തിരുവനന്തപുരം: അന്താരാഷ്ട്ര ടെർമിനലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടലും എയർ ട്രാഫിക് കൺട്രോൾ ടവറുമടക്കം നിർമ്മിച്ച് തിരുവനന്തപുരം വിമാനത്താവളത്തെ വികസിപ്പിക്കാനൊരുങ്ങി അദാനി. വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഗുജറാത്ത് ആചാരപ്രകാരമുള്ള ഐശ്വര്യപൂജ കഴിഞ്ഞദിവസം വിമാനത്താവളത്തിൽ നടത്തി. അന്താരാഷ്ട്ര ടെർമിനലിന്റെ ചാക്കയിലെ പ്രവേശന കവാടത്തിന് സമീപത്തായാണ് പുതിയ എ.ടി.സി നിർമ്മിക്കുന്നത്. ടെർമിനലിന്റെ വലതു ഭാഗത്ത് പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാൻ പാരിസ്ഥിതികാനുമതിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
240 മുറികളുള്ള 660പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള ഫ്ലൈഓവർ ഇറങ്ങിവരുന്നിടത്താണ് നിർമ്മാണം. അദാനി നിർമ്മിക്കുന്ന ഹോട്ടൽ, ഒബ്‌റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് കൈമാറും. പാരിസ്ഥിതികാനുമതി ഈ മാസം ലഭിച്ചേക്കും. കേരളത്തിൽ വിമാനത്താവളത്തിന് തൊട്ടരികിലായി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്ല. യാത്രക്കാർക്കും ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ ഇതിലൂടെ സൗകര്യമൊരുങ്ങും. നിലവിൽ പൈലറ്റുമാരെയും എയർഹോസ്റ്റസുമാരെയും വിമാനക്കമ്പനികൾ മറ്റു ഹോട്ടലുകളിലാണ് താമസിപ്പിക്കുന്നത്. സർവീസുകൾ തടസപ്പെടുകയോ വൈകുകയോ ചെയ്താൽ യാത്രക്കാരെയും ഇവിടെ താമസിപ്പിക്കാം. അന്താരാഷ്ട്ര ടെർമിനലിൽ നിന്ന് 150മീറ്റർ അടുത്തായാണ് ഹോട്ടൽ നിർമ്മിക്കുന്നത്.
മുംബയ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിന്റെ (എ.ടി.സി) മാതൃകയിലാവും പുതിയ ടവർ നിർമ്മിക്കുക. തിരുവനന്തപുരത്തിന്റെ സാംസ്കാരിക പഴമ വിളിച്ചോതുന്ന ശില്പചാരുത ടവറിലുണ്ടാകും. വ്യോമഗതാഗത നിയന്ത്രണം എയർപോർട്ട് അതോറിട്ടിക്കായതിനാൽ ടവർ അവർക്ക് കൈമാറും. 49മീറ്റർ ഉയരമുള്ള എട്ടുനില ടവറിന് എയർപോർട്ട് അതോറിട്ടി 115കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു. തിരുവനന്തപുരം വഴി കടന്നുപോവുന്ന 350ലേറെ വിമാനങ്ങളെ നിയന്ത്രിക്കാൻ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്‌തമാണ്.
സർവീസുകൾ കൂടിയതോടെ ആധുനിക സംവിധാനങ്ങളുണ്ടെങ്കിലേ വിമാനങ്ങളെ കൃത്യമായി നിയന്ത്രിക്കാനാകൂ. തമിഴ്നാട്ടിലെ ട്രിച്ചി വരെയും നെടുമ്പാശേരി വിമാനത്താവളം വരെയും സമുദ്രത്തിൽ 450 കിലോമീറ്റർ വരെയുമാണ് തിരുവനന്തപുരം എ.ടി.സിയുടെ പരിധി. വിമാനങ്ങൾക്ക് സുരക്ഷിത പാതയൊരുക്കുന്നതും കൂട്ടിയിടിയടക്കമുള്ള അപകടങ്ങൾ തടയുന്നതും എ.ടി.സിയാണ്.
2070
വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള വികസനമാണ് നടപ്പാക്കുന്നത്.
628.70
ഏക്കർ ഭൂമിയിലാണ് വിമാനത്താവളം. സ്ഥലപരിമിതിയാണ് വികസനത്തിനുള്ള പ്രധാന തടസം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |