ന്യൂഡൽഹി: 'ദ കേരള സ്റ്റോറി' സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സിനിമയ്ക്ക് സി ബി എഫ് സി സർട്ടിഫിക്കേഷൻ ലഭിച്ചതിനാൽ ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ കടമയാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചത്.
ബംഗാൾ സർക്കാർ നിരത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നിരോധനം ന്യായീകരിക്കാനാവില്ലെന്നും അതിനാൽ ചിത്രത്തെ നിരോധിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്യുന്നുവെന്നും കോടതി പറഞ്ഞു. സിനിമയിൽ പറയുന്നത് പോലെ യുവതികളുടെ മത പരിവർത്തനത്തിന് തെളിവുകളില്ല. അതിനാൽത്തന്നെ സിനിമ വെറും ഒരു സാങ്കൽപ്പമാണെന്നാണ് കോടതി പറഞ്ഞത്. മോശം സിനിമകൾ ബോക്‌സ് ഓഫീസിൽ തകരുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
സിനിമയ്‌ക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ നിരോധനവും ക്രമസമാധാന പ്രശ്‌നങ്ങളെ തുടർന്ന് തമിഴ്നാട് തിയേറ്ററുകളിൽ നിന്ന് ചിത്രം ഒഴിവാക്കിയതും ചോദ്യം ചെയ്ത് സിനിമയുടെ നിർമ്മാതാക്കളായ സൺഷെെൻ പ്രൊഡക്ഷൻസ് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
സിനിമ കാണാൻ എത്തുന്നവർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോടും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. സിനിമയുടെ സർട്ടിഫിക്കേഷനെ ചോദ്യം ചെയ്തുള്ള ഹർജി ജൂലായിൽ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
മേയ് 5നാണ് സുദീപ്‌തോ സെൻ സംവിധാനം ചെയ്ത 'ദ കേരള സ്റ്റോറി' തിയേറ്ററിൽ എത്തിയത്. ഇതിൽ കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നതിനെ കുറിച്ചും പിന്നെ അവരെ ഐസിസിൽ ചേർത്തെന്നുമുള്ള ആരോപണങ്ങൾ സിനിമയിൽ ഉയരുന്നുണ്ട്. ഇതാണ് സിനിമയുടെ വിവാദത്തിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |