ഇന്ത്യൻ വ്യോമസേനയ്ക്ക് പുത്തൻ കരുത്ത് പകരാൻ സി- 295 വിമാനങ്ങൾ എത്തുന്നു, സ്പെയിൻ ആസ്ഥാനമായ സ്വകാര്യ കമ്പനി വ്യോമസേനയ്ക്ക് നിർമ്മിച്ചു നൽകുന്ന 56 സി -295 വിമാനങ്ങളിൽ ആദ്യത്തേതിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ആദ്യ വിമാനത്തിന്റെ നിർമ്മാണവും പരീക്ഷണ പറക്കലും പൂർത്തിയായതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് പൈലറ്റുമാരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന സംഘം ഉടൻതന്നെ സ്പെയിനിലേക്ക് തിരിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
വിമാനങ്ങൾ ഇന്ത്യയിൽ എത്തിക്കന്നതിന് മുൻപ് പൈലറ്റുമാർക്ക് സിമുലേറ്റർ സംവിധാനം ഉപയോഗിച്ചാണ് പരിശീലനം നൽകുന്നത്. നിലവിൽ വ്യോമസേന ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിർമ്മിത ആവ്രോ വിമാനങ്ങൾക്ക് പകരമാകും സി 295 വിമാനങ്ങൾ ഉപയോഗിക്കുക. ആവ്രോ വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാൻ വ്യോമസേന നേരത്തെ തീരുമാനിച്ചിരുന്നു. ആദ്യവിമാനം ഒക്ടോബറോടെ പുറത്തിറക്കാനാണ് പദ്ധതി. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സി- 295 എം.ഡബ്ല്യു വിമാനങ്ങളിൽ നിന്ന് സൈനികരെയും ആയുധങ്ങളും ചരക്കുകളും പാരാഡ്രോപ്പു ചെയ്യാനുള്ള സൗകര്യവുമുണ്ട്.
2021 സെപ്റ്റംബറിലാണ് സ്പെയിനുമായി ഇന്ത്യ 21000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചത്. വ്യോമസേന വാങ്ങുന്ന 56 വിമാനങ്ങളിൽ 16 എണ്ണം സ്പെയിനിലും ശേഷിക്കുന്ന 40 എണ്ണം പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിലും നിർമ്മിക്കും, ഇന്ത്യയിൽ ടാറ്റാ കൺസോർഷ്യം ആണ് വിമാനങ്ങൾ നിർമ്മിക്കുന്നത്.
അതേസമയം ആദ്യത്തെ ഇന്ത്യയിൽ നിർമ്മിച്ച സി- 295 വിമാനം 2026ൽ പുറത്തിറങ്ങിയേക്കും, പദ്ധതിപ്രകാരം പ്രതിവർഷം എട്ട് വിമാനങ്ങൾ എന്ന തോതിൽ മുഴുവൻ ഓർഡറുകളും 2031ഓടെ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. സി -295 വിമാനം എഎൻ-32-നേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നും സോവിയറ്റ് നിർമിത വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറുതും സൗകര്യം കുറഞ്ഞതുമായി റൺവേകളിൽ പോലും ലാൻഡ് ചെയ്യാൻ കഴിയുമെന്നും വ്യോമസേന വൃത്തങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |