഷ്കളങ്കരായ നിരവധി സിക്കുകാരും ഹിന്ദുക്കളും കൂട്ടക്കൊലയ്ക്ക് ഇരയായി. അവശേഷിച്ചവർ ജീവനും കൊണ്ട് കിഴക്കൻ പഞ്ചാബിലും ഡൽഹിയിലും അഭയാർത്ഥികളായി. പൂർവപഞ്ചാബിലെ സിക്കുകാർ അതിനു പ്രതികാരം ചെയ്തു. മുസ്ളിങ്ങൾ കൂട്ടക്കൊലയ്ക്കിരയായി. ബാക്കിയുള്ളവർ ജീവനും കൊണ്ട് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. സിക്ക് തീവ്രവാദത്തിന്റെ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തികച്ചും ബോധവാനായിരുന്നു. അദ്ദേഹം ഫത്തേ സിംഗിനെയും താരാസിംഗിനെയും പോലുള്ള വിഘടനവാദികളെ നിലയ്ക്കുനിറുത്താൻ എപ്പോഴും ശ്രദ്ധാലുവായിരുന്നു. പ്രതാപ് സിംഗ് കൈറോൺ എന്ന സമർത്ഥനായ നേതാവിനെ പഞ്ചാബ് മുഖ്യമന്ത്രിയാക്കി. അഭയാർത്ഥികളെ പുനരധിവസിപ്പിക്കുകയും ഭക്രാനംഗൽ അണക്കെട്ട് നിർമ്മിച്ച് ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു. അങ്ങനെ പഞ്ചാബ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായി മാറി.

1956 ൽ ഫസൽഅലി കമ്മിഷന്റെ ശുപാർശപ്രകാരം ഭാഷാസംസ്ഥാനങ്ങൾ നിലവിൽ വന്നപ്പോഴും പഞ്ചാബി സുബയ്ക്കു വേണ്ടിയുള്ള സിക്കുകാരുടെ ആവശ്യം നെഹ്റു അംഗീകരിച്ചില്ല. അത് ഖാലിസ്ഥാൻ വാദത്തിന്റെ ആദ്യപടിയാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു. 1963 ഒക്ടോബറിൽ കാമരാജ് പ്ളാൻ പ്രകാരം മുതിർന്ന കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും രാജിവയ്‌ക്കേണ്ടി വന്നപ്പോഴും പ്രതാപ് സിംഗ് കൈറോണിനെ പഞ്ചാബിൽ നിലനിറുത്തി. വിഘടനവാദത്തെ ചെറുത്തു നിൽക്കാൻ കൈറോൺ തന്നെ വേണമെന്ന് നെഹ്റുവിന് അറിയാമായിരുന്നു. 1964 ൽ നെഹ്റുവിന്റെ മരണശേഷം ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി വന്നപ്പോൾ കൈറോണിനും ഇളക്കം തട്ടി. പിന്നാലെ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. അതിനടുത്ത വർഷം ഇന്ദിരാഗാന്ധി 'സുബ' അനുവദിച്ചു. സിക്കുകാർക്ക് ഭൂരിപക്ഷമുള്ള പ്രദേശം പഞ്ചാബായും ഹിന്ദുക്കൾക്ക് പ്രാമുഖ്യമുള്ള ഭാഗം ഹരിയാനയായും വേർതിരിച്ചു. 1967 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായി. സംസ്ഥാനത്ത് അകാലിദൾ ജനസംഘവുമായി ചേർന്ന് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചു. 1972 ൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരം തിരിച്ചുപിടിച്ചെങ്കിലും വിഘടനവാദത്തിന്റെ കനലുകൾ അണയാതെ കിടന്നു. 1973 ൽ സിക്ക് നേതാക്കൾ അനന്തപൂർ സാഹിബ് പ്രമേയം പാസാക്കി. മതപരവും രാഷ്ട്രീയവുമായ നിരവധി ആവശ്യങ്ങൾ മുന്നോട്ടുവച്ചു. പരമാധികാര റിപ്പബ്ളിക് എന്ന ആശയവും മൂടിപ്പൊതിഞ്ഞ് അവതരിപ്പിച്ചു. അന്ന് കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി സർവശക്തയായിരുന്നതുകൊണ്ട് ഖാലിസ്ഥാനുവേണ്ടി ശബ്ദമുയർത്താൻ മതനേതാക്കൾ ധൈര്യപ്പെട്ടില്ല. 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അകാലി നേതാക്കളിൽ പ്രധാനികളെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും ചെയ്തു. അങ്ങനെ വിഘടനവാദം തത്കാലം കെട്ടടങ്ങി. അപ്പോഴും വിദേശത്തുള്ള ചില സിക്കുകാർ ഖാലിസ്ഥാനുവേണ്ടി വാതോരാതെ വാദിച്ചുകൊണ്ടിരുന്നു.

1977 ൽ കോൺഗ്രസ് കടപുഴകി. കേന്ദ്രത്തിലെ ജനതാ സർക്കാരിൽ അകാലിദളും സഖ്യകക്ഷിയായി. സുർജിത് സിംഗ് ബർണാല കൃഷിമന്ത്രിയായി. സംസ്ഥാനത്തും അകാലിദൾ ജനതാപാർട്ടിയുടെ സഹായത്തോടെ മന്ത്രിസഭ രൂപീകരിച്ചു. പ്രകാശ് സിംഗ് ബാദൽ മുഖ്യമന്ത്രിയായി. അതോടെ അകാലികൾ മിതവാദികളും ഭരണഘടനാ പ്രണയികളുമായി മാറി. അതേസമയം ഇന്ദിരാഗാന്ധി തീവ്രവാദി നേതാവ് സന്ത് ജർണൈൽ സിംഗ് ഭിന്ദ്രൻവാലയെ കൂട്ടുപിടിച്ചു. 1978 ഏപ്രിൽ മൂന്നിന് ഡൽഹിയിൽ നടന്ന അകാലി - നിരങ്കാരി സംഘട്ടനത്തോടെ ഭിന്ദ്രൻവാല അഖിലേന്ത്യാ പ്രശസ്തനായി. അയാളെ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞില്ല. 1980 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തീവ്രവാദികളുടെ ശക്തമായ പിന്തുണ കോൺഗ്രസിന് ലഭിച്ചു. കേന്ദ്രത്തിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ഗ്യാനി സെയിൽസിംഗ് ആഭ്യന്തരമന്ത്രിയുമായി. പഞ്ചാബിൽ ദർബറാ സിംഗ് മുഖ്യമന്ത്രിയായി. 1980 ഏപ്രിൽ 24 ന് നിരങ്കാരി ബാബ ഗുർബച്ചൻ സിംഗ് വധിക്കപ്പെട്ടു. കൊലപാതകത്തിനു പിന്നിൽ ഭിന്ദ്രൻവാലയാണെന്ന കാര്യം പകൽപോലെ വ്യക്തമായിരുന്നു. എങ്കിലും അയാൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്ന് ആഭ്യന്തരമന്ത്രി സെയിൽസിംഗ് പ്രഖ്യാപിച്ചു. അതോടെ ഭിന്ദ്രൻവാലയുടെ പ്രതാപം വർദ്ധിച്ചു. സിക്ക് തീവ്രവാദത്തെ ശക്തമായി വിമർശിച്ച 'പഞ്ചാബ് കേസരി' പത്രാധിപർ ലാലാ ജഗത് നാരായൺ 1981 സെപ്തംബർ ഒമ്പതിന് കൊല ചെയ്യപ്പെട്ടു. സംഭവം വടക്കേന്ത്യയിലാകമാനം കോളിളക്കം സൃഷ്ടിച്ചു. അതിനു പിന്നിലും ഭിന്ദ്രൻവാലയുടെ കരങ്ങൾ വ്യക്തമായിരുന്നു. ആദ്യം സംശയിച്ചു നിന്നെങ്കിലും സെപ്തംബർ 20 ന് പൊലീസ് ഭിന്ദ്രൻവാലയെ അറസ്റ്റ് ചെയ്തു. അതേത്തുടർന്ന് സംസ്ഥാനത്തെമ്പാടും തീവ്രവാദികൾ അഴിഞ്ഞാടി. ഇന്ത്യൻ എയർലൈൻസ് വിമാനം അമൃത്‌സറിൽ നിന്ന് ലാഹോറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവം വരെയുണ്ടായി. സർക്കാർ വീണ്ടും കീഴടങ്ങി ; ഒക്ടോബർ 14 ന് ഭിന്ദ്രൻവാലയെ നിരുപാധികം മോചിപ്പിച്ചു. അതോടെ തീവ്രവാദികൾക്ക് എന്തും ചെയ്യാമെന്ന അവസ്ഥ സംജാതമായി. പഞ്ചാബ് മുഖ്യമന്ത്രി ദർബറാ സിംഗും കേന്ദ്ര ആഭ്യന്തരമന്ത്രി സെയിൽസിംഗും തമ്മിലുള്ള 'ചക്കളത്തിപ്പോരാട്ടം' കാര്യങ്ങൾ കൂടുതൽ വഷളാക്കി. പഞ്ചാബ് പ്രശ്നത്തിന് തൃപ്തികരമായ എന്തെങ്കിലും പരിഹാരം കണ്ടെത്താൻ ഇന്ദിരാഗാന്ധിക്കോ അവരുടെ ഉപദേശകർക്കോ കഴിഞ്ഞില്ല.

തീവ്രവാദികളുടെ വെടിയേറ്റു മരിച്ച അവതാർസിംഗ് അട്‌വാൾ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സുവർണക്ഷേത്രത്തിന്റെ നടയിൽ മണിക്കൂറുകൾ കിടന്നു. ഭിന്ദ്രൻവാലയുടെ അനുവാദം ലഭിച്ച ശേഷമാണ് പൊലീസുകാർക്ക് അതെടുത്തുമാറ്റാൻ ധൈര്യം വന്നത്. ഒടുവിൽ 1983 ഒക്ടോബർ പത്തിന് പഞ്ചാബ് മന്ത്രിസഭയെ പിരിച്ചുവിട്ടു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. എന്നിട്ടും സമാധാനം പുനഃസ്ഥാപിക്കപ്പെട്ടില്ല. 1984 മേയ് 12 ന് മുമ്പു കൊലചെയ്യപ്പെട്ട പത്രാധിപരുടെ മകൻ രമേഷ് ചന്ദറും വധിക്കപ്പെട്ടു. ഇനിയും കാത്തിരിക്കുന്നതിൽ കഥയില്ലെന്ന് ഇന്ദിരാഗാന്ധിക്ക് മനസിലായി. അവർ സൈനിക പരിഹാരം തേടി. അങ്ങനെ 1984 ജൂൺ ആറിന് 'ബ്ളൂസ്റ്റാർ ഓപ്പറേഷൻ' നടന്നു. ഭിന്ദ്രൻവാലയും ഉറ്റസഹപ്രവർത്തകരും വധിക്കപ്പെട്ടു. അകാൽ തഖ്‌തിന് കേടുപറ്റി. അതുവരെ ഭിന്ദ്രൻവാലയെ എതിർത്തിരുന്നവർ പോലും അതോടെ ഇന്ദിരാഗാന്ധിക്കും കേന്ദ്ര സർക്കാരിനും എതിരായി. പ്രതികാരമെന്നോണം ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു. പിന്നാലെ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സിക്കുകാർ വേട്ടയാടപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്തുനാശവും ഉണ്ടായി. പിന്നീടു പ്രധാനമന്ത്രിയായി തീർന്ന രാജീവ് ഗാന്ധി ഏറെ പണിപ്പെട്ടാണ് മിതവാദി നേതാവ് ഹർചന്ദ് സിംഗ് ലോംഗോവാളുമായി ഉടമ്പടി ഒപ്പുവച്ചതും പഞ്ചാബിൽ സമാധാനം പുനഃസ്ഥാപിച്ചതും.

പഞ്ചാബിന്റെ വളക്കൂറുള്ള മണ്ണിൽവീണ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും വിത്തുകൾ ഒരിക്കലും നശിച്ചുപോയിരുന്നില്ല. അവ വെള്ളവും വെളിച്ചവും കാത്തുകഴിയുകയായിരുന്നു. 2007 മുതൽ 2017 വരെ പഞ്ചാബിൽ അകാലിദൾ - ബി.ജെ.പി സഖ്യമാണ് ഭരിച്ചിരുന്നത്. സ്വാഭാവികമായും വിഘടനവാദികൾ മിതത്വം പാലിച്ചു. 2017 ൽ കോൺഗ്രസിനു ഭൂരിപക്ഷം കിട്ടി. ക്യാപ്ടൻ അമരീന്ദർ സിംഗ് എന്ന ശക്തനായ മുഖ്യമന്ത്രി വിഘടനവാദികളെ ഒതുക്കി നിറുത്തി. അമരീന്ദർ സിംഗിനെ നീക്കം ചെയ്യുകയും കർഷകസമരം ആളിക്കത്തുകയും ചെയ്ത സാഹചര്യത്തിൽ തീവ്രവാദ ആശയങ്ങൾക്ക് വീണ്ടും പ്രചാരം ലഭിച്ചു. അങ്ങനെയാണ് റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്ഥാന്റെ പതാക ഉയർന്നത്. കർഷക സമരത്തിന്റെ ചാലകശക്തി ഖാലിസ്ഥാൻ വാദക്കാരാണെന്ന് അതിനെ പിന്തുണച്ച പുരോഗമന വാദികൾക്ക് മനസിലായില്ലെങ്കിലും ഭരണാധികാരികൾ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് നിയമം പിൻവലിച്ച് സമാധാനം പുനഃസ്ഥാപിച്ചത്. അമരീന്ദർ സിംഗിനെ തുടർന്ന് ഭരണപരിചയമോ ജനപിന്തുണയോ ഇല്ലാത്ത ചരൺജിത്ത് സിംഗ് ഛന്നിയും ഭഗവന്ത്സിംഗ് മാനും മുഖ്യമന്ത്രിമാരായത് പഞ്ചാബിൽ അരാജകത്വം പടർത്തി. വിഘടനവാദികൾക്ക് ഒരിക്കൽകൂടി രംഗത്തുവരാൻ ധൈര്യം നൽകി. അങ്ങനെയാണ് അമൃത്‌പാൽ സിംഗ് വാരിസ് പഞ്ചാബ് ദേ (പഞ്ചാബിന്റെ അവകാശികൾ) സംഘടനയുടെ നേതൃത്വത്തിൽ എത്തിയതും പരസ്യമായി ഖാലിസ്ഥാൻ വാദം ഉന്നയിച്ചതും.

ഇന്ദിരാഗാന്ധി ഭിന്ദ്രൻവാലയോടു കൈക്കൊണ്ട മൃദുസമീപനം നരേന്ദ്രമോദി അമൃത്പാൽ സിംഗിനോടു കാണിക്കുകയില്ലെന്ന് ഉറപ്പാണ്. നിലവിൽ ഖാലിസ്ഥാൻവാദം കുടത്തിലടച്ച ഭൂതത്തിന്റെ അവസ്ഥയിലാണ്. അമൃത്പാലിന്റെ അറസ്റ്റിനുശേഷം സംസ്ഥാനത്ത് അങ്ങിങ്ങായി പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കാനഡയിലും അമേരിക്കയിലും ബ്രിട്ടനിലും ന്യൂസിലാൻഡിലുമൊക്കെ ഖാലിസ്ഥാൻ വാദികൾ വലിയവായിൽ പ്രതിഷേധിച്ചു. നിരപരാധികളായ സിക്ക് യുവാക്കളെ വേട്ടയാടരുതെന്ന് അകാലിദളിന്റെയും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെയും നേതാക്കൾ ആവശ്യപ്പെടുകയും ഉണ്ടായി. എങ്കിലും പ്രതികരണം പൊതുവേ തണുത്തതാണ്. വിഘടനവാദ - തീവ്രവാദ ആശയങ്ങൾ സിക്കുകാർക്കിടയിൽ വ്യാപിക്കാതെ നോക്കേണ്ടത് രാജ്യതാത്പര്യം കാംക്ഷിക്കുന്ന എല്ലാവരുടെയും കർത്തവ്യമാണ്. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ഒറ്റുകൊടുക്കാൻ പാടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUNJAB
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.