ന്യൂഡൽഹി : കോഴ വാങ്ങുന്നതും കളളപ്പണം വെളുപ്പിക്കൽ ആണെന്ന് സുപ്രീംകോടതി. ഇ.ഡിയ്‌ക്ക് അന്വേഷണം ആരംഭിക്കാൻ കോഴക്കേസിലെ എഫ്.ഐ.ആർ മതിയാകുമെന്ന് ജസ്റ്റിസുമാരായ കൃഷ്‌ണ മുരാരിയും, വി.രാമസുബ്രഹ്‌മണ്യനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമനക്കോഴ ആരോപണം നേരിടുന്ന തമിഴ്നാട് വൈദ്യുതി വകുപ്പ് മന്ത്രി വി. സെന്തിൽ ബാലാജിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടേറേറ്റ് (ഇ.ഡി) അന്വേഷണത്തിന് അനുമതി നൽകിക്കൊണ്ടുളള വിധിയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇ.ഡിയുടെ അധികാരപരിധി സംബന്ധിച്ച് നിരന്തരം ചോദ്യമുയരുന്നതിനിടെയാണ് കോടതി വിധിയെന്നത് ശ്രദ്ധേയമാണ്.
അഴിമതിയെന്ന കുറ്റത്തിലെ ക്രിമിനൽ പ്രവൃത്തിയും, അതിലേക്ക് നയിക്കുന്ന സാഹചര്യവും സയാമീസ് ഇരട്ടകളെ പോലെയാണ്. കോഴ ഇടപാടിലൂടെ സമ്പാദിക്കുന്ന ബിനാമി സ്വത്തും കളളപ്പണം വെളുപ്പിക്കലിന്റെ പരിധിയിൽ വരുമെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.
തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് മന്ത്രി വി. സെന്തിൽ ബാലാജിക്കെതിരെ അഴിമതി ആരോപണമുയർന്നത്. ഇ.ഡി കേസിലെ നടപടികൾ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികളിലാണ് മന്ത്രിക്കെതിരെ ഇ.ഡി. അന്വേഷണത്തിന് സുപ്രീംകോടതി അനുമതി ൻൽകിയത്. നിയമനഅഴിമതിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനും അന്വേഷണവുമായി മുന്നോട്ടുപോകാം. രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് കൃഷ്‌ണ മുരാരി അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകിയിരുന്നു. ബാലാജി 2011-2015 കാലയളവിൽ ട്രാൻസ്‌പോർട്ട് മന്ത്രിയായിരിക്കെ കോഴ വാങ്ങിയെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |